ന്യൂദല്‍ഹി: കാനഡയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ പുനസ്ഥാപിക്കാന്‍ ഭാരതം തയ്യാറാണെന്നും ഇന്ത്യാ വിരുദ്ധ ശക്തികള്‍ക്ക് കാനഡ എല്ലാവിധ ലൈസന്‍സുകളും നല്‍കിയതാണ് പ്രശ്‌നമെന്നും ഇന്ത്യ. ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ വീണതിന് പിന്നാലെയാണ് നയതന്ത്ര ബന്ധത്തിലെ വിള്ളലുകള്‍ പരിഹരിക്കാനുള്ള സന്നദ്ധത ഇന്ത്യ അറിയിച്ചത്. ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ രാജിവെച്ച് മാര്‍ക്ക് കാര്‍ണിയുടെ പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ നിലപാട്.
ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരവാദികള്‍ക്കും വിഘടനവാദികള്‍ക്കും കാനഡയുടെ മണ്ണില്‍ അനുമതി നല്‍കിയതോടെയാണ് ബന്ധം മോശമായതെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. ഉഭയകക്ഷി വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധം വീണ്ടും കെട്ടിപ്പെടുക്കാനാവുമെന്നും ജയ്‌സ്വാള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
കഴിഞ്ഞ കുറച്ചുമാസങ്ങളായി ഒട്ടാവയും ദല്‍ഹിയും തമ്മിലുള്ള ബന്ധം ഏറെക്കുറെ സ്തംഭനാവസ്ഥയിലായിരുന്നു. ഖാലിസ്ഥാനി ഭീകര സംഘടനകള്‍ക്ക് ട്രൂഡോ സര്‍ക്കാര്‍ സുരക്ഷിത കേന്ദ്രങ്ങള്‍ നല്‍കുന്നതിനെതിരെ ശക്തമായ നയതന്ത്ര നടപടികളാണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചത്. ദല്‍ഹിയിലെ കാനഡ എംബസിയിലെ ആറു മുതിര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്തിരുന്നു. ഖാലിസ്ഥാനി ഭീകരര്‍ ഹര്‍ദീപ് സിങ് നിജ്ജറിനെ ബ്രിട്ടീഷ് കൊളംബിയയില്‍ കൊലപ്പെടുത്തിയതിന് പിന്നില്‍ അമിത് ഷായ്‌ക്ക് പങ്കുണ്ടെന്ന നിരുത്തരവാദപരമായ പരാമര്‍ശമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തകര്‍ത്തത്. കാനഡയില്‍ നിരവധി ഹിന്ദു ക്ഷേത്രങ്ങള്‍ ഖാലിസ്ഥാനികള്‍ തകര്‍ത്തതും ഇന്ത്യന്‍ എംബസി കേന്ദ്രങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണം നടക്കുന്നതും മോദി സര്‍ക്കാര്‍ ട്രൂഡോയുമായി ഇടയുന്നതിന് വഴിവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക