Cricket

പയറ്റിത്തെളിയാന്‍ അക്ഷറും ദല്‍ഹിയും

Published by

2020 സീസണില്‍ ഫൈനലിലെത്തിയതൊഴിച്ചാല്‍ ഐപിഎല്‍ ചരിത്രത്തില്‍ വലിയ പ്രകടന മികവ് അവകാശപ്പെടാനില്ലാത്ത ടീം ആണ് ദല്‍ഹി ക്യാപിറ്റല്‍സ്. കഴിഞ്ഞ വര്‍ഷം വരെ ഭാരത ക്രിക്കറ്റ് ടീം വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ആയിരുന്നു നായകന്‍. ഇക്കൊല്ലം താരലേലത്തില്‍ ഋഷഭ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലേക്ക് പോയതോടെ നയിക്കാനാളില്ലാത്ത സ്ഥിതിയായി. ഐപിഎല്‍ പടിവാതില്‍ക്കലെത്തിയപ്പോഴാണ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ നായകനായി പ്രഖ്യാപിച്ചത്. കഴിഞ്ഞ എട്ട് വര്‍ഷമായി ദല്‍ഹിക്കൊപ്പം അക്ഷര്‍ ഉണ്ട്. ഭാരത ക്രിക്കറ്റ് ടീമില്‍ സ്ഥിരതയുള്ള ഓള്‍റൗണ്ട് സാന്നിധ്യമാണ് അക്ഷര്‍. കഴിഞ്ഞ വര്‍ഷം ട്വന്റി20 ലോക കിരീടം നേടിയ ടീമിലും ഉണ്ടായിരുന്നു.

കഴിഞ്ഞ 17 സീസണിനിടെ വിരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍, മഹേല ജയവര്‍ധനെ, ഡേവിഡ് വാര്‍ണര്‍ കെവിന്‍ പീറ്റേഴ്‌സണ്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ടീമിനെ നയിച്ചിട്ടുണ്ടെങ്കിലും കാര്യമായ ഫലം ഉണ്ടാക്കാന്‍ സാധിച്ചത് ശ്രേയസ് അയ്യര്‍ക്ക് മാത്രമാണ്. 2020 സീസണില്‍ ടീമിനെ ഫൈനലിലെത്തിച്ചെങ്കിലും മുംബൈയോട് പരാജയപ്പെട്ടു. തൊട്ടടുത്ത സീസണില്‍ ശ്രേയസിനെ കൊല്‍ക്കത്ത റാഞ്ചി. പിന്നെ ഋഷഭ് പന്ത് ആയിരുന്നു നായകന്‍. പന്തും പോയതോടെയാണ് പുതിയ പയറ്റിനായി അക്ഷറിന് അവസരമൊരുങ്ങിയത്. അക്ഷറിനൊപ്പം ദല്‍ഹിക്കും പയറ്റിത്തെളിയാനുള്ള അവസരമാണ് ഇന്ന് തുടങ്ങുന്ന ഐപിഎല്‍ പൂരം.

ടീം: ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്, ഹാരി ബ്രൂക്ക്, അശുതോഷ് ശര്‍മ, ഫാഫ് ഡുപ്ലെസ്സി (വൈസ് ക്യാപ്റ്റന്‍), സമീര്‍ റിസ്വി, കരുണ്‍ നായര്‍, കെ.എല്‍. രാഹുല്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അഭിഷേക് പോറല്‍, ഡോനാവാന്‍ ഫെറെയ്‌റ, അക്ഷര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), വിപ്രാജ് നിഗം, ദര്‍ഷന്‍ നല്‍കണ്ടെ, മാധവ് തിവാരി, മന്‍വന്ത് കുമാര്‍, ത്രിപുരണ വിജയ്, അജയ് മണ്ഡല്‍, മിച്ചല്‍ സ്റ്റാര്‍ക്, ടി. നടരാജന്‍, മുകേഷ് കുമാര്‍, മോഹിത് ശര്‍മ, ദുശ്മന്ത, ചമീര, കുല്‍ദീപ് യാദവ്‌

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by