ബെംഗളൂരു: ബന്ദിപ്പുരിലെ രാത്രി യാത്ര നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം പിൻവലിച്ച് കർണാടക. ബന്ദിപ്പൂരിൽ സമ്പൂർണ യാത്ര നിരോധനം വേണമെന്ന സത്യവാങ്മൂലമാണ് പിൻവലിച്ചത്. രാത്രിയാത്ര നിരോധന വിഷയത്തിൽ സർക്കാർ അറിയാതെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും ബന്ദിപ്പുർ കടുവ സങ്കേതം ഡയറക്ടറും സത്യവാങ്മൂലം സമർപ്പിച്ചതെന്ന് വകുപ്പ് മന്ത്രി ഈശ്വർ ഖന്ധ്രെ പറഞ്ഞു.
ദേശീയ പാത 766 പൂർണമായും അടച്ചിട്ട് പകരമായി കുട്ട-മാനന്തവാടി റോഡ് നവീകരിക്കുമെനന്നായിരുന്നു കർണാടക നൽകിയ സത്യവാങ്മൂലം. എന്നാൽ ഇതിൽ സാങ്കേതിക പിഴവുണ്ടെന്നു ചൂണ്ടിക്കാട്ടി കർണാടക സുപ്രീം കോടതി രജിസ്ട്രാർക്ക് കത്തെഴുതുകയായിരുന്നു. ഇതേതുടർന്ന് പുതിയ സത്യവാങ്മൂലം കോടതിയിൽ സമർപ്പിക്കുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ അയൽസംസ്ഥാനങ്ങളായ കേരളവും കർണാടകയും ഒരുപോലെ ബാധിക്കപ്പെടുമെന്നതിനാൽ വിശദ ചർച്ചകൾക്ക് ശേഷമേ തുടർനടപടികൾ ഉണ്ടാവുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു.
യാത്രാനിരോധനമുള്ള രാത്രി 9 മുതൽ രാവിലെ 6 വരെ 16 ട്രാൻസ്പോർട്ട് ബസുകൾക്കാണ് സർവീസ് നടത്താൻ അനുമതിയുള്ളത്. ഈ ബസുകളിൽ 60 ശതമാനം സീറ്റുകളിൽ മാത്രമാണ് യാത്രക്കാർ ഉള്ളതെന്നായിരുന്നു കർണാടക സത്യവാങ്മൂലത്തിൽ ചൂണ്ടിക്കട്ടിയത്. ഇതിന് ബദലായി കുട്ട–ഗോണിക്കുപ്പ വഴിയുള്ള സംസ്ഥാന ഹൈവേ നവീകരിച്ചിട്ടുണ്ടെന്നും രാത്രിയും പകലും ഇതുവഴി പോകാമെന്നുമാണ് സത്യവാങ്മൂലത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: