സിനിമകളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മഞ്ജു പത്രോസ്. ‘വെറുതെ അല്ല ഭാര്യ’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാവുന്നത്. പിന്നീട് ബിഗ് ബോസ് മല്‍സരാർത്ഥി എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. നിലപാടുകള്‍ തുറന്നു പറയുന്നതില്‍ മടികാണിക്കാത്ത താരം ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുത്തതിന്റെ അനുഭവങ്ങള്‍ പങ്കുവെയ്‌ക്കുകയാണ് ഇപ്പോള്‍.
”ഞാൻ ക്രിസ്റ്റ്യാനിറ്റിയില്‍ വളർന്ന ഒരാളാണ്. പക്ഷേ എന്നെ കണ്ടാല്‍ ആരും ക്രിസ്ത്യാനി ആണെന്ന് പറയില്ല. എനിക്ക് ഹൈന്ദവപുരാണങ്ങളും മിത്തുകളുമൊക്കെ കേള്‍ക്കാൻ വലിയ ഇഷ്ടമാണ്. അമ്പലത്തിലൊക്കെ പോകുമായിരുന്നു. കഴിഞ്ഞവർഷം ഞാൻ ഒറ്റയ്‌ക്ക് ആണ് പൊങ്കാലയിടാൻ പോയത്. സുഹൃത്തുക്കളാരും ഉണ്ടായിരുന്നില്ല. എന്തുകൊണ്ട് ഇതുവരെയും ഞാൻ പൊങ്കാല ഇട്ടില്ല എന്ന തോന്നല്‍ ഉള്ളില്‍ തോന്നി. അങ്ങനെയാണ് ആദ്യമായി പൊങ്കാലയിടാൻ പോയത്.
അന്ന് ഇത് എങ്ങനെയാണ് എന്നൊന്നും അറിയില്ലായിരുന്നു. എന്താണ് മേടിക്കേണ്ടത് എന്നും അറിയില്ലായിരുന്നു. ഫ്ളാറ്റിലെ ചേട്ടനാണ് സാധനങ്ങള്‍ മേടിച്ചു തന്നത്. അടുത്തുണ്ടായിരുന്ന ചേച്ചിമാർ പറഞ്ഞു തന്നതു കേട്ട് ഞാൻ ഇട്ടു. അന്ന് എനിക്ക് കിട്ടിയ സംതൃപ്‍തിയും സന്തോഷവും സുഖവും ജീവിതത്തില്‍ മറ്റൊരിക്കലും കിട്ടിയിട്ടില്ല. ആറ്റുകാല്‍ അമ്മ എന്റെ അടുത്ത് വന്നു ഇരുന്ന ഫീല്‍ ആയിരുന്നു. പൊട്ടിക്കരഞ്ഞാണ് ഞാൻ ചോറുണ്ടാക്കിയത്. ഇനി ഒരിക്കലും പൊങ്കാല മുടക്കില്ല എന്ന് അന്ന് ഞാൻ തീരുമാനിച്ചു”, എന്ന് മഞ്ജു പത്രോസ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: