ന്യൂദല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തീരുവ പ്രശ്നം രമ്യമായി പരിഹരിച്ച് അമേരിക്കയുമായുള്ള വ്യാപാരബന്ധം ശക്തമാക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയ്‌ക്ക് ലോകത്തിന് മുന്നില്‍ ശക്തമായ രാഷ്‌ട്രമായി നിലനില്‍ക്കാനാവും. അതിനുള്ള സമവായം കണ്ടെത്താന്‍ ഇന്ത്യ യുഎസുമായി തിരക്കിട്ട ചര്‍ച്ചകള്‍ നടത്തിവരികയാണ്.
ചൈന, യൂറോപ്യന്‍ രാജ്യങ്ങള്‍, യുകെ – ലോകത്തിലെ എല്ലാ രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് തീരുവ വന്‍തോതില്‍ ഉയര്‍ത്തിയ ട്രംപിന്റെ നടപടിക്കെതിരെ അമേരിക്കയുടെ ഉല്‍പന്നങ്ങള്‍ക്ക് അതുപോലെ തീരുവ ഉയര്ത്തി പകരം ചോദിച്ചിരിക്കുകയാണ് ഈ രാജ്യങ്ങള്‍. ഇതോടെ വ്യാപാരയുദ്ധത്തിന്റെ പിടിയില്‍പെട്ട് രാജ്യങ്ങള്‍ നട്ടം തിരിയുകയാണ്. ഇതിനിടയിലാണ് ട്രംപിന്റെ രോഷാകുലമായ തീരുവ ഉയര്‍ത്തല്‍ നടപടിയില്‍ നിന്നും രക്ഷനേടാന്‍ ഇന്ത്യയുടെ ശ്രമങ്ങള്‍. വ്യാപാര കരാര്‍ ചര്‍ച്ച ചെയ്യാന്‍ വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ യുഎസിലേക്ക് രണ്ട് തവണ പോയി.
ഇരുരാജ്യങ്ങളും തമ്മില്‍ തീരുവ കുറയ്‌ക്കുന്നതിനും പരസ്പരം വിപണി തുറന്നു കൊടുക്കുന്നതിനും ചര്‍ച്ചകള്‍ നടക്കുകയാണെന്ന് കേന്ദ്ര വാണിജ്യ സഹമന്ത്രി ജിതിന്‍ പ്രസാദ് പറയുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം 500 ബില്ല്യണ്‍ ഡോളര്‍ ആക്കി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. 2030 ഓടെ ഈ ലക്ഷ്യം കൈവരിക്കാനാണ് പദ്ധതി.
നിര്‍ണ്ണായകം ഏപ്രില്‍ 2
ലോകമാകെ ഏപ്രില്‍ രണ്ടിനെ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്. അന്നാണ് ട്രംപ് ലോകരാജ്യങ്ങള്‍ക്ക് നേരെ കൂടുതല്‍ തീരുവ ഏര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. അന്ന് ഇന്ത്യയ്‌ക്കെതിരെയും ട്രംപ് തീരുവ ഉയര്‍ത്തിയാല്‍ ഇന്ത്യയ്‌ക്കും അതേ നാണയത്തില്‍ തിരിച്ചടിക്കേണ്ടിവരും. ഏപ്രില്‍ 2 ന് മുമ്പ് ഇന്ത്യ അമേരിക്കക്കെതിരെ തീരുവ കുറയ്‌ക്കുമെന്നാണ് പ്രതീക്ഷയെന്നും അല്ലാത്ത പക്ഷം അതേ നിരക്കില്‍ ഇന്ത്യയ്‌ക്കെതിരെ തീരുവ ഏര്‍പ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. അതിനു മുന്‍പേ ഒരു സമവായത്തില്‍ ഇന്ത്യയ്‌ക്ക് എത്താന്‍ കഴിയുമോ? വളരെ ഉദ്വേഗജനകമായ ഒരു ദൗത്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ഇതിനിടെ വെനസ്വേലയില്‍ നിന്നും ഗ്യാസും ഓയിലും രഹസ്യമായി ഇന്ത്യ വാങ്ങിയത് ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ മാത്രം ഇന്ത്യയ്‌ക്കെതിരെ ഏപ്രില്‍ രണ്ടിന് 25 ശതമാനം താരിഫ് ചുമത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. 2.2 കോടി ബാരല്‍ എണ്ണയാണ് ഇന്ത്യ അന്ന് വെനസ്വേലയുടെ പക്കല്‍ നിന്നും വാങ്ങിയത്. ഇക്കൂട്ടത്തില്‍ റിലയന്‍സും വെനസ്വേലയുടെ കയ്യില്‍ നിന്നും ഗ്യാസും ഓയിലും അന്ന് വാങ്ങിയത്. റഷ്യ ഉക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ എണ്ണ വില പിടിച്ചുനിര്‍ത്താനായിരുന്നു മോദി സര്‍ക്കാരിന്റെ ശ്രമം. ഇതിനായി വില കുറച്ച് കിട്ടുന്ന എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയിരുന്നു.
യുഎസിന്റെ ഏഷ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള ട്രേഡ് അസിസ്റ്റന്‍റായ ബ്രെന്‍ഡന്‍ ലിഞ്ച് മാര്‍ച്ച് 25 മുതല്‍ 29 വരെ ഇന്ത്യയില്‍ വ്യാപാരചര്‍ച്ചകള്‍ നടത്തും. ഇതില്‍ ശുഭകരമായ തീരുമാനത്തിനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇന്ത്യയുടെ വിദേശകാര്യസെക്രട്ടറി വിക്രം മിസ്രിയുമായും ബ്രെന്‍ഡന്‍ ലിഞ്ച് വ്യാപാരചര്‍ച്ചകള്‍ നടത്തും. ഇന്ത്യയുടെ പല ഇറക്കുമതി തീരുവകളും വളരെ ഉയര്‍ന്നതാണെന്ന് ട്രംപ് കൂടെക്കൂടെ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. അമേരിക്കന്‍ വിസ്കിക്കും മറ്റും ഇന്ത്യ ഉയര്‍ന്ന തീരുവയാണ് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ മോദിയുടെ യുഎസ് സന്ദര്‍ശനവേളയില്‍ ബുര്‍ബോണ്‍ വിക്സിക്കും അമേരിക്കയില്‍ നിന്നുള്ള മോട്ടോര്‍ സൈക്കിളായ ഹാര്‍ളി ഡേവിഡ് സനും ചുമത്തിയിരുന്ന ഉയര്‍ന്ന തീരുവ വെട്ടിക്കുറയ്‌ക്കാമെന്ന് മോദി സമ്മതിച്ചിരുന്നു. അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കെമിക്കലുകള്‍, കാര്‍ഷികോല്‍പന്നങ്ങള്‍, ചില ഓട്ടോമൊബൈല്‍ ഉല്‍പന്നങ്ങള്‍ എന്നിവയ്‌ക്കും നികുതി കുറയ്‌ക്കാന്‍ ഇന്ത്യ ആലോചിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: