ന്യൂദല്‍ഹി: ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സാമൂഹിക മാദ്ധ്യമ പ്ലാറ്റ്ഫോമായ എക്സിന് വിയോജിപ്പുള്ള വിഷയങ്ങളിൽ രാജ്യത്തെ കോടതികളെ സമീപിക്കുന്നതിനുള്ള എല്ലാ അവകാശവുമുണ്ടെന്നും എന്നാൽ നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന ബോധം കൂടി അവർക്കുണ്ടായിരിക്കണമെന്നും ഓർമ്മപ്പെടുത്തി ബിജെപിയുടെ മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ.
എല്ലാ സാമൂഹിക മാദ്ധ്യമ പ്ലാറ്റ്ഫോമുകളും സുരക്ഷിതവും വിശ്വാസയോഗ്യവുമായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് (എ എൻഐ) വാർത്താ ഏജൻസിയോട് സംസാരിക്കവേ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
“ഇന്ത്യൻ നിയമ വ്യവസ്ഥ ഏവർക്കും ഒരുപോലെ ബാധകമാണ്. എന്നാൽ നിയമവിരുദ്ധമെന്ന് തങ്ങൾക്ക് തോന്നുന്ന വിഷയങ്ങളിൽ കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും എക്സിനുണ്ട്”. രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന സാമൂഹികമാദ്ധ്യമങ്ങളൊന്നും പരീക്ഷണാടിസ്ഥാനത്തിലുള്ളവയാകരുതെന്ന് മുൻപ് തന്നെ രാജ്യം വ്യവസ്ഥ ചെയ്തിയിട്ടുണ്ട്. 2024 ജനുവരിയിൽ (മന്ത്രിയെന്ന നിലയിൽ) താൻ തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. അഥവാ പരീക്ഷണാടിസ്ഥാനത്തിലുള്ളവയാണെങ്കിൽ പ്രസ്തുത വസ്തുത വെളിപ്പെടുത്തുന്നതിനുള്ള ബാദ്ധ്യതയും അവരിൽ നിക്ഷിപ്തമാണെ”ന്ന് രാജീവ് ചന്ദ്രശേഖർ ഓർമ്മപ്പെടുത്തി.
ഐടി നിയമത്തിലെ 79-)o വകുപ്പിന്റെ ഉപയോഗം നിയമവിരുദ്ധമാണെന്ന് കാണിച്ച് മാർച്ച് 20ന് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സാമൂഹിക മാദ്ധ്യമമായ എക്സ് കർണ്ണാടക ഹൈക്കോടതിയെ സമീപിച്ചത് പരാമർശിച്ചായിരുന്നു രാജീവ് ചന്ദ്രശേഖറുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക