ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഒരു ഭാഷയും എവിടെയും അടിച്ചേല്‍പ്പിക്കില്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. അഴിമതികള്‍ മറച്ചുപിടിക്കാനാണ് തമിഴ്‌നാട് സര്‍ക്കാര്‍ അനാവശ്യ വിവാദമുണ്ടാക്കുന്നതെന്നും ഷാ കുറ്റപ്പെടുത്തി.
തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാര്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ തമിഴിലേക്ക് മാറ്റുന്നതടക്കമുള്ള കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. അതിനുള്ള ധൈര്യം നിങ്ങള്‍ക്കില്ല. ബിജെപി തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തിയാല്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ തമിഴ് മീഡിയത്തില്‍ നടപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു. ലോ്ക്‌സഭയില്‍ ഭാഷാ വിഷയത്തില്‍ നടന്ന ഹ്രസ്വ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
ഇന്ത്യയിലെ ഏതെങ്കിലും ഒരു ഭാഷയുമായി ഹിന്ദി മത്സരിക്കുന്നില്ല. ഇന്ത്യയിലെ എല്ലാ ഭാഷകളുടേയും സമന്വയമാണ് ഹിന്ദിയിലുള്ളത്. ഏതെങ്കിലും ഭാഷയ്‌ക്ക് മേല്‍ അധീശത്വം സ്ഥാപിക്കലല്ല, മറിച്ച് ആ ഭാഷയ്‌ക്ക് പിന്തുണ നല്‍കുന്ന ചുമതലയാണ് ഹിന്ദി നിര്‍വഹിക്കുന്നത്. ഹിന്ദി എല്ലാ ഇന്ത്യന്‍ ഭാഷകളെയും ശക്തിപ്പെടുത്തുന്നു, എല്ലാ ഇന്ത്യന്‍ ഭാഷകളും ഹിന്ദിയെയും ശക്തിപ്പെടുത്തുന്നു. തമിഴ് അടക്കമുള്ള ഭാഷകളുടെ പ്രോത്സാഹനത്തിനായി നടപടി എടുത്ത ഏക സര്‍ക്കാരാണ് മോദി സര്‍ക്കാരെന്നും ഷാ പറഞ്ഞു. മോദി സര്‍ക്കാര്‍ തെക്കേന്ത്യന്‍ ഭാഷകളെ അടിച്ചമര്‍ത്തുകയാണെന്ന പ്രസ്താവനകളോട് പ്രതികരിക്കവേ താന്‍ ഗുജറാത്തില്‍ നിന്നാണെന്നും നിര്‍മ്മലാ സീതാരാമന്‍ തമിഴ്‌നാട്ടില്‍ നിന്നാണെന്നും അമിത് ഷാ പറഞ്ഞു. ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള നാടുകളിലെ ഭാഷ ഇഷ്ടപ്പെടുന്ന നിങ്ങള്‍ക്ക് എന്തുകൊണ്ട് ഇന്ത്യയിലെ ഭാഷകളെ ഇഷ്ടപ്പെടാന്‍ സാധിക്കുന്നില്ലെന്നും ഷാ ചോദിച്ചു.
തമിഴ്‌നാട്ടിലെ സീറ്റുകള്‍ കുറയില്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അറിയിച്ചതാണെന്നും സ്റ്റാലിന്‍ മണ്ഡല പുനര്‍നിര്‍ണ്ണയത്തിന്റെ പേരില്‍ അനാവശ്യമായ ഭീതി പരത്തുകയാണെന്നും ബിജെപി മഹിളാമോര്‍ച്ച ദേശീയ അധ്യക്ഷയും എംഎല്‍എയുമായ വാനതി ശ്രീനിവാസന്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക