Palakkad

രാസലഹരിയുമായി അമ്മയും മകനുമുള്‍പ്പെടെ 4 പേര്‍ പിടിയില്‍

Published by

വാളയാര്‍: കാറില്‍ എംഡിഎംഎ കടത്തുന്നതിനിടയില്‍ അമ്മയും മകനുമുള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍. ഇന്നലെ രാത്രി 7 ഓടെ വാളയാര്‍ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വാഹന പരിശോധനയ്‌ക്കിടെയാണ് 12 ഗ്രാം എംഡിഎംഎയുമായി ഇവര്‍ പിടിയിലായത്.

തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അശ്വതി (36), മകന്‍ ഷോണ്‍സണ്ണി (21), അശ്വതിയുടെ സുഹൃത്തുക്കളായ കോഴിക്കോട് എലത്തൂര്‍ മുഖവൂര്‍ സ്വദേശി മൃദുല്‍ (29), അശ്വിന്‍ലാല്‍ (26) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ കാറില്‍ നിന്ന് മയക്കുമരുന്ന് ഗുളികളും സിറിഞ്ചുള്‍പ്പെടെയുള്ള സാധനങ്ങള്‍ കണ്ടെടുത്തതായി സൂചനയുണ്ട്.

മൃദുലും അശ്വിന്‍ലാലും ഐടി പ്രഫഷനലുകളാണ്. അശ്വതി ഉള്‍പ്പെട്ട സംഘം വര്‍ഷങ്ങളായി ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരാണെന്നാണ് എക്‌സൈസ് നല്‍കുന്ന വിവരം. ലഹരി വസ്തുക്കള്‍ ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടെത്തിച്ച് കോളജ് വിദ്യാര്‍ഥികള്‍ക്ക് ഇവര്‍ വില്‍പന നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ദേശീയപാതയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തുന്നത് കണ്ട ഉടന്‍ കാര്‍ അമിത വേഗത്തില്‍ പാഞ്ഞുപോവുകയായിരുന്നു. പിന്തുടര്‍ന്ന ഉദ്യോഗസ്ഥര്‍ ചന്ദ്രാപുരത്തുവച്ചാണ് ഇവരെ പിടികൂടിയത്.

വാളയാര്‍ എക്‌സൈസ് ചെക്‌പോസ്റ്റ് ഇന്‍സ്‌പെക്ടര്‍ എ. മുരുകദാസ്, അസി. ഇന്‍സ്‌പെക്ടര്‍ സി. മേഘനാഥ്, പ്രിവന്റീവ് ഓഫിസര്‍ കെ.വി. ദിനേഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ ആര്‍. പ്രശാന്ത്, കെ. ശരവണന്‍, എ. അജിത എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by