തിരുവനന്തപുരം: ശിശുക്ഷേമ സമിതിയില്‍ പിഞ്ചു കുഞ്ഞുങ്ങളുടെ മരണം അധികൃതരുടെ അനാസ്ഥമൂലമെന്ന് ആരോപണം. മാസങ്ങള്‍ മാത്രം പ്രായമുള്ള രണ്ടു കുഞ്ഞുങ്ങളാണ് ഒരു മാസത്തിനുള്ളില്‍ ശിശുക്ഷേമ സമിതിയില്‍ മരണപ്പെട്ടത്. കുട്ടികള്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ലെന്നാണ് പ്രധാന ആരോപണം. കുഞ്ഞുങ്ങള്‍ മരിച്ചത് ആരോഗ്യ പ്രശ്നങ്ങള്‍ മൂലമാണെന്ന് അധികൃതര്‍ പറയുമ്പോഴും ഇതേക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്തു വിടാന്‍ സമിതി അധികൃതര്‍ തയ്യാറായിട്ടില്ല.
കഴിഞ്ഞ മാസം 28നാണ് ആദ്യ ശശുമരണം ഉണ്ടായത്. പനിയെ തുടര്‍ന്ന് കുഞ്ഞ് മരിച്ചെന്നായിരുന്നു അധികൃതര്‍ ആദ്യം അറിയിച്ചത്. ഇപ്പോള്‍ പറയുന്നത് ഹൃദ്രോഗത്തെ തുടര്‍ന്നാണെന്നാണ്. എന്നാല്‍ കുഞ്ഞിന്റെ മരണം ശ്വാസകോശത്തില്‍ പാല് കുടുങ്ങിയെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. മരണം സംഭവിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നാണ് അധികൃതര്‍ നല്കുന്ന വിവരം. ഇതിലും ദുരൂഹത ഉയരുന്നുണ്ട്. സമാനമായ രീതിയിലാണ് രണ്ടാമത്തെ മരണവും. ശനിയാഴ്ച രാവിലെ ആറരയോടെ ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആറുമാസം പ്രായമുള്ള കുഞ്ഞിനെ എസ്എടിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ 9.30ഓടെ കുഞ്ഞുമരിച്ചു. പനിയെതുടര്‍ന്ന് ഈ കുഞ്ഞ് ഫെബ്രുവരി 22മുതല്‍ മാര്‍ച്ച് ഏഴുവരെ ചികിത്സയിലായിരുന്നു. അതനുശേഷവും കുഞ്ഞിന് പനിവന്നപ്പോള്‍ ഡോക്ടറെ കാണിച്ചിരുന്നു. എന്നാല്‍ ശനിയാഴ്ച രാവിലെ ശ്വാസ തടസ്സം അനുഭപ്പെടുകയായിരുന്നു.
മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തില്‍ ആയമാര്‍ മുറിവേല്‍പ്പിച്ച സംഭവം വലിയ വിവാദമായിരുന്നു. രണ്ടര വയസ്സുകാരിയെ മുറിവേല്‍പ്പിച്ച സംഭവത്തില്‍ 3 ആയമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. കുഞ്ഞിനെ ഉപദ്രവിച്ചതിനും ഇക്കാര്യങ്ങള്‍ മറച്ചു വച്ചതിനുമാണ് കേസ്. സംഭവമുണ്ടായപ്പോള്‍, മുറിവുകള്‍ സാരമുള്ളതല്ലെന്നും നഖം കൊണ്ട് നുള്ളിയ പാടുകള്‍ മാത്രമാണ് കുഞ്ഞിന്റെ ശരീരത്തില്‍ ഉള്ളതെന്നുമാണ് സമിതി ഭാരവാഹി പറഞ്ഞത്. ഇതിലെ വൈരുധ്യങ്ങള്‍ സംശയത്തിനിടയാക്കിയിരുന്നു. തുടര്‍ച്ചയായ ശിശുമരണങ്ങളും കുട്ടികളെ ഉപദ്രവിച്ചതിന്റെ പേരിലുള്ള വിവാദങ്ങളും ശിശുക്ഷേമ സമിതിയെ വീണ്ടും മുന്‍മുനയിലാക്കിയിട്ടുണ്ട്. ശിശുക്ഷേമ സമിതിയിലെ രാഷ്ട്രീയ നിയമനങ്ങളും സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്.
കഴിഞ്ഞ മാസം ശിശുക്ഷേമ സമിതിയിലെ ഇരുപതോളം കുട്ടികള്‍ക്ക് മുണ്ടിനീര് ബാധിച്ചിരുന്നു. പിന്നീട് കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധ കുത്തിവെയ്പ് നല്കി. 20 കുട്ടികള്‍ക്കായിരുന്നു രോഗബാധയുണ്ടായത്. അതും നിസാരവല്‍ക്കരിക്കാനാണ് അധികൃതര്‍ ശ്രമിച്ചത്. അസ്വാഭാവിക മരണങ്ങളുണ്ടാകുമ്പോള്‍ സംഭവത്തെ നിസ്സാരവല്‍ക്കരിക്കുകയും വിവരങ്ങള്‍ ഒളിപ്പിച്ചു വയ്ക്കാനുമാണ് അധികൃതര്‍ ശ്രമിക്കുന്നതെന്നും ആക്ഷേപം ശക്തമാണ്.
അതിനിടെ ശിശുക്ഷേമ സമിതിയിലെ ആറ് കുഞ്ഞുങ്ങളെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ജലദോഷവും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുഞ്ഞുങ്ങളെ ഇന്നലെ എസ്എടിയില്‍ അഡ്മിറ്റ് ചെയ്തത്. രണ്ട് കുഞ്ഞുങ്ങള്‍ക്ക് ശ്വാസതടസവും അനുഭവപ്പെടുന്നുണ്ട്. അഞ്ചുമാസം മുതല്‍ ഒന്നരവയസുവരെയുള്ള കുഞ്ഞുങ്ങളെയാണ് അഡ്മിറ്റ് ചെയ്തത്. കുഞ്ഞുങ്ങളുടെ ആരോഗ്യനില തൃപ്തികരമാണെന്നും പകര്‍ച്ചവ്യാധിയാണോ എന്നറിയാന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: