കൊല്‍ക്കത്ത: ബംഗാളിന്റെ തന്ത്രപ്രധാനമായ ബംഗ്ലാദേശ്, ഭൂട്ടാന്, നേപ്പാള്‍ അതിര്‍ത്തി ഗ്രാമങ്ങള്‍ അടുത്തിടെ സന്ദര്‍ശിച്ച ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് ദല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.
ആദ്യ രണ്ടുവര്‍ഷങ്ങളില്‍ അക്രമങ്ങള്‍ക്കും അഴിമതിക്കുമെതിരെ ശക്തമായ നിലപാടെടുത്ത ഗവര്‍ണര്‍ ഇപ്പോള്‍ അതിര്‍ത്തികളില്‍ വര്‍ധിച്ചുവരുന്ന വിധ്വംസക പ്രവത്തനങ്ങള്‍ക്കും സര്‍വകലാശാലകളെ കലാപശാലകളാക്കുന്ന അരാജകവാദികള്ക്കുമെതിരെയുള്ള നടപടികളിലാണ് ശ്രദ്ധയൂന്നുന്നത്. ജനുവരി ആദ്യവാരം നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ സുന്ദര്‍ബന്‍ മേഖലയിലെ ബാങ്ക്രയും രണ്ടാം വാരം പൂര്‍ബ ബര്‍ദ്ധമാനില്‍ ഔസ്ഗ്രാമിലെ സഖഡംഗ എന്ന ഗോത്ര പ്രദേശവും ഡോ. ആനന്ദബോസ് സന്ദര്‍ശിച്ചു. അഭ്യൂഹങ്ങളും ആശങ്കകളും നിലനില്‍ക്കുന്ന ഭാരത – നേപ്പാള്‍, ഭാരത-ഭൂട്ടാന് അതിര്‍ത്തികളിലായിരുന്നു മാര്‍ച്ച് ആദ്യവാരത്തിലെ പര്യടനം. ആ സന്ദര്‍ശനവും കൂടിക്കാഴ്ചകളും വിവരശേഖരണവും ദേശീയതലത്തില്‍ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. മേഖലകളിലെ നിലവിലുള്ള സ്ഥിതിഗതികള്‍ അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചതായി അറിയുന്നു.
ബിഎസ്എഫിന്റെ ഫ്ളോട്ടിങ് ബോര്‍ഡര്‍ ഔട്ട്പോസ്റ്റുകള്‍, ഭൂട്ടാന് അതിര്‍ത്തിയില്‍ അലിയ്പുര്‍ദ്വാര്‍ ജില്ലയിലെ ടോട്ടോപാരാ വനവാസി ഗ്രാമം, കിഴക്കന്‍ നേപ്പാളിലേക്കുള്ള പ്രവേശന കവാടമായ പാണിറ്റാങ്കി ഔട്ട്പോസ്റ്റിന് കീഴിലെ പഴയ മേച്ചി പാലം, ചെക്ക്പോസ്റ്റ്, ഗോര്‍സിംഗ് ബസ്ടി അതിര്‍ത്തി ഔട്ട്പോസ്റ്റ്, സശസ്ത്ര സീമാ ബലിന്റെ സിലിഗുരി ഫ്രണ്ടിയര്‍ ബറ്റാലിയന്റെ പ്രവര്‍ത്തനമേഖല, ഝാഡ്ഗ്രാം ജില്ലയില്‍ ഗോവിന്ദപൂരിലെ ഗോത്രവര്‍ഗപ്രദേശം എന്നിവ നിരീക്ഷിച്ച ഗവര്‍ണര്‍, സേനാമേധാവികള്‍, ഗ്രാമവാസികള്‍, ജനപ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിര്‍ത്തി ഗ്രാമസമ്പര്‍ക്ക പരിപാടികളുടെ പുരോഗതിയും ഫലങ്ങളും നിരീക്ഷിക്കുന്നതിനായി രാജ്ഭവനില്‍ ഒരു ‘അമാര്‍ ഗ്രാം ആക്റ്റിവിറ്റീസ് മോണിറ്ററിങ് സെല്‍’ സ്ഥാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: