മുംബൈ: മുംബൈയില്‍നിന്ന് മംഗളൂരുവിലേക്ക് വന്ദേഭാരത് തീവണ്ടി വരുന്നു. മംഗളൂരു-ഗോവ വന്ദേഭാരതിനെയും 70 ശതമാനത്തോളം യാത്രക്കാരുമായി ഓടുന്ന മുംബൈ-ഗോവ വന്ദേഭാരതിനെയും ഒന്നിപ്പിച്ച് മുംബൈയില്‍നിന്ന് മംഗളൂരുവിലേക്ക് ഓടിക്കാനാണ് റെയില്‍വേ ഒരുങ്ങുന്നത്.ഇത് സാധ്യമാകുന്നതോടെ മുംബൈയില്‍നിന്ന് ഏകദേശം 12 മണിക്കൂറിനുള്ളില്‍ യാത്രക്കാർക്ക് മംഗളൂരുവിലെത്താം.യാത്രക്കാർ ഏറ്റവും കുറവുള്ള വന്ദേഭാരതുകളില്‍ ഒന്നാണ് മംഗളൂരു-ഗോവ റൂട്ടില്‍ ഓടുന്നത്.
40 ശതമാനത്തില്‍ കുറവ് യാത്രക്കാരുള്ള ഈ വണ്ടി കോഴിക്കോട്ടേക്ക് നീട്ടാൻ റെയില്‍വേ ആലോചിച്ചിരുന്നെങ്കിലും കർണാടകയിലെ രാഷ്ട്രീയനേതാക്കളുടെ എതിർപ്പിനെത്തുടർന്ന് നടന്നില്ല. ഏകദേശം നാലരമണിക്കൂറിനുള്ളില്‍ ഈ വണ്ടി മംഗളൂരുവില്‍നിന്ന് ഗോവയിലെത്തുന്നുണ്ട്.മുംബൈ-ഗോവ വന്ദേഭാരതില്‍ തുടക്കത്തില്‍ 90 ശതമാനത്തോളം യാത്രക്കാരുണ്ടായിരുന്നെങ്കിലും പിന്നീടത് കുറഞ്ഞു. നിലവില്‍ 70 ശതമാനത്തോളം യാത്രക്കാരാണ് ഇതിലുള്ളത്. ഈ രണ്ടുവണ്ടിയും ഒന്നാക്കി മുംബൈയില്‍നിന്ന് മംഗളൂരുവിലേക്ക് ഓടിക്കുന്നതോടെ യാത്രക്കാർ 100 ശതമാനത്തിലേക്ക് ഉയരുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.
മുംബൈയില്‍നിന്ന് മംഗളൂരുവിലേക്കും കേരളത്തിലേക്കും ഓടുന്ന മുഴുവൻ വണ്ടികളിലും 100 ശതമാനം യാത്രക്കാരുണ്ട്. അതിനാല്‍, മുംബൈ-മംഗളൂരു വന്ദേഭാരതിലും യാത്രക്കാരെ കിട്ടുമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍. മുംബൈയില്‍നിന്ന് രാവിലെ 5.25-നാണ് ഗോവയിലേക്കുള്ള വന്ദേഭാരത് പുറപ്പെടുന്നത്.ഉച്ചയ്ക്ക് 1.10-ന് ഗോവയിലെത്തും. ഈ വണ്ടിയെ വൈകീട്ട് ആറോടെ മംഗളൂരുവിലേക്കെത്തിക്കാനാണ് ആലോചന. മംഗളൂരുവില്‍നിന്ന് ഗോവയിലേക്കുള്ള വന്ദേഭാരത് പുറപ്പെടുന്നത് രാവിലെ 8.30-നാണ്. ഗോവയില്‍ ഉച്ചയ്ക്ക് 1.10-ന് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: