ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ വന്നിരിക്കുന്നതോടെ പാര്‍ട്ടിയുടെ സംഘടനാപരവും രാഷ്ട്രീയവുമായ മുന്നേറ്റത്തിന് പുതിയ വഴിതെളിക്കും. രാജ്യത്തെ പ്രമുഖ ടെക്നോക്രാറ്റും സംരംഭകനുമായ ഈ മലയാളിക്ക് രണ്ടു പതിറ്റാണ്ട് കാലത്തെ രാഷ്ട്രീയ പശ്ചാത്തലവും പാര്‍ലമെന്ററി അനുഭവങ്ങളുമുള്ളത് പുതിയ ദൗത്യ നിര്‍വഹണത്തെ സഹായിക്കും. പത്തു വര്‍ഷക്കാലം കര്‍ണാടകയില്‍ നിന്നുള്ള ബിജെപിയുടെ എംപി എന്ന നിലയ്ക്കും, രണ്ടാം മോദി സര്‍ക്കാരില്‍ സഹമന്ത്രി എന്ന നിലയ്ക്കും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ രാജീവ് ചന്ദ്രശേഖരന് കഴിഞ്ഞിരുന്നു.
ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂരിനെതിരെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രാജീവ് ചന്ദ്രശേഖര്‍ പരാജയപ്പെട്ടെങ്കിലും വിജയത്തോട് തൊട്ടു നില്ക്കുന്ന വോട്ടുകള്‍ നേടുകയുണ്ടായി. വളരെ കുറഞ്ഞ ഭൂരിപക്ഷത്തിനാണ് തരൂര്‍ പരാജയം ഒഴിവാക്കിയത്. തെരഞ്ഞെടുപ്പ് രംഗത്ത് എന്തൊക്കെ ചെയ്യണമെന്ന് ബോധ്യമുള്ള ആളാണ് താനെന്ന് ഇതിലൂടെ രാജീവ് ചന്ദ്രശേഖര്‍ തെളിയിച്ചു. പ്രൊഫഷണലായി കാര്യങ്ങള്‍ മനസ്സിലാക്കാനും, സഹപ്രവര്‍ത്തകരെ ഒപ്പം നിര്‍ത്താനും, പാര്‍ട്ടിയെ മുന്നോട്ട് നയിക്കാനും കേവലം ഒരു മാസംകൊണ്ട് കഴിഞ്ഞതിന്റെ തെളിവാണ് തിരുവനന്തപുരം മണ്ഡലത്തില്‍ പ്രതിഫലിച്ചത്.
ബിജെപിയെ സംബന്ധിച്ചിടത്തോളം കേരള രാഷ്ട്രീയം വഴിത്തിരിവിലാണ്. സിപിഎമ്മും കോണ്‍ഗ്രസ്സും നേതൃത്വം നല്കുന്ന ഇടതു-വലതു മുന്നണി രാഷ്ട്രീയത്തിന്റെ ചതുപ്പില്‍ താണുകൊണ്ടിരിക്കുന്ന ജനങ്ങളെ കൈപിടിച്ചുയര്‍ത്താനുള്ള ബാധ്യത ബിജെപിക്കുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയത്തെയും ജനക്ഷേമ പരിപാടികളെയും പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ കേരളത്തിലുണ്ട്. രാഷ്ട്രീയമായും സംഘടനാപരമായും ഇവരിലേക്ക് എത്തുകയെന്നത് വെല്ലുവിളിയായി ബിജെപി ഏറ്റെടുക്കേണ്ടതുണ്ട്. ഈ ദൗത്യത്തിന് നേതൃത്വം നല്‍കാനുള്ള കാഴ്ചപ്പാടും കരുത്തും രാജീവ് ചന്ദ്രശേഖറിനുണ്ട്.
കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ആവാത്ത പാര്‍ട്ടിയാണ് ബിജെപി എന്ന വിലയിരുത്തല്‍ എന്നേ കാലഹരണപ്പെട്ടു. നേമം നിയമസഭാ മണ്ഡലത്തിലും തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലും ജയിക്കാന്‍ കഴിഞ്ഞ ബിജെപിയുടെ പ്രതിനിധികള്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വന്‍തോതില്‍ ജയിച്ചു കയറുകയും ചെയ്യുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിരവധി മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാര്‍ത്ഥികളെ പിന്തള്ളി ബിജെപിയുടെ പ്രമുഖ നേതാക്കള്‍ രണ്ടാം സ്ഥാനത്തെത്തിയത് ഘടനാപരമായ ഒരു രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണ്. ഈ മാറ്റത്തെ ഉള്‍ക്കൊള്ളാനും, അതിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കാനും കഴിയണം. അധികം വൈകാതെ നടക്കാന്‍ പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും അഭൂതപൂര്‍വ്വമായ വിജയമാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
തെരഞ്ഞെടുപ്പുകളില്‍ ജയിക്കാന്‍ ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയും വലിയ വിഭവസമാഹരണം നടത്തേണ്ടതുണ്ട്. സാമൂഹ്യവും സാംസ്കാരികവുമായ വിഭവസമാഹരണവും ഇതിലുള്‍പ്പെടുന്നു. അവഗണിക്കപ്പെട്ടവരെയും അടിച്ചമര്‍ത്തപ്പെട്ടവരെയും ഒപ്പംനിര്‍ത്തി അവരുടെ വിശ്വാസ്യത നേടിയെടുക്കാന്‍ കഴിയണം. നീതിപൂര്‍വമായ പ്രാതിനിധ്യം എല്ലാവര്ക്കും ലഭിക്കണം. അഴിമതിയും സ്വജനപക്ഷപാതവും അക്രമങ്ങളും കൊടികുത്തിവാഴുന്ന ഇടതുപക്ഷ ഭരണത്തിന്റെ കെടുതികളില്‍ നിന്ന് കേരളത്തിലെ ജനങ്ങളെ രക്ഷിക്കാന്‍, സംസ്ഥാനതലത്തിലും ദേശീയതലത്തിലും സിപിഎമ്മുമായും പിണറായി സര്‍ക്കാരുമായും ഒത്തു കളിക്കുന്ന കോണ്‍ഗ്രസിന് കഴിയില്ല. ഗ്യാലറിക്കു വേണ്ടി സിപിഎം വിരോധം പറയുന്ന കോണ്‍ഗ്രസ് നേതാക്കളുടെ വഞ്ചനയില്‍ ജനങ്ങള്‍ കുടുങ്ങാതിരിക്കാന്‍ ബിജെപി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയപാര്‍ട്ടി എന്ന നിലയ്ക്കുള്ള വിജയം മാത്രമല്ല ഇനി ബിജെപി ലക്ഷ്യംവയ്ക്കേണ്ടത്. ബദല്‍ ഭരണത്തിലുള്ള കെല്‍പ്പ് തങ്ങള്‍ക്കുണ്ടെന്ന് തെളിയിക്കണം. എങ്കിലേ ജനവിശ്വാസം ആര്‍ജിക്കാന്‍ കഴിയൂ. വെറുമൊരു കക്ഷിരാഷ്ട്രീയക്കാരനല്ല രാജീവ് ചന്ദ്രശേഖര്‍. ഏഴു പതിറ്റാണ്ടിലെ ഇടതു-വലതു മുന്നണി ഭരണം കേരളത്തെ എല്ലാ മേഖലയിലും പിന്നോട്ടടിപ്പിച്ചതിനെക്കുറിച്ചും, വികസന കേരളത്തിനു വേണ്ടത് എന്തൊക്കെയെന്നും നന്നായറിയാവുന്ന ആളാണ്.
ആദര്‍ശത്തോട് പ്രതിബദ്ധതയും പ്രസ്ഥാനത്തോട് ആത്മാര്‍ത്ഥതയും ജനങ്ങളോട് വിധേയത്വവുമുള്ള രാഷ്ട്രീയ നേതൃത്വത്തിനേ വിജയിക്കാന്‍ കഴിയുകയുള്ളൂ. ചന്ദ്രശേഖറിന് ഇതുണ്ട്. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയെ തടയുന്നതില്‍ ശത്രുതാപരമായ മാധ്യമാന്തരീക്ഷം വലിയ തടസ്സമാണ്. രാജീവ് ചന്ദ്രശേഖര്‍ ആണ് ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനെന്ന സൂചന ലഭിച്ചപ്പോള്‍ത്തന്നെ ചില മാധ്യമങ്ങള്‍ ദുര്‍മുഖം കാണിക്കുകയുണ്ടായി. ഈ അന്തരീക്ഷത്തിന് മാറ്റം വരുത്താന്‍ മാധ്യമ രംഗത്തെ ദീര്‍ഘകാലമായുള്ള അനുഭവസമ്പത്ത് ചന്ദ്രശേഖറിന് തുണയാകുമെന്ന് കരുതാം. താമരയാണല്ലോ ബിജെപിയുടെ ചിഹ്നം. സ്വന്തം പേരില്‍ത്തന്നെ അതുള്ള രാജീവ് ചന്ദ്രശേഖറിന് ബിജെപിയെ ഒറ്റക്കെട്ടാക്കി നിര്‍ത്തി ജനവിശ്വാസമാര്‍ജിച്ച് പാര്‍ട്ടിയെ വിജയത്തിലേക്കും, കേരളത്തെ വികസനത്തിലേക്കും നയിക്കാന്‍ കഴിയട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: