ബെംഗളൂരു: ചൈന, പാകിസ്ഥാന് എന്നീ അയല്‍ രാജ്യങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്ന അതിര്‍ത്തി സംസ്ഥാനങ്ങളിലെ വെല്ലുവിളികള്‍ അതിജീവിക്കുന്നതിന്ആര്എസ്എസ് ആവിഷ്കരിച്ചിരിക്കുന്നത് വിപുലമായ ആസൂത്രണം. ചൈന, പാക് അതിര്‍ത്തി പങ്കിടുന്ന ജമ്മു കാശ്മീരില്‍ സംഘടനാ വളര്‍ച്ചയ്ക്ക് വിപുലമായപദ്ധതി ആവിഷ്കരിത്തെന്ന് ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധി സഭയില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.
മുപ്പത്തിമൂന്ന് വിഷയങ്ങളെ ആസ്പദമാക്കി 689 ഗ്രാമങ്ങളില്‍ വിശദമായ സര്‍വേ നടത്തിക്കൊണ്ടായിരുന്നു പ്രവര്‍ത്തനം ആരംഭിച്ചത്. അത്തരം ഗ്രാമങ്ങളിലെ സാമൂഹ്യ സാമ്പത്തികസുരക്ഷ വിഷയങ്ങളായിരുന്നു സര്‍വേയ്ക്ക് വിധേയമാക്കിയത്. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പങ്കെടുത്ത യോഗത്തില്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ സ്ഥിതിഗതികളെക്കുറിച്ച് വിശദമായ പഠനം അവതരിപ്പിച്ചു. ജില്ലാതലത്തിലെ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ച് സംഘടനാ പ്രവര്‍ത്തനം ശക്തമാക്കുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ചു. 2025 വിജയദശമിക്ക് മുമ്പ് ഇത്തരം മേഖലകളില്‍ പ്രവര്‍ത്തനം ശക്തമാക്കുന്നതിന് വിപുലമായ പദ്ധതികള്‍ തയാറാക്കി.
ജമ്മു കശ്മീരിലെ സംഘടനാ പ്രവര്‍ത്തനം ശക്തമാക്കുന്നതിന് ഒരു കാര്യകര്‍ത്താവ് ഒരു ശാഖ എന്ന പദ്ധതിയിലൂടെ സംസ്ഥാനത്ത് 557 ശാഖകളുള്ളതില്‍ 400 ശാഖകളിലെ കാര്യകര്‍ത്താക്കളെ പങ്കെടുപ്പിച്ച് യോഗങ്ങള്‍ നടന്നു. ദക്ഷിണ ആസാമില്‍ 37 താലൂക്കുകളിലും 9 നഗരങ്ങളിലും പൂര്‍ണ ഗണവേഷധാരികളായ സ്വയം സേവകരുടെ പഥസഞ്ചലനങ്ങള്‍ നടന്നു. ഇവിടെ 323 മണ്ഡലങ്ങളില്‍ നിന്ന് 257 മണ്ഡലങ്ങളിലെ കാര്യകര്‍ത്താക്കള്‍ പങ്കെടുത്ത യോഗങ്ങള്‍ നടന്നു. ഉത്തരബംഗാളില്‍ നേതാജി ജന്മദിനത്തോടനുബന്ധിച്ച് 103 കേന്ദ്രങ്ങളില്‍ പഥസഞ്ചലനങ്ങള്‍ സംഘടിപ്പിച്ചു. ആസാം, ബംഗാള്‍, ത്രിപുര വടക്കുകിഴക്കന്‍ മേഖലകളിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം വിപുലമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചിട്ടണ്ടെന്ന് ഇന്നലെ പ്രതിനിധി സഭയില്‍ അവതരിപ്പിച്ച 76 പേജ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നാടോടികളായി അലഞ്ഞുനടക്കുന്ന സമൂഹങ്ങള്‍ മുതല്‍ വന്‍ നഗരങ്ങളിലെ പ്രബുദ്ധസമൂഹം വരെ എല്ലാതലങ്ങളിലെയും ജനസമൂഹങ്ങള്‍ക്കിടയില്‍ ദേശീയ ആശയം വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം ചുമതലക്കാരെയും വിഭാഗങ്ങളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ദേശീയ ഐക്യം തകര്‍ക്കുന്നതിന് ജാതി, ഭാഷ, പ്രാദേശിക വിഷയങ്ങള്‍ ഉന്നയിച്ച് വിഘടനവാദ ശക്തികള്‍ തലപൊക്കുന്നത് കരുതിയിരിക്കണമെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: