ന്യൂഡൽഹി: ഡൽഹി ഹൈകോടതി ജഡ്ജിയുടെ ഔദ്യോഗിക വസതിയിൽ തീ അണക്കാൻ എത്തിയ അഗ്നിശമന സേനക്ക് ലഭിച്ചത് കണക്കിൽപെടാത്ത കെട്ടുകണക്കിന് പണം. ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽനിന്നാണ് പണം കണ്ടെത്തിയത്. പിന്നാലെ ജസ്റ്റിസ് യശ്വന്ത് വർമയെ ഡൽഹി ഹൈക്കോടതിയിൽ നിന്ന് അലഹബാദിലേക്ക് സ്ഥലം മാറ്റാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ നൽകിയതായാണ് സൂചന.
തീപിടിത്തമുണ്ടായ സമയത്ത് ജസ്റ്റിസ് യശ്വന്ത് വർമ സ്ഥലത്തില്ലായിരുന്നു. ജഡ്ജിയുടെ കുടുംബാംഗങ്ങളാണ് പൊലീസിനെയും ഫയർഫോഴ്സിനെയും വിളിച്ചത്. തീയണച്ച ശേഷം നടപടിക്രമങ്ങളുടെ ഭാഗമായി ഫയര്‍ ഫോഴ്‌സും പൊലീസും നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു. ഇതിനിടയിലാണ് ഒരു മുറിയിൽനിന്ന് പണം കണ്ടെത്തിയത്.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള കൊളീജിയമാണ് ജസ്റ്റിസ് യശ്വന്ത് വർമയെ സ്ഥലം മാറ്റാൻ നിർദേശം നൽകിയത്. അതേസമയം, ജസ്റ്റിസ് യശ്വന്ത് വർമ ഇതുവരെ പ്രതികരിച്ചിട്ടില്ല. ജുഡീഷ്യറിയുടെ വിശ്വാസ്യത കളങ്കപ്പെടുത്തിയ ജസ്റ്റിസ് യശ്വന്ത് വർമയോട് രാജിവയ്‌ക്കാന്‍ ചീഫ് ജസ്റ്റിസ് നിർദേശിക്കണമെന്നാണ് കൊളീജിയത്തിലെ ചില അംഗങ്ങളുടെ ആവശ്യം. രാജിക്ക് തയ്യാറായില്ലെങ്കിൽ ചീഫ് ജസ്റ്റിസ് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടണമെന്നും കൊളീജിയം യോഗത്തിൽ ആവശ്യമുയർന്നിരുന്നു.
2021 ഒക്ടോബറിലാണ് യശ്വന്ത് വർമ്മ ഡൽഹി ഹൈകോടതിയിൽ നിയമിതനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: