പ്രൊഫ. വി.ടി. രമ
ബിജെപി സംസ്ഥാന ഉപാധ്യക്ഷ
അഞ്ചുപതിറ്റാണ്ടിലേറെക്കാലം കേരളത്തിലങ്ങോളമിങ്ങോളം ഓടിനടന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ അഹല്യേടത്തി കേരളത്തിലെ വനിതാ നേതാക്കളുടെ ഇടയില്‍ വേറിട്ടു നില്ക്കുന്ന വ്യക്തിത്വമായിരുന്നു. സ്ത്രീകള്‍ പൊതുവെ രാഷ്ട്രീയത്തിലേക്ക് വരാന്‍ മടിച്ചുനിന്ന അറുപതുകളില്‍ ധീരതയോടെ രാഷ്ട്രീയത്തിലേക്ക് വന്ന വനിത. ജനസംഘത്തിന്റെ നേതൃനിരയിലൂടെ ഭാരതീയ ജനതാ പാര്‍ട്ടിയിലും മഹിളാ മോര്‍ച്ചയിലും അനിഷേധ്യ നേതാവായി വ്യക്തിമുദ്ര പതിപ്പിക്കാനും ‘അഹല്യേട’ത്തിക്ക് കഴിഞ്ഞു. കടലോരമേഖലയില്‍നിന്ന് കേരളത്തിന്റെ നേതൃനിരയിലേക്ക് ഉയര്‍ന്നുവന്ന നേതാവാണവര്‍.
അഹല്യ എന്ന വാക്കിന് പകലില്‍ ലയിക്കുന്നവള്‍ (അഹസ്സില്‍ ലയിക്കുന്നവള്‍) എന്നൊരര്‍ത്ഥമുണ്ട്. പകലിനോട് ചേര്‍ന്ന് സ്വയം വെളിച്ചമാവുകയും ആ വെളിച്ചം സമൂഹത്തിന് സമ്മാനിക്കുകയും ചെയ്യുന്നവള്‍. അതായിരുന്നു, അതുതന്നെയായിരുന്നു അഹല്യാശങ്കര്‍. ഭാരതീയ സംസ്കാരത്തിന്റെ വെളിച്ചവും തെളിച്ചവും സമൂഹത്തിലെത്തിക്കാന്‍ ശ്രമിച്ച കര്‍മ്മയോഗിനി.
പഠനകാലത്ത് സ്കൂളില്‍ ക്ലാസ് ലീഡറായും പ്രാസംഗികയായും മിടുക്കു തെളിയിച്ച അഹല്യയ്ക്ക്, രാഷ്ട്രീയ വേദിയില്‍ വന്ന് സഭാകമ്പമില്ലാതെ സംസാരിക്കാന്‍ ഒട്ടും ബുദ്ധിമുട്ടുണ്ടായിരുന്നില്ല. കെ.ജി. മാരാര്‍ജി, കെ.രാമന്‍പിള്ള, ഒ.രാജഗോപാല്‍ എന്നീ ത്രിമൂര്‍ത്തികളുടെ നേതൃപാടവത്തിലൂടെ ജനസംഘം വളര്‍ന്നുകൊണ്ടിരുന്ന കാലഘട്ടമായിരുന്നു അത്. ധൈര്യവും തന്റേടവും കൈമുതലാക്കി രാഷ്ട്രീയത്തിലെ അനിഷേധ്യ വനിതാ നേതാവായി മാറിയ എം. ദേവകിയമ്മയായിരുന്നു അന്ന് ജനസംഘത്തിന്റെ തലപ്പത്തുണ്ടായിരുന്നത്. ‘മീറ്റിങ്ങുകള്‍ക്ക് പോയിരുന്നത് തനിച്ചാണോ’ എന്ന് ഒരിക്കല്‍ ചോദിച്ചപ്പോള്‍ അഹല്യേടത്തി ഇങ്ങനെയായിരുന്നു മറുപടി പറഞ്ഞത്, ‘ഒറ്റയ്ക്കാണെന്ന് തോന്നിയിട്ടേയില്ല; ദേവകിയമ്മയുണ്ടല്ലോ, പിന്നെന്തു പേടിക്കാന്‍!’ അതുല്യ വ്യക്തിത്വവും ധീരതയുള്ള പെണ്‍സിംഹവുമായിരുന്ന മതിലകത്ത് ദേവകിയമ്മയില്‍ നിന്നാണ് അവര്‍ രാഷ്ട്രീയത്തിലെ ആദ്യ പാഠങ്ങള്‍ പഠിച്ചത്.
അഞ്ചു കുഞ്ഞുങ്ങളെ വീട്ടില്‍ വിട്ടിട്ടാണ് അവര്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങിയിരുന്നത്. അവരുടെ കൂട്ടുകുടുംബത്തില്‍ കുട്ടികള്‍ സുരക്ഷിതരും സന്തുഷ്ടരുമായിരുന്നു. ബിജെപിയില്‍ സവര്‍ണ്ണാധിപത്യമാണല്ലോ എന്ന ചിലരുടെ അടിസ്ഥാനമില്ലാത്ത ആരോപണത്തിന് അഹല്യേടത്തി സ്വന്തം ജീവിതംകൊണ്ട് മറുപടി പറയുകയായിരുന്നു.
സ്നേഹം, കലര്‍പ്പില്ലാത്ത സ്നേഹം, മനസ്സിലും മുഖത്തും ഓളംവെട്ടുന്ന ആ അമ്മ പരിചയക്കാരുടെ വീട്ടില്‍ എന്തെങ്കിലും നല്ല കാര്യങ്ങളുണ്ടെന്നറിഞ്ഞാല്‍ ഇങ്ങോട്ടുള്ള വിളി കാത്തുനില്‍ക്കാതെ അവിടെ ഓടിയെത്തുമായിരുന്നു. പരാതികളും പരിഭവങ്ങളുമില്ലാതെ അവസാന ശ്വാസം വരെ പൊതുജീവിതത്തിന്റെ മഹിമ കാത്തുസൂക്ഷിക്കുകയായിരുന്നു അവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: