കെ. സുരേന്ദ്രന്
ബിജെപി സംസ്ഥാന അധ്യക്ഷന്‍
നാല് പതിറ്റാണ്ടിലേറെ പൊതു പ്രവര്‍ത്തനത്തിലും രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തും നിറസാന്നിധ്യമായി പ്രവര്‍ത്തിച്ച് ഏവരുടെയും സ്നേഹവും ആദരവും ലഭിച്ച വ്യക്തിയാണ് അഹല്യാ ശങ്കര്‍. അവരുടെ വിടവാങ്ങല്‍ കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് തീരാനഷ്ടമാണ്. മലബാറിന്റെ മണ്ണില്‍ ദേശീയപ്രസ്ഥാനങ്ങള്‍ക്ക് അടിത്തറപാകിയ പെണ്‍കരുത്തായിരുന്നു, അഹല്യേടത്തി എന്ന് കോഴിക്കോട്ടുകാര്‍ സ്നേഹത്തോടെ വിളിക്കുന്ന അഹല്യാശങ്കര്‍. സമരപോരാട്ടങ്ങളില്‍ എന്നും മുമ്പിലായിരുന്നു.
1967ല്‍ കോഴിക്കോട് നടന്ന ഭാരതീയ ജനസംഘത്തിന്റെ ഐതിഹാസികമായ അഖിലേന്ത്യാ സമ്മേളനത്തിലെ മഹിളാപ്രവര്ത്തനത്തിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ചു. ജനസംഘത്തിലും പിന്നീട് ബിജെപിയിലും സജീവ സാന്നിധ്യമായി. 1980ല്‍ മുംബൈയില്‍ നടന്ന ബിജെപി രൂപീകരണ സമ്മേളനത്തില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള വനിതാ പ്രതിനിധികളില്‍ ഒരാളായിരുന്നു അവര്‍. ബിജെപി സംസ്ഥാന കമ്മിറ്റിയില്‍ എത്തിയ രണ്ടാമത്തെ വനിത. മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം, ദേശീയ നിര്‍വ്വാഹക സമിതി അംഗം എന്നീ ചുമതലകളും വഹിച്ചു. നിരവധി തവണ കോര്പ്പറേഷന് തെരഞ്ഞെടുപ്പുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. 1982ലും 1987ലും ബേപ്പൂരില്‍ നിന്നും 1996ല്‍ കൊയിലാണ്ടിയില്‍ നിന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. 1989ലും 1991ലും മഞ്ചേരിയില്‍ നിന്നും 1997ല്‍ പൊന്നാനിയില്‍ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു.
ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെട്ട് അവരുടെ ആദരവും സ്നേഹവും നേടാന്‍ വളരെപ്പെട്ടെന്ന് അഹല്യേടത്തിക്ക് സാധിച്ചു. ന്യൂ മാഹിയിലായിരുന്നു ജനിച്ചതെങ്കിലും സംഘടനാ പ്രവര്‍ത്തനത്തിന്റെ കേന്ദ്രം കോഴിക്കോടായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ നഴ്സ് ആയിരിക്കെ കോഴിക്കോട് വെള്ളയിലെ ആദ്യകാല സംഘപ്രവര്‍ത്തകനും വക്കീല്ഗുമസ്തനുമായ എന്‍.പി. ശങ്കരനെ വിവാഹം ചെയ്ത അവര്‍ പിന്നീട് നഗരത്തിന്റെ സ്വന്തം മകളായി മാറി.
രാഷ്ട്രീയ സംഘര്‍ഷങ്ങളിലും തീരദേശങ്ങളിലുണ്ടായ വര്‍ഗ്ഗീയ കലാപങ്ങളിലും കോഴിക്കോടിന്റെ അന്തരീക്ഷം തിളച്ചുപൊള്ളിയപ്പോള് മാതൃവാത്സല്യപൂര്വ്വം ഇടപെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അഹല്യാ ശങ്കറിന് സാധിച്ചിരുന്നു. ദേശീയപ്രസ്ഥാനങ്ങളിലെ കുടുംബങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് അഹല്യാശങ്കറിന്റെ നേതൃത്വപരമായ ഇടപെടലുകള്‍ ആശാവഹമായിരുന്നു.
സ്ത്രീകള്‍ അത്രകണ്ട് ഇടപെടാതിരുന്ന പൊതുരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അഹല്യേടത്തിക്ക് സാധിച്ചു. പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബത്തില്‍ പിറന്ന അഹല്യാശങ്കര്‍ ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ രൂപീകരണകാലം മുതല്‍ നേതൃത്വനിരയില്‍ സജീവമായി പ്രവര്‍ത്തിച്ചു. തീരദേശ പിന്നാക്ക സമുദായത്തിന്റെ സാമൂഹ്യ, വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് ആശ്വാസമാകാന്‍ രൂപീകരിച്ച ശ്രീ വേദവ്യാസ ട്രസ്റ്റിന്റെ സ്ഥാപക അംഗവും ദീര്‍ഘകാലം അതിന്റെ ട്രസ്റ്റിയായും പ്രവര്‍ത്തിച്ചു. ബാലഗോകുലം മുതല്‍ നിരവധി ദേശീയപ്രസ്ഥാനങ്ങളുടെ ആദ്യകാല പ്രവര്‍ത്തനങ്ങളിലും സജീവസാന്നിധ്യമായി.
ആ സമര്‍പ്പിത ജീവിതത്തിന്റെ ആത്മാവിന് ശാന്തിക്കും ആ മനസ്സിന്റെ ലക്ഷ്യപൂര്‍ത്തീകരണത്തിനായി പ്രവര്‍ത്തിക്കാന്‍ മറ്റുള്ളവര്‍ക്ക് പ്രേരണയുണ്ടാകാനും പ്രാര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: