ബംഗളൂരു: ബംഗ്ലാദേശില്‍ നടക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണെന്ന് ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധിസഭ. ബംഗ്ലാദേശിലെ ഹിന്ദു മതന്യൂനപക്ഷവിഭാഗത്തിനെതിരെ അക്രമണങ്ങളും അനീതിയും അടിച്ചമര്‍ത്തലും തുടരുകയാണെന്നും അതിതീവ്ര മുസ്ലിംഗ്രൂപ്പുകള്‍ ഹിന്ദുക്കളടക്കമുള്ള എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയും ദ്രോഹിക്കുന്നതായും ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍കുമാര്‍ പറഞ്ഞു. ഗുരുതര മനുഷ്യാവകാശലംഘനങ്ങളാണ് ബംഗ്ലാദേശില്‍ നടക്കുന്നതെന്നും പ്രതിനിധിസഭ പാസാക്കിയ പ്രമേയത്തിലെ വിവരങ്ങള്‍ വിശദീകരിച്ചുകൊണ്ട് സഹസര്‍കാര്യവാഹ് അറിയിച്ചു.
ബംഗ്ലാദേശില്‍ നടന്ന സംഘര്‍ഷങ്ങളെ എബിപിഎസ് അപലപിച്ചു. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഇന്ത്യയും അയല്‍രാജ്യവുമായുള്ള ബന്ധം ഗുരുതരമായി തകര്‍ന്നതായും പ്രതിനിധിസഭ വിലയിരുത്തി. ഇന്ത്യാവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നവരാണ് ബന്ധം തകര്‍ത്തത്. ഇന്ത്യയ്ക്ക് ചുറ്റുമുള്ള രാജ്യങ്ങളില്‍ അസ്ഥിരത വരണമെന്ന് ആഗ്രഹിക്കുന്ന ചില അന്താരാഷ്ട്ര ശക്തികളുടെ ഇടപെടലും ആര്‍എസ്എസ് ചൂണ്ടിക്കാട്ടി.
രണ്ടുദിവസമായി തുടരുന്ന അഖിലഭാരതീയ പ്രതിനിധിസഭ നാളെ സമാപിക്കും. പ്രതിനിധിസഭയിലെ തീരുമാനങ്ങളും സംഘത്തിന്റെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട കാര്യങ്ങളും നാളെ രാവിലെ പതിനൊന്നരയ്ക്ക് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബളെ നടത്തുന്ന പത്രസമ്മേളനത്തില്‍ വിശദീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: