ഏതുകാലത്തും ലോകത്തെ ഏതു ഭാഗത്തുമുള്ള പണ്ഡിതന്മാരും നീതി ശാസ്ത്രത്തിന്റെയും തത്വശാസ്ത്രത്തിന്റെയും മറ്റ് പഠനശാഖകളുടെയും ഉറവതേടി സഞ്ചരിച്ചാല്‍ ഒടുവില്‍ എത്തിച്ചേരുന്നത് ഭാരതത്തിലായിരിക്കും. ഇവിടെ ഈ ജ്ഞാനം മുഴുവന്‍ സമാഹരിച്ചു വച്ചിരിക്കുന്നത് വേദങ്ങളിലും ഉപനിഷത്തുകളിലും പുരാണേതിഹാസങ്ങളിലുമാണ്. എന്നാല്‍ ഈ അമൂല്യ ജ്ഞാനം നമ്മുടെ ഇളംതലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുകയാണ്. അതിന്റെ കാരണം പുരാണ ഗ്രന്ഥങ്ങള്‍ സംസ്കൃതത്തിലും മണിപ്രവാളത്തിലും, പിന്നീടുണ്ടായ ഗ്രന്ഥങ്ങള്‍ കടുകട്ടിയായ മലയാളത്തിലും ആയതാണ്. ഇന്നത്തെ യുവജനതയ്ക്ക് നല്ല നിലവാരമുള്ള മലയാള പദങ്ങള്‍ അറിയില്ലാത്തതിനാല്‍ ഈ ജ്ഞാനം അവര്‍ക്കും അപ്രാപ്യമായിരിക്കുന്നു. ഈ ദുഃസ്ഥിതിക്ക് പരിഹാരമായി ഭഗവദ്ഗീതയുടെ മൂല ഗ്രന്ഥത്തിന്റെ അന്തസത്ത ഒട്ടും നഷ്ടപ്പെടാതെ ലളിതമായ രീതിയില്‍ മലയാളത്തിലും ഇംഗ്ലീഷിലും കാവ്യാത്മകമായി അവതരിപ്പിക്കുന്ന വിശിഷ്ടമായ ഒരു ഗ്രന്ഥമാണ് ‘ശ്രീമദ് ഭഗവദ്ഗീത- ഇംഗ്ലീഷ് ആന്‍ഡ് മലയാളം കാവ്യ ആവിഷ്കാരം (ലളിതമായ ഭാഷയില്‍) സമാന്തര പേജുകളില്‍’ എന്നത്.
ഭാരതത്തിന്റെ അമൂല്യമായ അദൈ്വതക്കനിയാണ് ഭഗവദ്ഗീത. എന്നാല്‍ ഈ മഹദ് ഗ്രന്ഥത്തിലെ തത്വങ്ങള്‍ ലോകത്തുള്ള ബഹുഭൂരിപക്ഷം ആളുകള്‍ക്കും അന്യമാണ്. അധികം പേര്‍ക്കും അറിയാത്ത സംസ്കൃത ഭാഷയില്‍ ആയതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതിന് പരിഹാരമായാണ് സാഹിത്യകാരനും ആധ്യാത്മിക പ്രഭാഷകനുമായ ആറ്റുവാശ്ശേരി സുകുമാരമുള്ള ഭഗവദ്ഗീതയെ വളരെ സരളമായ ഭാഷയില്‍ കാവ്യാവിഷ്കാരം നടത്തിയത്.
സംസ്കൃത ഭാഷയിലുള്ള മൂലഗ്രന്ഥത്തെ അതിന്റെ അന്തഃസത്ത ഒട്ടും ചോര്‍ന്നുപോകാത്ത രീതിയില്‍ മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും ലളിതമായ ശൈലിയില്‍ കാവ്യാവിഷ്കാരമായി വിവര്‍ത്തനം ചെയ്യാന്‍ തീര്‍ച്ചയായും ഒരു ബഹുഭാഷാ പണ്ഡിതനേസാധിക്കൂ. ഈ വൈജ്ഞാനിക ദൗത്യം ഭംഗിയായി നിര്‍വഹിച്ചിരിക്കുകയാണ് ഗ്രന്ഥകാരന്.
ന്യൂദല്‍ഹി കേന്ദ്രീയ സര്‍വകലാശാല മുന്‍ രജിസ്ട്രാര്‍ എസ്. സുബ്രഹ്മണ്യ ശര്‍മയുടെ വിശദമായ ആമുഖവും, ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജ് റിട്ട. പ്രൊഫ. പി. ഭാസ്കരന് നായരുടെ അവതാരികയും ഈ ഗ്രന്ഥത്തിന്റെ ആധികാരികതയ്ക്ക് മാറ്റുകൂട്ടുന്നു. ”ഗീതയ്ക്ക് അനേകമനേകം വ്യാഖ്യാനങ്ങള്‍ പല ഭാഷകളിലായി നിലവിലുണ്ട്. എന്നാല്‍ പദ്യരൂപത്തിലുള്ള ആവിഷ്കാരം അതും ഇംഗ്ലീഷുള്‍പ്പെടെയുള്ള മൂന്നു ഭാഷകളില്‍ ആദ്യമാണെന്ന് തോന്നുന്നു… സംസ്കൃതത്തിലുള്ള ഗീതാ ശ്ലോകങ്ങള്‍ മറ്റു ഭാഷകളില്‍ കാവ്യാത്മകമായി അവതരിപ്പിക്കുമ്പോഴും ആത്യന്തികമായി ഗീതയുടെ തത്വം മുറിവേല്പ്പിക്കപ്പെടാതിരിക്കാന് ഗ്രന്ഥകര്‍ത്താവ് ശ്രമിച്ചിട്ടുണ്ട്” എന്നാണ് പ്രൊഫ. സുബ്രഹ്മണ്യ ശര്‍മ അഭിപ്രായപ്പെടുന്നത്.
”ചതുര്‍ഭാഷാ പരിജ്ഞാനമുള്ള ഒരു പണ്ഡിത കവിക്കു മാത്രം ചെയ്യാന്‍ കഴിയുന്ന ഒരു മഹായജ്ഞമാണ് അടുവാശ്ശേരി ഏറ്റെടുത്ത് നിര്വഹിച്ചിട്ടുള്ളതെന്ന് ചുരുക്കിപ്പറയാം… ആത്മസമര്‍പ്പണത്തോടെയുള്ള ഈ ധീരയജ്ഞത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. സമാനതകളില്ലാത്ത ഒരു തപസ്യയുടെ സദ്ഫലം തന്നെയാണ് ഈ വിവര്‍ത്തന ത്രയം” എന്നാണ് പ്രൊഫ. പി. ഭാസ്കരന് നായര്‍ അഭിപ്രായപ്പെടുന്നത്.
ദീര്‍ഘകാലത്തെ പ്രയത്നഫലമായി വായനക്കാര്‍ക്ക് ലഭ്യമായിട്ടുള്ള ഈ മഹദ് ഗ്രന്ഥത്തിലൂടെ ഭഗവദ്ഗീത അനായാസമായി വായിച്ച് ഗ്രഹിക്കുവാനും പഠിക്കുവാനും പഠിപ്പിക്കുവാനും സാധിക്കും. സാധാരണ വിദ്യാഭ്യാസമുള്ള ഒരാളിനു പോലും ഭഗവദ്ഗീതയിലെ ഒരു ശ്ലോകം നന്നായി മനസ്സിലാകണമെങ്കില്‍ രണ്ട് നിറപേജുകളിലുള്ള വാക്കര്‍ത്ഥവും വാക്യാര്‍ത്ഥവും വ്യാഖ്യാനവും വായിക്കേണ്ടിവരുമ്പോള്‍, ഓരോ തുറന്ന പേജിലും സമാന്തരമായി ഓരോ ശ്ലോകത്തിന്റെയും ലളിതമായ ഭാഷയിലുള്ള വരികളില്‍ നിന്നുതന്നെ പരസഹായം കൂടാതെ നേരിട്ട് അര്‍ത്ഥം ഗ്രഹിക്കാം എന്നുള്ളതാണ് ഈ പുസ്തകത്തിന്റെ സവിശേഷത. ഉദാഹരണം നോക്കുക:
സംസ്കൃതം
വാസാംസി ജീര്‍ണ്ണാനി യഥാ വിഹായ
നവാനി ഗ്രഹ്ണാനി നരോളപരാണി
ന്യന്യാനി സംയാതി നവാനി ദേഹി.
മലയാളം
ജീര്ണാംബരം നീക്കി നവ വസ്ത്രമിട്ടപോലെ
ജീര്‍ണദേഹം മാറ്റി നവദേഹമേല്ക്കുന്നു.
ദേഹിയെക്കാലവും പിന്നെയും
പിന്നെയും
വന്നു ഭവിക്കുന്നുവോരോ ജന്മങ്ങളില്.
ഇംഗ്ലീഷ് –
As a man is casting off
Wornout clothes and
puts on new ones
Soul quits its wornout body
And passes into the new born ones.
രാമായണവും മഹാഭാഗവതവും പോലെ വീടുകളിലും ക്ഷേത്രങ്ങളിലും അനായാസം നിത്യം പാരായണം ചെയ്യാന്‍ പറ്റുന്ന പാകത്തിലാണ് ഇതിന്റെ വരികള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഇത് ഈ ഗ്രന്ഥത്തിന്റെ ഏറ്റവും വലിയ മേന്മയാണ്.
ദീര്‍ഘകാലം അധ്യാപകനായിരുന്ന ആറ്റുവാശ്ശേരി സുകുമാര പിള്ള മലയാളത്തില്‍ പന്ത്രണ്ടും ഇംഗ്ലീഷില്‍ പതിമൂന്നും പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഏറ്റവും പുതിയ ഗ്രന്ഥമാണ് ‘ശ്രീമദ് ഭഗവദ്ഗീത മൂന്ന് ഭാഷകളില്‍ ലളിതമായ ശൈലിയില്‍ സമാന്തര പേജുകളില്‍’ എന്നത്. ഭഗവദ്ഗീതയുടെ തത്വങ്ങളെ ലോകമെമ്പാടുമുള്ള ജനഹൃദയങ്ങളില്‍ എത്തിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഈ പുസ്തകം രചിച്ചിട്ടുള്ളത്. ഗ്രന്ഥകാരന്റെ വിശിഷ്ടമായ ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടാനുള്ള എല്ലാ യോഗ്യതയും ഈ ഗ്രന്ഥത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: