കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ വി. ഡി സവർക്കരെ അധിക്ഷേപിച്ചുള്ള എസ്എഫ്ഐ ബാനറിനെതിരെ രൂക്ഷമായി വിമർശിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേർക്കർ. സവർക്കർ രാജ്യത്തിന് വേണ്ടി ത്യാഗം അനുഭവിച്ചയാളാണ്. അദ്ദേഹം എന്നു മുതലാണ് രാജ്യത്തിന് ശത്രു ആയതെന്നും ഗവർണർ ചോദിച്ചു. സവർക്കർ ചെയ്ത കാര്യങ്ങൾ ശരിയായി പഠിച്ചാൽ കാര്യങ്ങൾ മനസിലവുമെന്നും അദ്ദേഹം പറഞ്ഞു.
വീടിനെയോ വീട്ടുകാരെയോ കുറിച്ച് ആലോചിക്കാതെ സമൂഹത്തിന് വേണ്ടി മാത്രം ജീവിച്ചയാളാണ് സവർക്കർ. ഇതിനെക്കുറിച്ച് ശരിയായ അറിവുകൾ ഇല്ലാത്തതിനാലാണ് വിദ്യാർത്ഥികൾ ഇത്തരം ബാനറുകൾ ഉയർത്തുന്നത്. ഇക്കാര്യങ്ങൾ വൈസ് ചാൻസലർ ശ്രദ്ധിക്കണമെന്നും ഗവർണർ പറഞ്ഞു.
സർവകലാശാലയുടെ ‘ലഹരിവിരുദ്ധ ക്യാംപസ്’ ക്യാംപെയ്നിന്റെ പ്രചാരണത്തിനാണു സർവകലാശാലാ ചാൻസലർ കൂടിയായ ഗവർണർ ക്യാംപസിലെത്തിയത്.
‘ഞങ്ങൾക്കു വേണ്ടതു ചാൻസലറെയാണ്, സവർക്കറെയല്ല’ എന്നെഴുതി കാലിക്കറ്റ് സർവകലാശാലാ പരീക്ഷാഭവൻ പരിസരത്താണ് എസ്എഫ്ഐ ബാനർ ഉയർത്തിയിരുന്നത്. വർഗീയവാദികൾക്ക് ഇവിടെ പ്രവേശനമില്ല എന്നെഴുതി സെമിനാർ കോംപ്ലക്സ് പരിസരത്ത് എസ്എഫ്ഐക്കാർ സ്ഥാപിച്ച ബാനർ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശത്തെ തുടർന്നു സുരക്ഷാ ഉദ്യോഗസ്ഥർ നീക്കിയിരുന്നു.
ചാൻസലർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഇന്നു സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ എത്തുന്നതിന്റെ ഭാഗമായി, വിസി ഡോ.പി.രവീന്ദ്രൻ നിർദേശിച്ചതനുസരിച്ചു ക്യാംപസിലെ മറ്റെല്ലാ കൊടികളും ബാനറുകളും സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തൊഴിലാളികളെ ഉപയോഗിച്ചു നീക്കിയിരുന്നു. എന്നാൽ പരീക്ഷാഭവൻ പരിസരത്തെ ബാനർ നീക്കിയാൽ ചെറുക്കുമെന്ന എസ്എഫ്ഐ നിലപാടിനെ തുടർന്നാണ് അധികൃതർ പിന്മാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: