കിളിമാനൂര്‍: ലക്ഷങ്ങള്‍ മുടക്കി കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് അഞ്ചിടങ്ങളില്‍ സ്ഥാപിച്ച വാട്ടര്‍ എടിഎം പ്രവര്‍ത്തനരഹിതം. കുറഞ്ഞ ചെലവില്‍ കുടി വെള്ളം എന്ന ആശയവുമായി പൊതു ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച വാട്ടര്‍ എടിഎമ്മുകളാണ് ഉദ്ഘാടനം കഴിഞ്ഞതോടെ പ്രവര്‍ത്തനരഹിതമായത്. ഇത് സംബന്ധിച്ച് പഞ്ചായത്ത് അധികൃതര്‍ക്ക് അടക്കം പരാതി നല്‍കിയെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കുറഞ്ഞ ചെലവില്‍ പൊതുജനത്തിന് കുടിവെള്ളം ലഭ്യമാക്കുന്നതിന് വേണ്ടി കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2019 ല്‍ ആവിഷ്കരിച്ച പദ്ധതിയാണ് വാട്ടര്‍ എടിഎം. ഒരു രൂപയ്ക്ക് അര ലിറ്റര്‍ കുടിവെള്ളം നല്‍കുകയായിരുന്നു പദ്ധതിയുടെ ഉദ്ദേശം. ഇതിനായി 10 ലക്ഷത്തോളം രൂപയാണ് പൊടിച്ചത്.
പൊതുജനങ്ങള്‍ കൂടുതലെത്തുന്ന പ്രധാനപ്പെട്ട അഞ്ചിടങ്ങളില്‍ 10 ലക്ഷം രൂപ ചെലവഴിച്ചാണ് അക്വാസെക് എന്ന കമ്പനിയുടെ വാട്ടര്‍ എടിഎം സ്ഥാപിച്ചത്. 20 രൂപയ്ക്ക് 1 ലിറ്റര്‍ വെള്ളം കമ്പോളത്തില്‍ നിന്ന് വാങ്ങാന്‍ കഴിയുന്നിടത്ത് ഒരു രൂപയ്ക്ക് അര ലിറ്റര്‍ വെള്ളം ലഭിക്കുന്ന പദ്ധതി ജനങ്ങള്‍ക്ക് ആശ്വാസമാകുമെന്നും എടിഎമ്മില്‍ നാണയത്തുട്ട് നിക്ഷേപിച്ചാല്‍ ശുദ്ധീകരിച്ച കുടിവെള്ളം ടാപ്പിലൂടെ ലഭിക്കുമെന്നുമാണ് പ്രസിഡന്റടക്കം പറഞ്ഞത്.
ഒരു ലിറ്റര്‍, 5 ലിറ്റര്‍, 10 ലിറ്റര്‍ എന്നിങ്ങനെ കുടിവെള്ളം ലഭിക്കുമെന്നും പറഞ്ഞ് ആഘോഷത്തോടെ ഉദ്ഘാടനം നടത്തി. കരവാരം പഞ്ചായത്തില്‍ വഞ്ചിയൂര്‍ ജംഗ്ഷന്, നഗരൂര്‍ പഞ്ചായത്തിലെ കേശവപുരം സിഎച്ച്സി, പുളിമാത്ത് പഞ്ചായത്ത് ഓഫീസിന് മുന്‍വശം, പഴയകുന്നുമ്മേല്‍ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ്, പള്ളിക്കല്‍ ജംഗ്ഷന് എന്നിവിടങ്ങളിലായിരുന്നു വാട്ടര്‍ എടിഎം സ്ഥാപിച്ചത്. എന്നാല്‍ ഇവയുടെ പ്രവര്‍ത്തനം ദിവസങ്ങള്‍ക്കുള്ളില്‍ നിലച്ചു. പദ്ധതി നടത്തിപ്പിലെ പിടിപ്പുകേട് കാരണം ചുരുങ്ങിയ കാലയളവിനുള്ളില്‍ വാട്ടര്‍ എടിഎം കൗണ്ടറുകള്‍ നോക്കുകുത്തികളായി മാറി. വെള്ളം പ്രതീക്ഷിച്ച് നാണയം നിക്ഷേപിച്ചവരുടെ പണം പോയത് മാത്രം മിച്ചം. കുറഞ്ഞ വിലയില്‍ കുടിവെള്ളമെന്ന് കൊട്ടിഘോഷിച്ച പദ്ധതി മരണശയ്യയിലായിട്ട് ആറ് വര്‍ഷം കഴിഞ്ഞു. പഞ്ചായത്ത് അധികൃതരോ ജനപ്രതിനിധികളോ ഇവിടേക്ക് തിരിഞ്ഞ് നോക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. പദ്ധതിയിലൂടെ കമ്മീഷന് കൈക്കലാക്കുകയായിരുന്നോ ലഷ്യമെന്നാണ് നാട്ടുകാരുടെ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: