ഭാഷ ആശയവിനിമയത്തിനുള്ള ഉപാധി എന്നതിലുപരി മനുഷ്യന്റെ സ്വത്വബോധത്തെയും സാംസ്‌കാരിക ബോധ്യങ്ങളെയും ഉള്‍കൊള്ളുന്ന ഘടകമാണ്. ‘മാതൃഭാഷ’ എന്ന പദത്തില്‍നിന്നു തന്നെ ഭാഷയെ മാതൃസ്ഥാനത്ത് കാണുന്ന ഭാരതീയ സംസ്‌കാരം വ്യക്തമാകും. ‘മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍, മര്‍ത്ത്യന് പെറ്റമ്മ തന്‍ ഭാഷ താന്‍’ എന്ന് വള്ളത്തോള്‍ ‘എന്റെ ഭാഷ’ എന്ന കവിതയില്‍ രചിച്ചത് ഇന്നത്തെ കാലഘട്ടത്തിലും പ്രസക്തമാണ്. ആ കവിമനസ്സിനെ അതിന്റെ പൂര്‍ണ്ണതയില്‍ ഉള്‍ക്കൊണ്ടുകൊണ്ട് വിദ്യാഭ്യാസ പ്രക്രിയയിലേക്ക് സന്നിവേശിപ്പിക്കുകയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി).
എന്താണ് ത്രിഭാഷാ പദ്ധതി ?
മാതൃഭാഷ പോലെ തന്നെ പ്രധാനമാണ് ഗൃഹ ഭാഷ, അല്ലെങ്കില്‍ പ്രാദേശിക ഭാഷ. സ്വഭാഷ എന്നത് മാതൃസ്ഥാനത്ത് തന്നെയാണെങ്കിലും, ജീവിതയാത്രയില്‍ വളര്‍ത്തമ്മയുടെ സ്ഥാനത്ത് മറ്റു ഭാഷകളും വന്നുചേരാറുണ്ട്. പല ഭാഷകള്‍ സംസാരിക്കുന്ന കുടുംബങ്ങള്‍ നമ്മുടെ സമൂഹത്തിലുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിദ്യാഭ്യാസം, വ്യവസായം, ജോലി എന്നീ ആവശ്യങ്ങള്‍ക്കായി നമ്മുടെ സംസ്ഥാനത്ത് വന്നു താമസിക്കുന്നവരുമുണ്ട്. ഒരു ഭൂപ്രദേശത്തെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഒരൊറ്റ ഭാഷ എന്ന മാനദന്ധം പ്രായോഗികമല്ല. കുറഞ്ഞത് അഞ്ചാം ക്ലാസ് വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തിലെ പഠനമാധ്യമം മാതൃഭാഷ / ഗൃഹഭാഷ / പ്രാദേശിക ഭാഷ എന്നിവയിലായിരിക്കണം എന്നതാണ് എന്‍ഇപി മുന്‍പോട്ട് വയ്‌ക്കുന്ന പ്രധാന നിര്‍ദേശം. അതിനുശേഷം ഒരു ഭാഷാ വിഷയമായി ഇവ എത്രകാലം വേണമെങ്കിലും തുടരാവുന്നതുമാണ്.
ഭാരതത്തില്‍ ത്രിഭാഷാ പദ്ധതി ആദ്യമായി പരാമര്‍ശിക്കുന്നത് മുന്‍ രാഷ്‌ട്രപതി ഡോ.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷനായ യൂണിവേഴ്‌സിറ്റി എജ്യൂകേഷന്‍ കമ്മീഷന്‍ 1949ല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ്. എല്ലാ ഭാഷകള്‍ക്കും പ്രാധാന്യം ഉണ്ടെന്ന് വിലയിരുത്തിക്കൊണ്ടു തന്നെ, വിദ്യാഭ്യാസ മേഖലയില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഒരു കേന്ദ്രീകൃത ഭാരതീയ ഭാഷ ഉണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി അതില്‍ പരാമര്‍ശിച്ചിരുന്നു. പിന്നീട് നിയോഗിക്കപ്പെട്ട വിദ്യാഭ്യാസ കമ്മീഷന്റെ പല ചര്‍ച്ചകള്‍ക്കും ഒടുവില്‍, 1968ല്‍ ഔദ്യോഗികമായി പാര്‍ലമെന്റില്‍ ത്രിഭാഷാ പദ്ധതി സ്വീകരിക്കപ്പെട്ടു. ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങളില്‍ ഹിന്ദി, ഇംഗ്ലീഷ് എന്നിവയ്‌ക്ക് പുറമെയായി ഏതെങ്കിലുമൊരു പുതിയ ഭാരതീയ ഭാഷയും മറ്റു പ്രദേശങ്ങളില്‍ ഹിന്ദി, ഇംഗ്ലീഷ്, ഒപ്പം അവിടത്തെ പ്രാദേശിക ഭാഷ എന്നുമായിരുന്നു പദ്ധതിയുടെ രൂപരേഖ. എന്നാല്‍ പല സംസ്ഥാനങ്ങളും പ്രത്യേകിച്ച് തമിഴ്നാട്ടില്‍ ഈ തീരുമാനം പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ഇതേത്തുടര്‍ന്ന്, പല മാറ്റങ്ങളോടെ ത്രിഭാഷാ പദ്ധതി ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങള്‍ നടപ്പിലാക്കി. തമിഴ്‌നാട് മാത്രം അത് നടപ്പിലാക്കാതെയിരിക്കുകയും ചെയ്തു.
ഭരണഘടന അനുശാസിക്കുന്നത് പോലെയും, പൊതുജന-സംസ്ഥാന-പ്രാദേശിക താത്പര്യങ്ങള്‍ക്കു വിധേയമായും മാത്രമേ ത്രിഭാഷാ പദ്ധതി നടപ്പിലാക്കുകയുള്ളൂ. ഒരു ഭാഷയും ഒരു സംസ്ഥാനത്തും അടിച്ചേല്‍പ്പിക്കില്ല. പഠിക്കേണ്ട മൂന്ന് ഭാഷകള്‍ ഏതൊക്കെയെന്ന് സംസ്ഥാന തലത്തിലോ, പ്രാദേശിക തലത്തിലോ അല്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തമായോ തീരുമാനിക്കാം. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുതരത്തിലും ഇടപെടില്ല. ഇതില്‍ രണ്ട് ഭാഷകള്‍ ഭാരതീയ ഭാഷകളാവണം എന്നത് മാത്രമാണ് നിബന്ധന. പഠന പുരോഗതിയില്‍ ആറ്, ഏഴ് എന്നീ തരങ്ങളില്‍ ഭാഷകളില്‍ പ്രാവീണ്യം ഉള്ളതനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഭാഷകള്‍ മാറി തിരഞ്ഞെടുക്കുവാനും അവസരമുണ്ട്. ശാസ്ത്ര-ഗണിത വിഷയങ്ങള്‍ ഉള്‍പ്പടെ മാതൃഭാഷയിലും, ഇംഗ്ലീഷിലും ഗുണനിലവാരമുള്ള പാഠപുസ്തകങ്ങളായി തയ്യാറാക്കിയിട്ടുണ്ട്.
ത്രിഭാഷാ പദ്ധതി: തെറ്റിദ്ധാരണയും യാഥാര്‍ത്ഥ്യവും
തെറ്റിദ്ധാരണകള്‍: മൂന്നാം ഭാഷയായി നിര്‍ബന്ധിത ഹിന്ദി പഠനം.
യാഥാര്‍ഥ്യം: മൂന്നാം ഭാഷയായി വിദ്യാര്‍ത്ഥികള്‍ക്ക് ഏതെങ്കിലും അംഗീകൃത ഭാരതീയ ഭാഷ തിരഞ്ഞെടുക്കാം.
തെറ്റിദ്ധാരണകള്‍: പഠന നിലവാരത്തെ ബാധിക്കും
യാഥാര്‍ഥ്യം: യു.എസ്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് റിസേര്‍ച്ചിന്റെ പഠനത്തില്‍, ചെറുപ്രായത്തില്‍ത്തന്നെ ബഹുഭാഷകള്‍ പഠിക്കുന്നത് വിദ്യാര്‍ത്ഥികളുടെ പഠന മികവിനെ വര്‍ധിപ്പിക്കുമെന്ന റിപ്പോര്‍ട്ട് ഉണ്ട്.
തെറ്റിദ്ധാരണകള്‍: ഹിന്ദി പഠന മാധ്യമമാക്കും
യാഥാര്‍ഥ്യം: അഞ്ചാം ക്ലാസ് വരെ നിര്‍ബന്ധമായും മാതൃഭാഷ തന്നെയാകണം പഠനമാധ്യമം. അതിനു ശേഷം എട്ടാം ക്ലാസ് വരെയോ, അതിന് മുകളിലേക്കോ മാതൃഭാഷ പഠനമാധ്യമമായി പ്രോത്സാഹിപ്പിക്കപ്പെടും.
തെറ്റിദ്ധാരണകള്‍: ഹിന്ദി,സംസ്‌കൃതം എന്നീ ഭാഷകള്‍ നിശബ്ദമായി പ്രചാരണത്തില്‍ കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം
യാഥാര്‍ഥ്യം: തമിഴ്, കന്നഡ, തെലുങ്ക്, മലയാളം ഉള്‍പ്പടെ 22 ഭാരതീയ ഭാഷകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഭിരുചിക്കനുസരിച്ച് തെരഞ്ഞെടുത്ത് പഠിക്കാനുള്ള അവസരമാണ് എന്‍ഇപി ഒരുക്കുന്നത്. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഫ്രഞ്ച്, ജര്‍മ്മന്‍, സ്പാനിഷ് മുതലായ ഭാഷകളും വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്.
തെറ്റിദ്ധാരണകള്‍: തമിഴ് സ്വത്വത്തിന് തന്നെ അപകടകരമാണ് എന്‍ഇപി.
യാഥാര്‍ഥ്യം: വിദ്യാഭ്യാസം സാംസ്‌കാരികവും, സാഹിത്യപരവുമായ സ്വത്വബോധത്തോടെ വിദ്യാര്‍ഥികളിലേക്ക് പ്രാഥമിക വിദ്യാഭ്യാസ കാലഘട്ടം മുതല്‍ എത്തിക്കുകയാണ് എന്‍ഇപിയുടെ ലക്ഷ്യം. തമിഴ് ഉള്‍പ്പടെയുള്ള ക്ലാസിക് ഭാഷാ സാഹിത്യങ്ങള്‍ സംരക്ഷിച്ച്, അവ സിലബസിന്റെ ഭാഗമാക്കുകയും ചെയ്തിട്ടുണ്ട്.
തെറ്റിദ്ധാരണകള്‍: തൊഴിലധിഷ്ഠിത പഠനം ജാതിപരമായ തൊഴിലുകള്‍ക്ക് മുന്‍ഗണന നല്‍കും
യാഥാര്‍ഥ്യം: തൊഴിലധിഷ്ഠിത പഠനം അന്താരാഷ്‌ട്ര തലത്തില്‍ നിലവിലുള്ളതാണ്. തമിഴ്‌നാട്ടിലുള്‍പ്പടെ ഇത്തരത്തിലുള്ള പല കോഴ്സുകളും നിലവിലുണ്ട്. തമിഴ്‌നാട് സംസ്ഥാന വിദ്യാഭ്യാസ നയത്തിന്റെ റിപ്പോര്‍ട്ടില്‍ മുക്കുവ സമുദായത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കപ്പല്‍ സംബന്ധമായ തൊഴില്‍ പഠനം പരാമര്‍ശിച്ചിട്ടുണ്ട്.
തെറ്റിദ്ധാരണകള്‍: ഉന്നത ജാതിയിലുള്‍പ്പെട്ടവര്‍ക്ക് മാത്രമേ എന്‍ഇപി പ്രയോജനം ചെയ്യുകയുള്ളൂ.
യാഥാര്‍ഥ്യം: വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാമൂഹിക നീതിയും സമത്വവും ഉറപ്പുവരുത്തന്‍ സാധിക്കുകയുള്ളൂ. എന്‍ഇപി പ്രകാരം ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഓരോ വിദ്യാര്‍ത്ഥിയുടെയും മൗലിക അവകാശമാണ്.
തെറ്റിദ്ധാരണകള്‍: എന്‍ഇപി സംസ്ഥാനത്തെ 2000 വര്‍ഷം പുറകോട്ട് കൊണ്ടുപോകും.
യാഥാര്‍ഥ്യം: അന്താരാഷ്‌ട്ര ഗവേഷണ ലേഖനങ്ങളില്‍ ഫിന്‍ലാന്‍ഡ്, കാനഡ, ജര്‍മനി മുതലായ രാജ്യങ്ങള്‍ അവലംബിച്ചിട്ടുള്ള വിദ്യാഭ്യാസ നയങ്ങള്‍ക്കൊപ്പം താരതമ്യം ചെയ്ത് എന്‍ഇപി മികച്ചതാണെന്ന് പ്രതിപാദിക്കുന്നു.
എന്തുകൊണ്ട് തമിഴ്നാട്ടില്‍ മാത്രം പ്രശ്‌നം ?
കാലാകാലങ്ങളായി തമിഴ്നാട്ടില്‍ ഭാഷാ സംബന്ധമായ പ്രശ്‌നങ്ങള്‍ നിലനിന്നുപോരുന്നു. രാഷ്‌ട്രീയ ലാഭത്തിനായി ദ്രാവിഡ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഇവ പ്രയോജനപ്പെടുത്തുന്നുണ്ട്. തമിഴ്‌നാട് ജനതയെ ഈ മിഥ്യകള്‍ വിശ്വസിപ്പിച്ച് പോരുന്നതില്‍ അവര്‍ വിജയിച്ചു. നിലവില്‍, തമിഴ്നാട്ടിലെ പല സ്വകാര്യ സ്‌കൂളുകളിലായി പഠിക്കുന്ന 56 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഹിന്ദി ഉള്‍പ്പടെ പല ബഹു ഭാഷകളും പഠിക്കുന്നു. എന്നാല്‍, സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ പിടിവാശി കാരണം മാത്രം ഇന്നും ഇത് അപ്രാപ്യമായി നിലനില്‍ക്കുന്നു. സ്‌കൂളുകളുടെ പഠനനിലവാരം ഉയര്‍ത്തുന്ന പി.എം.ശ്രീ പദ്ധതിയുടെ ഫണ്ട് വിഹിതവുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും തമിഴ്നാട്ടില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. 14500ല്‍ അധികം സ്‌കൂളുകള്‍ക്കും 20 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടുമായി ഉന്നതനിലവാരമുള്ള വിദ്യാഭ്യാസം എത്തിക്കുക എന്നതുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇക്കഴിഞ്ഞ ബജറ്റില്‍ 7500 കോടി രൂപയാണ് ഈ പദ്ധതിയ്‌ക്കായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. പി.എം.ശ്രീ പദ്ധതിയ്‌ക്കായുള്ള താത്പര്യപത്രങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ക്ഷണിച്ചിരുന്നു. 2024 മാര്‍ച്ചില്‍ത്തന്നെ, ഇതിനായുള്ള ഉടമ്പടിക്കരാര്‍ ഒപ്പുവെയ്‌ക്കാനുള്ള താത്പര്യപത്രം തമിഴ്‌നാട് സര്‍ക്കാര്‍ അയക്കുകയും ചെയ്തിരുന്നു. പിന്നീട് രാഷ്‌ട്രീയ ലാഭങ്ങള്‍ക്കായി ഇത് ചെയ്യാതിരിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ചെയ്തത്.
പി.എം.ശ്രീ പദ്ധതിയില്‍ അനുവദിക്കപ്പെടേണ്ട തുക ലഭിച്ചില്ല എന്ന ആരോപണമാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഈയടുത്ത് ഉന്നയിച്ചത്. എന്നാല്‍, ഉടമ്പടി കരാറിന് പോലും തയ്യാറാവാതെ, എപ്രകാരമാണ് പൂര്‍ണ്ണമായി കേന്ദ്ര സര്‍ക്കാര്‍ വിഹിതം നല്‍കുന്ന പദ്ധതിയുടെ ഫണ്ട് സംസ്ഥാനത്തിന് കൈമാറാനാവുക എന്ന ചോദ്യമാണ് കേന്ദ്രം തിരിച്ചുചോദിക്കുന്നത്. ഈ പ്രശ്നത്തെ, തമിഴ്നാട്ടില്‍ ത്രിഭാഷാ പദ്ധതിയുമായി ബന്ധപ്പെടുത്തി, ഹിന്ദി പഠിക്കാന്‍ വിസമ്മതിക്കുന്നത് കാരണം, സ്‌കൂളുകള്‍ക്കായുള്ള ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചിരിക്കുന്നു എന്ന നിലയിലുള്ള പ്രചാരണമാണ് നടത്തുന്നത്. എം.കെ. സ്റ്റാലിന്‍, തോള്‍ തിരുമാവളവന്‍, സീമാന്‍, വിജയ് മുതലായ രാഷ്ടീയ നേതാക്കള്‍ ത്രിഭാഷാ പദ്ധതിയെ എതിര്‍ക്കുകയും, അതേസമയം സ്വന്തം പേരിലും , ബന്ധുക്കളുടെ പേരിലുമുള്ള സ്വകാര്യ മാനേജ്മെന്റ് സ്ഥാപനങ്ങളില്‍ ത്രിഭാഷാ പദ്ധതിയില്‍ അധിഷ്ഠിതമായ പാഠ്യക്രമങ്ങള്‍ നടത്തുകയുമാണ്.
മഹാത്മാ അയ്യങ്കാളിയെപ്പോലെയുള്ളവര്‍ വിദ്യാഭ്യാസത്തെ സാമൂഹിക സമത്വം ഉറപ്പു വരുത്തനുള്ള ഉപാധിയായി കാണുകയും, അതിനായി പോരാട്ടം നടത്തി എല്ലാവരിലേക്കും അവ ഉറപ്പുവരുത്തുകയും ചെയ്ത കാലഘട്ടത്തില്‍ നിന്ന്, ഇന്ന് നമ്മുടെ അയല്‍സംസ്ഥാനം വളരെ പിന്‍തിരിഞ്ഞ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ട്, ഭാവി തലമുറയുടെ അവസരങ്ങളെ നഷ്ടപ്പെടുത്തുകയാണ്. പൊതുജനങ്ങള്‍ വിവേചനപൂര്‍വ്വം സ്വന്തം മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ മുന്നോട്ടുവരേണ്ടിയിരിക്കുന്നു.
(എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിയംഗവും, എന്‍സിഇആര്‍ടി ഗവേഷക ഫെല്ലോയുമാണ് ലേഖകന്‍ )
പ്രതികരിക്കാൻ ഇവിടെ എഴുതുക: