തിരുവനന്തപുരം: അമേരിക്കയില്‍ ഐ.ടി എഞ്ചിനീയറായി തുടങ്ങി ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം വരെ എത്തിനില്‍ക്കുന്ന അനുഭവ സമ്പന്നമായ യാത്രയാണ് രാജീവ് ചന്ദ്രശേഖറെന്ന ടെക്‌നോക്രാറ്റിക് പൊളിറ്റീഷ്യനെ വേറിട്ടുനിര്‍ത്തുന്നത്. കേന്ദ്രമന്ത്രിപദത്തിലേക്കെത്തിയതും പിന്നീട് തിരുവനന്തപുരത്ത് ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ നിയോഗിക്കപ്പെട്ടതും ദേശീയ വക്താവെന്ന നിലയില്‍ മാധ്യമങ്ങളുടെ ചുമതലയും അടക്കം ബിജെപി നല്‍കിയ ദൗത്യങ്ങളെല്ലാം മികച്ച നിലയില്‍ പൂര്‍ത്തിയാക്കിയാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷ പദത്തിലേക്കെത്തുന്നത്.
1964 മെയ് 31 ഗുജറാത്തിലെ അഹമ്മദാബാദില്‍ ജനനം. എയര്‍ഫോഴ്‌സിലെ എയര്‍ കമ്മഡോര്‍ ആയിരുന്ന തൃശ്ശൂര്‍ ദേശമംഗലം സ്വദേശി എം.കെ. ചന്ദ്രശേഖറിന്റെയും ആനന്ദവല്ലി അമ്മയുടെയും മകന്‍. മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം. ചിക്കാഗോയിലെ ഇല്ലിനോയിസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അഡ്വാന്‍സ് മാനേജ്‌മെന്റ് പ്രോഗ്രാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 1988 മുതല്‍ 1991 വരെ അമേരിക്കയിലെ ഇന്റല്‍ കമ്പ്യൂട്ടര്‍ കമ്പനിയില്‍ കമ്പ്യൂട്ടറിന്റെ ചിപ്പ് പ്രൊസസര്‍ നിര്‍മ്മിക്കുന്ന ഐ.ടി ഉദ്യോഗസ്ഥനായി ജോലി നോക്കി.
1991ല്‍ ബിപിഎല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ടിപിജി നമ്പ്യാരുടെ മകള്‍ അഞ്ജുവിനെ വിവാഹം ചെയ്തു. 1991ല്‍ ബിപിഎല്‍ കമ്പനിയില്‍ ചേര്‍ന്ന് 1994ല്‍ ബിപിഎല്ലിന്റെ തന്നെ മൊബൈല്‍ ഫോണ്‍ കമ്പനി രൂപീകരിച്ചു. രാജീവ് ചന്ദ്രശേഖര്‍ സ്ഥാപിച്ച ബിപിഎല്‍ മൊബൈല്‍ കമ്പനി പിന്നീട് മറ്റൊരു കമ്പനിയില്‍ ലയിച്ചു. 2005ല്‍ രാജീവ് ചന്ദ്രശേഖര്‍ ജുപ്പീറ്റര്‍ ഫിനാഷ്യല്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി തുടങ്ങി.
2013 ല്‍ ബെല്‍ഗാമിലെ വിശ്വേശ്വരയ്യ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചിട്ടുണ്ട്. ഇന്ത്യ ടുഡേ മാഗസിന്‍ 2017 ല്‍ തെരഞ്ഞെടുത്ത രാജ്യത്തെ ഏറ്റവും ശക്തരായ വ്യക്തികളുടെ പട്ടികയില്‍ 41ാം സ്ഥാനം രാജീവ് ചന്ദ്രശേഖറിനായിരുന്നു. സായുധ സേനയ്‌ക്കും വെറ്ററന്‍സിനും വേണ്ടി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് കരസേനയുടെ വെസ്‌റ്റേണ്‍ കമാന്‍ഡ് ജിഒസിഇന്‍ കമന്‍ഡേഷന്‍ അദ്ദേഹത്തെ ആദരിച്ചു.
2006ല്‍ കര്‍ണാടകയില്‍ നിന്ന് ബിജെപി സ്വതന്ത്രനായി രാജ്യസഭാംഗമായ അദ്ദേഹം പിന്നീട് രണ്ട് തവണ കൂടി രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2006 മുതല്‍ 2024 വരെയുള്ള പതിനെട്ട് വര്‍ഷം ബിജെപി ടിക്കറ്റില്‍ രാജ്യസഭാംഗമായിരുന്ന രാജീവ് 2021 മുതല്‍ 2024 വരെ രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിലെ സംസ്ഥാന ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയായി. നൈപുണ്യവികസന സംരംഭകത്വം, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പുകളുടെ സഹമന്ത്രിയായി രാജീവ് ചന്ദ്രശേഖര്‍ മികച്ച പ്രവര്‍ത്തനം നടത്തി. ബിജെപിയുടെ ദേശീയ വക്താവ്, എന്‍ഡിഎയുടെ കേരള ഘടകം വൈസ് ചെയര്‍മാന്‍ എന്നീ ചുമതലകളില്‍ പ്രവര്‍ത്തിച്ചു. 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. ശശിതരൂരിനോട് ചെറിയ മാര്‍ജിനിലാണ് അദ്ദേഹം പരാജയപ്പെട്ടത്.
തൃശൂര്‍ ജില്ലയിലെ ദേശമംഗലം പഞ്ചായത്തിലെ കൊണ്ടയൂരാണ് രാജീവ് ചന്ദ്രശേഖറിന്റെ വീട്. വേദ്, ദേവിക എന്നിവര്‍ മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: