ബെംഗളൂരു: പാകിസ്താന് വേണ്ടി ചാരപ്രവൃത്തി നടത്തിയ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെ (ബിഇഎൽ) സീനിയർ എഞ്ചിനീയർ കസ്റ്റഡിയിൽ. ബിഇഎല്ലിന്റെ ഗവേഷണ വികസന വിഭാഗത്തിലെ സീനിയർ എഞ്ചിനീയർ ദീപ്രാജ് ചന്ദ്രയെയാണ് (36) കസ്റ്റഡിയിലെടുത്തത്. ബിഇഎല്ലിനെ കുറിച്ചുള്ള തന്ത്രപ്രധാന വിവരങ്ങൾ ബിറ്റ്‌കോയിനുകൾക്കായി പാക് ഏജന്റുമാർക്ക് ഇയാൾ കൈമാറിയതായാണ് വിവരം.
ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയാണ് ചന്ദ്ര. ബെംഗളൂരുവിൽ മത്തിക്കെരെയിലാണ് താമസം. സൈനിക ഇന്റലിജൻസും കർണാടക ഇന്റലിജൻസും നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. റഡാർ സംവിധാനങ്ങൾ, ഓപ്പറേറ്റിംഗ് ഫ്രെയിംവർക്കുകൾ, സുരക്ഷാ പ്രോട്ടോക്കോളുകൾ, ഉന്നത ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിശദാംശങ്ങൾ, പ്രധാന ഇൻസ്റ്റാളേഷനുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പ്രതി പങ്കിട്ടതായി അന്വേഷണ സംഘം പറഞ്ഞു.
ചന്ദ്ര തന്റെ ഇമെയിൽ, വാട്ട്‌സ്ആപ്പ്, ടെലിഗ്രാം എന്നിവയിലൂടെ ഇത്തരം വിവരങ്ങൾ പങ്കുവെച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടതായാണ് വിവരം. ചന്ദ്രയെ സസ്‌പെൻഡ് ചെയ്തതായും അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ വസ്തുതാന്വേഷണ സമിതി രൂപീകരിച്ചതായും ബിഇഎൽ വക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: