ഗംഗയും യമുനയും സരസ്വതിയും സംഗമിക്കുന്ന തീര്‍ത്ഥരാജാവായ പ്രയാഗ്‌രാജില്‍ 144 വര്‍ഷങ്ങള്‍ക്കു ശേഷമെത്തിയ പുണ്യമുഹൂര്‍ത്തം, മഹാകുംഭമേളയില്‍ പങ്കാളിയായി ത്രിവേണി സംഗമസ്‌നാനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഏറെ ആകര്‍ഷിച്ച നേത്രകുംഭയില്‍ എത്തിച്ചേര്‍ന്നത്. വിശാലമായ ഗംഗാ തീരത്തെ ഇരുപതിനായിരം ഹെക്ടറിനെ ഇരുപത് മേഖലകളാക്കി വിസ്മയം തീര്‍ത്ത മഹാകുംഭമേളയ്‌ക്ക് വേണ്ടി യുപി സര്‍ക്കാര്‍ അണിയിച്ചൊരുക്കിയ മൈതാനത്തിലെ സെക്ടര്‍ ആറില്‍ നടന്ന നേത്രകുംഭ സേവനത്തിന്റെ പാതയില്‍ അശരണര്‍ക്കായി സംഘടിപ്പിച്ച മറ്റൊരു കുംഭമേളയായി മാറി.
ഭാരതത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തിയ തീര്‍ത്ഥാടകര്‍ ത്രിവേണിയില്‍ സ്‌നാനം ചെയ്ത് സെക്ടര്‍ ആറ് വഴി തിരികെ പോകുമ്പോള്‍ നേത്രകുംഭയില്‍ കയറി വിശദാംശങ്ങള്‍ തേടുന്നതും അവരെ അനുഗമിച്ചും അവര്‍ക്ക് വഴികാട്ടിയായും പോലീസുകാരടക്കം കാണിച്ച ഉത്സാഹവും നേത്രകുംഭയ്‌ക്ക് കിട്ടുന്ന അംഗീകാരമായിരുന്നു. സെക്ടര്‍ ആറില്‍ ഒമ്പത് ഏക്കറിലായിരുന്നു നേത്രകുംഭയുടെ പന്തല്‍ ഉയര്‍ന്നത്. ഏഷ്യയിലെ ഏറ്റവും വലിയ നേത്ര പരിശോധനാ സംരംഭമായി മാറിയ നേത്രകുംഭയുടെ സംഘാടകര്‍ ആര്‍എസ്എസിന്റ പരിവാര്‍ പ്രസ്ഥാനമായ സക്ഷമയാണ്. 2019-ലെ കുംഭമേളയോടെ ആരംഭം കുറിച്ച ഈ ബൃഹത്‌സംരംഭത്തില്‍ കൂടുതല്‍ സൗകര്യങ്ങളും നൂതന സാങ്കേതിക സജ്ജീകരണങ്ങളും ഇപ്രാവശ്യം തയ്യാറാക്കിയതിനാല്‍ ഉത്ഘാടനദിനമായ ജനുവരി 12 മുതല്‍ 53 ദിവസം പരിശോധനയ്‌ക്കായി എത്തിയത് പതിനായിരങ്ങളാണ്.
ഭാഗ്യമെന്നു പറയട്ടെ സംഘാടകരോടൊപ്പം നാല് ദിവസങ്ങള്‍ നേത്രകംഭയില്‍ കഴിയാന്‍ എനിക്കും അവസരമുണ്ടായി. ആസൂത്രണത്തിന്റെ മികവും സംഘടനാപരമായ ദിശാബോധവും സംയോജിച്ചൊരുക്കിയ ഈ മഹായജ്ഞത്തില്‍ രാവിലെ 8 മണി മുതല്‍ രാത്രി 8 മണിവരെ പരിശോധനയ്‌ക്കായി കാത്തുനിന്ന ആയിരക്കണക്കിനാളുകളുടെ നീണ്ട നിര പതിവ് കാഴ്ചയായിരുന്നു. പരാതിയും പരിഭവവും ആര്‍ക്കും ഉണ്ടായിരുന്നില്ല. എല്ലാം നിശ്ചയിച്ച ആസൂത്രണത്തോടെ കൃത്യമായി നടന്നു. ഭാരതത്തിന്റെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളില്‍നിന്നും എത്തിയ സക്ഷമയുടെ പ്രവര്‍ത്തകര്‍ നിതാന്ത ജാഗ്രതയോടെ നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിച്ച് പരിശോധനക്കെത്തുന്നവര്‍ക്ക് സഹായം ചെയ്തു. വര്‍ഷകാലത്ത് ഗംഗാനദി ഒഴുകുന്ന മണല്‍തിട്ടയില്‍ നിര്‍മ്മിച്ച ഒമ്പത് ഏക്കറിലെ നേത്രകുംഭയുടെ താല്‍ക്കാലികപന്തലില്‍ കുടിവെള്ളം മുതല്‍ എല്ലാ സജ്ജീകരണങ്ങള്‍ക്കും പ്രത്യേക ഡിപ്പാര്‍ട്ടുമെന്റുകള്‍ സജീവമായി പ്രവര്‍ത്തിച്ചു.
പ്രവര്‍ത്തനം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്ത സക്ഷമയുടെ വളണ്ടിയര്‍മാരും നേത്രരോഗവിദഗ്ധരും അശ്രാന്ത പരിശ്രമത്തിലായിരുന്നു. ഭാരതത്തിന്റെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളില്‍നിന്നും എത്തിയ 343 ഡോക്ടര്‍മാരുടെ സേവന ഇന്‍ചാര്‍ജ്ജായി പ്രവര്‍ത്തിച്ചത് പന്തളം സ്വദേശിനിയും ആര്‍മിയില്‍നിന്നു വിരമിച്ച് രാജസ്ഥാനില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന ഡോ. ഷോബി സുഗുതന്‍ ആയിരുന്നു. സംഘടനാ പ്രവര്‍ത്തനത്തില്‍ ആദ്യമായി പങ്കാളിയായ ഡോ. ഷോബി സുഗതന്‍ നേത്രകുംഭയുടെ സംഘടനാ ആസൂത്രണം അനുഭവിച്ച് ആശ്ചര്യപ്പെട്ടു. അവരുടെ വാക്കുകള്‍ ഏറെ അഭിമാനത്തോടെയാണ് ഞാന്‍ ശ്രവിച്ചത്.
അവര്‍ പറഞ്ഞു: ”ഇത്ര ഗംഭീരമായി ഈ മഹാസംരംഭം നടത്താന്‍ മഹത്തായ ഒരു സംഘടനയ്‌ക്ക് മാത്രമേ കഴിയൂ. എനിക്ക് സംഘടനാപരമായി ഇതുവരെ യാതൊരു ബന്ധവുമില്ലെങ്കിലും ഞാന്‍ ആര്‍എസ്എസ്സിനെ ഇപ്പോള്‍ പ്രശംസിക്കുന്നു. ആര്‍എസ്എസ്സിനു മാത്രമേ ഇത്തരത്തിലുള്ള സേവനം ചെയ്യാന്‍ കഴിയൂ. സക്ഷമയുമായി കൂടുതല്‍ സഹകരിക്കണമെന്ന് ഇപ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നു.”
കേരളത്തില്‍ നിന്ന് 12 ഡോക്ടര്‍മാരും 10 സക്ഷമ വാളണ്ടിയര്‍മാരും നേത്രകുംഭയുടെ ഭാഗമായി മുഴുവന്‍ സമയം സേവനം ചെയ്തു. അമൃത മെഡിക്കല്‍ സയന്‍സസിലെ ഡോ. ഗോപാലിന്റെയും ഡോ. അനില്‍കൃഷ്ണന്റെയും നേതൃത്വത്തിലായിരുന്നു കേരളത്തില്‍ നിന്നെത്തിയ സംഘം. ജനുവരി 12നാരംഭിച്ച നേത്രകുംഭ ഫെബ്രുവരി 26-ന് സമാപിക്കുമ്പോള്‍ 2,37,964 രോഗികളെ പരിശോധിക്കുകയും 1,63,612 ആളുകള്‍ക്ക് കണ്ണടകള്‍ വിതരണം ചെയ്യുകയുമുണ്ടായി. പരിശോധനയുടെ ഭാഗമായി ലഭിക്കുന്ന കണ്ണടയുടേയും ഗ്ലാസിന്റേയും അളവിനനുസരിച്ച് എല്ലാ രോഗികള്‍ക്കും ഉടന്‍ കണ്ണടയും ഗ്ലാസ്സും തയ്യാറാക്കുന്ന കണ്ണട ഫിറ്റിങ് ഫാക്ടറി 489 ഒപ്ടീഷ്യന്‍മാരുടെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നു. ഡോക്ടുടെ പ്രിസ്‌ക്രിപ്ഷന്‍ കിട്ടിയ ഒരാള്‍ക്കുപോലും കണ്ണടയും മരുന്നും ഇല്ലാതെ മടങ്ങിപ്പോരേണ്ടി വന്നില്ല എന്നതും ഏറേ ശ്രദ്ധേയമാണ്.
ഡോക്ടര്‍മാരുടെ സേവനമാണ് ഏറെ പ്രശംസിക്കപ്പെടേണ്ടത്. ഭാരതത്തിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളില്‍ നിന്നും പത്ത് ദിവസത്തെ സേവനത്തിനായി ഏത്തിച്ചേര്‍ന്നത് 343 നേത്രരോഗവിദഗ്ധരാണ്. അവരെല്ലാം സ്വന്തം ആശുപത്രികള്‍ പൂട്ടിയിട്ടും പകരം ഡോക്ടര്‍മാരെ ഏല്‍പ്പിച്ചുമാണ് നേത്രകുംഭയില്‍ സേവനത്തിനെത്തിച്ചേര്‍ന്നത്. പലരെയും പരിചയപ്പെടാന്‍ അവസരം കിട്ടിയെങ്കിലും മണിപ്പൂരില്‍ നിന്നെത്തിയ ഡോ. വിക്രമും, ഡോ. ചേതകുമായിട്ടാണ് ഞാന്‍ കൂടുതല്‍ ഇടപഴകിയത്. സംഘത്തിന്റെയും സക്ഷമയുടെയും പ്രവര്‍ത്തനങ്ങളെ ഏറെ ശ്ലാഘിച്ച ഇവര്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പലതും ഇന്ന് ഭാരതത്തോടൊപ്പം നിലനില്‍ക്കുന്നത് സംഘപ്രവര്‍ത്തനത്തിന്റെ സേവന ഫലമായിട്ടാണൊണ് പറഞ്ഞത്.
മഹാകുംഭമേള ലോകാത്ഭുതമായപ്പോള്‍ ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് നേത്രപരിശോധനയും കണ്ണടയും മരുന്നും തുടര്‍ ചികിത്സയും സൗജന്യമായിനല്‍കിയ നേത്രകുംഭ മറ്റൊരത്ഭുതമായി മാറി. കുംഭമേളയ്‌ക്കെത്തിയ പതിനേഴ് വിദേശരാജ്യങ്ങളിലെ പ്രതിനിധികള്‍ക്കും നേത്രകുംഭയില്‍ നിന്ന് സൗജന്യ സേവനം ലഭിച്ചു. ആര്‍എസ്എസ് പ്രചാരകനും നേത്രകുംഭയുടെ സംഘാടകനുമായ സക്ഷമ ദേശീയ സംഘടനാ സെക്രട്ടറി ചന്ദ്രശേഖരനും ജന. സെക്രട്ടറി അഡ്വ. ഉമേഷ് അന്ധാരയുമടക്കം സക്ഷമയുടെ ദേശീയ സംസ്ഥാന സംഘടനാ ഭാരവാഹികള്‍ നേത്രകുംഭയുടെ സംഘടനാ ദൗത്യത്തില്‍ സജീവ പങ്കാളികളായിരുന്നു. പാപങ്ങള്‍ കഴുകി പുനര്‍ജന്മം നേടാനുള്ള പുണ്യസ്‌നാനം ത്രിവേണീ സംഗമത്തില്‍ നടക്കുമ്പോള്‍ ആതുരസേവനത്തിലൂടെ ഈ ജന്മത്തിലെ പുണ്യകര്‍മ്മമാണ് നേത്രകുംഭയില്‍ നടന്നത് എന്ന് അഭിമാനത്തോടെ തന്നെ പറയാം.
(ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: