വത്തിക്കാൻ സിറ്റി: ശ്വാസകോശസംബന്ധമായ രോഗം മൂലം ഒരു മാസത്തിലേറെയായി റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയെ ഇന്ന് ഡിസ്ചാർജ് ചെയ്യും. ഉച്ചയ്ക്കായിരിക്കും ഡിസ്ചാർജ് ചെയ്യുക. രണ്ടു മാസത്തെ പൂർണ്ണ വിശ്രമമാണ് മാർപാപ്പയ്‌ക്ക് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. പ്രാർഥനകളോടെ കാത്തിരുന്ന വിശ്വാസിസമൂഹത്തെ ആശീർവദിച്ചു കൊണ്ടായിരിക്കും മാർപാപ്പയുടെ മടക്കം. ആശുപത്രിയുടെ ജാലകത്തിങ്കൽ നിന്നായിരിക്കും വിശ്വാസികൾക്ക് ആശീർവാദം നൽകുകയെന്ന് വത്തിക്കാൻ അറിയിച്ചു.
ഫെബ്രുവരി 14നാണ് ശ്വാസകോശ സംബന്ധിയായ അസ്വസ്ഥതകളെ തുടർന്ന് 88കാരനായ ഫ്രാന്‍സിസ് മാർപാപ്പയെ റോമിലെ അഗസ്റ്റിനോ ഗമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടു ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ സ്ഥിരീകരിച്ചതോടെ ആദ്യ ആഴ്ചകളില്‍ മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടർന്നു.
പ്രായാധിക്യം മൂലമുള്ള ആരോഗ്യപ്രശ്നങ്ങളും യുവാവായിരിക്കെ പ്ലൂറസി ബാധിച്ച് ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തതും അണുബാധ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ക്ക് വെല്ലുവിളിയായി.
ഔദ്യോഗിക ചുമതലകളില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്ന ഇക്കാലയളിവില്‍ ആശുപത്രിയില്‍ മാർപാപ്പ നടത്തിയ കൂടിക്കാഴ്ചകളെല്ലാം തന്റെ അസാന്നിധ്യത്തെ മുന്നില്‍ കണ്ടുള്ളതായിരുന്നു. വത്തിക്കാൻ പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുന്ന കർദ്ദിനാൾ പിയട്രോ പരോളിനുമായി ഒന്നിലധികം തവണ മാർപാപ്പ കൂടിക്കാഴ്ച നടത്തി. ആരോഗ്യനില മെച്ചപ്പെട്ടപ്പോള്‍ ആദ്യം സന്ദേശമായും പിന്നീട് ആശുപത്രിയില്‍ നിന്നുള്ള ചിത്രമായും മാർപാപ്പ വിശ്വാസികള്‍ക്ക് അരികിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: