പത്തനംതിട്ട: കൊവിഡ് മഹാമാരി മൂലം അനാഥരായ കുട്ടികള്‍ക്ക് സഹായം നല്കാന് 2024-25 ബജറ്റില്‍ വകകൊള്ളിച്ച തുക വെട്ടിക്കുറച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉത്തരവിറക്കി. ഒരു കോടി രൂപയായിരുന്ന ബജറ്റ് വിഹിതം 48 ലക്ഷം രൂപയായാണ് കുറച്ചത്. കുറച്ച തുകയുടെ പകുതിപോലും നാളിതുവരെ വിതരണം ചെയ്തിട്ടുമില്ല. വനിതകളുടെ വിഹിതവും വനിതാ ശിശു വികസന വകുപ്പ് വെട്ടിക്കുറച്ചിട്ടുണ്ട്. ഈ ഇനത്തില്‍ നടപ്പുസാമ്പത്തിക വര്‍ഷം 193.3 കോടി രൂപയാണ് വക കൊള്ളിച്ചത്. അതില്‍ 77.28 കോടി രൂപയാണ് വെട്ടിക്കുറച്ചത്.
കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് സാമൂഹിക, മനഃശാസ്ത്ര സേവനങ്ങള്‍ ലഭ്യമാക്കാന്‍ 51 കോടി രൂപ നീക്കിവെച്ചിരുന്നത് 26 കോടി രൂപയായി കുറച്ചു. നിര്‍ഭയ ഹോമുകളുടെ നിര്‍മാണത്തിന് ഒന്നരക്കോടി അനുവദിച്ചത് പൂര്‍ണമായും ഒഴിവാക്കി.
അക്രമങ്ങളില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്കുള്ള ആശ്വാസനിധി മൂന്ന് കോടിയില്‍ നിന്നും നേര്‍പകുതിയാക്കി. എന്റെ കൂട്- അഗതികള്‍ക്കുള്ള രക്ഷാകേന്ദ്രത്തിന്റെ വിഹിതം 60 ലക്ഷത്തില്‍ നിന്ന് 43 ലക്ഷമാക്കി. അങ്കണവാടി കുട്ടികള്‍ക്കു മുട്ടയും പാലും നല്കുന്നതി
ന് 61 കോടി ഉണ്ടായിരുന്നത് 32 കോടിയായി കുറച്ചു.
കാവല്‍, കരുതല്‍, ശരണബാല്യം ഭദ്രം, മാര്ഗജ്യോതി പദ്ധതി തുക ഒന്‍പതില്‍ നിന്ന് ഏഴു കോടിയായും പ്രസവാനുകൂല്യം രണ്ടരക്കോടി ആയിരുന്നത് 56 ലക്ഷം ആക്കിയും കുത്തനെ കുറച്ചു. നിര്‍ഭയ പദ്ധതികള്‍ക്കായി 10 കോടി അനുവദിച്ചതില്‍ ഒരു കോടിയുടെ കുറവു വരുത്തി. വനിതാ ശിശു വികസന ഡയറക്ടറേറ്റാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിന് പ്രത്യേകിച്ച് കാരണമൊന്നും വ്യക്തമാക്കിയിട്ടുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: