നൂറ്റാണ്ടുകളുടെ അടിമത്തത്തില്‍ നിന്നും, യാതനകളില്‍ നിന്നും ഭാരതീയ പൗരന്മാര്‍ കരകയറി ആശ്വാസത്തിന്റെ നേടുവീര്‍പ്പിടാന്‍ കഴിഞ്ഞത് 1947 ആഗസ്റ്റ് 14-ാം തീയതി അര്‍ദ്ധരാത്രിയിലാണ്. ഭാരതത്തിന്റെ മോചനത്തിനായി എത്രയെത്ര ത്യാഗങ്ങളും യാതനകളും നാം സഹിച്ചു! നഷ്ടപ്പെട്ട കാര്യങ്ങളുടെ കണക്കെടുക്കാന്‍തന്നെ പ്രയാസം. ഇന്നിപ്പോള്‍ ഇംഗ്ലണ്ടിന്റെ കലവറകളില്‍ നിന്നു ഭാരതത്തിനു പ്രിയപ്പെട്ട വസ്തു വഹകള്‍ കണ്ടെടുത്ത് തിരിച്ചു കൊണ്ടുവരാന്‍ ഭാരതത്തിന്റെ വിദേശകാര്യ വകുപ്പു ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏതൊരു ദേശ സ്‌നേഹിക്കും സന്തോഷ മുളവാക്കും. കടത്തിക്കൊണ്ടുപോയവയില്‍ ആകര്‍ഷകങ്ങളായ കൗതുകവസ്തുക്കള്‍ മാത്രമാണ് ലഭിക്കാന്‍ സാധ്യതയുള്ളത്. ഭാരതത്തെ കൊള്ളയടിച്ചു മുതല്‍ക്കൂട്ടിയ സ്വത്തുക്കളെല്ലാം മുഗളന്മാരും, ബ്രിട്ടീഷുകാരും, ഫ്രഞ്ച്, ജര്‍മ്മനി, പോര്‍ച്ചുഗീസ്, ഡച്ച് എന്നീ രാജ്യങ്ങളും തിരിച്ചു തന്നാല്‍ നമ്മോട് മത്സരിക്കാന്‍ പോലും കഴിയാത്തവിധം നാം ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി മാറും. എക്കാലത്തും സമാധാനത്തിന്റെ പാത സ്വീകരിച്ചു പോന്ന നാം നഷ്ടങ്ങള്‍ ഏറെ അനുഭവിച്ചു. പക്ഷെ, ഒരു പ്രതീക്ഷയും ആശ്വാവുസമുണ്ടായിരുന്നു. സ്വതന്ത്ര ഭാരതത്തിലെ ജനത അടിമത്തത്തിന്റെ ചരിത്രം എന്നെന്നേക്കുമായി അവസാനിപ്പിക്കും. ശാശ്വത സമാധാനത്തിന്റെ സന്ദേശവുമായി ലോക മനസാക്ഷിയുടെ മുന്നില്‍ പുതിയ മാതൃക രചിക്കും. ഇവിടുത്തെ ജനത കണ്ടും കേട്ടും വളര്‍ന്ന ഭാരതത്തിന്റെ ദുരവസ്ഥകള്‍ അവര്‍ക്ക് എക്കാലത്തും പാഠമായിരിക്കും. നമ്മേ നയിക്കാന്‍ നേതൃത്തിലേക്കു കടന്ന് വന്നവര്‍ ജനാധിപത്യ വിശ്വാസത്തിന്റെ നാല് ശക്തമായ കാലുകളായ പാര്‍ലമെന്റ്, ജുഡീഷ്യറി, എക്‌സിക്യൂട്ടീവ്, പ്രസ്സ് എന്നിവ അതിനനുസരിച്ചു പാകപ്പെടുത്തി ജനാധിപത്യ വിശ്വാസത്തെ കൂടുതല്‍ അര്‍ഥവത്താക്കും.
ഇതിനെല്ലാമായി രണ്ടു വര്‍ഷത്തിനുള്ളില്‍ ലോകം ശ്ലാഘിക്കുന്ന ഒരു ഭരണഘടന ഭാരതത്തിലെ മഹാരഥന്മാര്‍ നെയ്‌തെടുത്തു. അതിന്റെ തണലില്‍ പൗരന്റെ കടമകളും ചുമതലകളും സ്പഷ്ടമായി നിര്‍വ്വചിച്ചു. സ്വതന്ത്രമായ ചിന്ത, സ്വതന്ത്രമായ അഭിപ്രായ സ്വാതന്ത്ര്യം,ഇവയുടെ അടിസ്ഥാനത്തിലുള്ള പത്ര സ്വാതന്ത്ര്യം. ഭരണഘടന വിഭാവനം ചെയ്യുന്ന വ്യക്തി സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്ന നിയമ വ്യവസ്ഥ. തികച്ചും മാതൃകാപരമായ രാഷ്‌ട്ര സംവിധാനം. എന്നാല്‍ തലമുറകള്‍ക്ക് സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ വെമ്പിയ ഭാരതം ഒരു സുപ്രഭാതത്തില്‍ തകിടം മറിയുന്നതാണ് നാം കണ്ടത്. വലിയ പ്രതീക്ഷയോടെ ഭാരതത്തിന്റെ ഭരണമാറ്റം ശ്രദ്ധിച്ചിരുന്ന ലോക ജനത തരിച്ചു നിന്നുപോയ നിമിഷം! അതാണ് 1975 ജൂണ്‍ 25ന് അര്‍ദ്ധരാത്രി പ്രഖ്യാപിക്കപ്പെട്ട അടിയന്തിരാവസ്ഥയെന്ന കരാള നിയമം. സ്വതന്ത്ര ഭാരതത്തിന്റെ സമ്പൂര്‍ണ്ണ വളര്‍ച്ച ഉറപ്പു വരുത്താന്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ പാദമെന്നു കരുതിയ ഭരണഘടനതന്നെ വെട്ടി മുറിക്കപ്പെട്ടു. സ്വേച്ഛാധിപത്യ ഭരണ വ്യവസ്ഥയുണ്ടാക്കാന്‍ തുടര്‍ന്നു ബാക്കി പാദങ്ങളും സ്വാഭാവികമായി നിഷ്‌ക്രിയമാവുകയും നിര്‍ബന്ധിതമായ പരിവര്‍ത്തനത്തിനു വിധേയമാക്കപ്പെടുകയും ചെയ്തു. ധര്‍മ്മച്യുതി ചൂണ്ടികാണിക്കേണ്ട മാധ്യമങ്ങളുടെ വായ അടച്ചു പൂട്ടപ്പെട്ടു. അവരില്‍ ഭൂരിഭാഗവും ഭരണ സാരഥികളുടെ ആജ്ഞാനുവര്‍ത്തികളാക്കപ്പെട്ടു. വഴങ്ങാത്ത മാധ്യമങ്ങളുടെ പ്രസ്സുകള്‍ ബലം പ്രയോഗിച്ചടച്ച് സീല്‍ ചെയ്യപ്പെട്ടു. പത്രാധിപരെ ജയിലിലടച്ചു. പാര്‍ലിമെന്റിനെ അര്‍ത്ഥവത്താക്കുന്ന പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ചു. തങ്ങള്‍ക്കു സ്വീകാര്യമല്ലാത്ത ഉദ്യോഗസ്ഥരെ നിര്‍ബന്ധിത റിട്ടയേര്‍മെന്റ് നല്‍കി പറഞ്ഞയച്ചു. പലരെയും അറസ്റ്റ് ചെയ്തു തടങ്കലിലാക്കി. ജനസംഖ്യാ നിയന്ത്രണത്തിന്റെ പേരില്‍ പുരുഷന്മാരെ നിര്‍ബന്ധിതമായി വന്ധ്യംകരണം ചെയ്തു. ഡല്‍ഹിയിലെയും മുംബൈയിലെയും ചേരിപ്രദേശങ്ങളില്‍ കഴിയുന്ന പാവപ്പെട്ടവരെ ഇറക്കിവിട്ടു വഴിയാധാരമാക്കി. ബുള്‍ഡോസറുകള്‍ കൊണ്ടുവന്നു രായ്‌ക്കു രാമാനം തലങ്ങും വിലങ്ങും നിലം പരിശാക്കി. നാടിന്റെ സംസ്‌കാരം, സുരക്ഷ, ജനാധിപത്യസംവിധാനം, ജനങ്ങളുടെ ഭരണഘടനാപരമായ സ്വാതന്ത്ര്യം എന്നിവ ആട്ടിമറിക്കപ്പെടുമ്പോള്‍ ആരെയും കാത്തുനില്‍ക്കാതെ വ്യക്തിഗത നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കാതെ അവയെ പ്രതിരോധിക്കാന്‍ രംഗത്തിറങ്ങാറുള്ള രാഷ്‌ട്രീയ സ്വയംസേവക സംഘം സ്വാഭാവികമായും ജയപ്രകാശ് നാരായണന്റെ സമ്പൂര്‍ണ്ണ വിപ്ലവാഹ്വാനം ചെവികൊണ്ട് ലോക സംഘര്‍ഷ സമിതിയുടെ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ തയ്യാറായി. അപകടം മുന്‍കൂട്ടിയറിഞ്ഞ പ്രധാനമന്ത്രി ഇന്ദര ഗാന്ധി സംഘത്തെ നിരോധിക്കാനും നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റു ചെയ്തു ജയിലിലടക്കാനും ഉത്തരവിട്ടു. എന്നാല്‍ പ്രവര്‍ത്തനത്തിന്റെ മര്‍മ്മമറിയുന്ന സംഘം ഒളി പ്രവര്‍ത്തനത്തിന്റെ ചുക്കാന്‍ പിടിച്ചു എല്ലാ സംഘടനാ നേതൃത്വവുമായി ഇടപഴകാനും ആശയവിനിമയം ചെയ്യാനും, ആസൂത്രിതമായ പ്രവര്‍ത്തനം കാഴ്ചവക്കാനും കഴിഞ്ഞു. ഒട്ടേറെ പ്രവര്‍ത്തകര്‍ക്കു ജയിലിനകത്തും പുറത്തും പോലീസിന്റെ അതിക്രൂര മര്‍ദ്ദനമുറകള്‍ ഏറ്റുവാങ്ങേണ്ടി വന്നു.
ഭീകര പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളെ ഭയവിഹ്വലരാക്കി രാജ്യത്തിലുടനീളം ഹിറ്റ്‌ലറെയും സ്റ്റാലിനെയും നാണിപ്പിക്കും വിധം ഇന്ദിര ഏകാധിപത്യ തേര്‍വാഴ്ച നടത്തി. എല്ലാം എന്തിന് വേണ്ടിയായിരുന്നു? നെഹ്‌റു കുടുംബത്തിന്റെ സ്വേച്ഛാധിപത്യപരമായ കുടുംബവാഴ്ചക്കും കോണ്‍ഗ്രസ് ഏറാന്മൂളികളുടെ അഴിമിതി ഭരണം നിലനിര്‍ത്തിക്കൊണ്ടുപോകാനും മാത്രം. തങ്ങള്‍ക്കു സ്വീകാര്യമല്ലാത്ത കോണ്‍ഗ്രസ്സിതര സംസ്ഥാന സര്‍ക്കാരുകളെയെല്ലാം ഏകപക്ഷീയമായി പിരിച്ചു വിട്ടു കേന്ദ്ര ഭരണത്തിന് കീഴില്‍ കൊണ്ടുവന്നു. ‘ഇന്ത്യയെന്നാല്‍ ഇന്ദിരാ ‘ഇന്ദിര എന്നാല്‍ ഇന്ത്യ’ എന്നും ‘നാവടക്കൂ പണിയെടുക്കൂ’യെന്നുമുള്ള മുദ്രാവാക്യങ്ങള്‍ തെരുവുകളിലൂടെ മൈക്ക് വച്ച് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ജനാധിപത്യത്തിനും, പൗര സ്വാതന്ത്ര്യത്തിനും വേണ്ടി ദാഹിച്ചു പ്രസ്തുത സ്വാതന്ത്ര്യങ്ങള്‍ നേടിയെടുത്ത ഭാരതീയ സമൂഹത്തിന് സ്വാതന്ത്ര്യ ദിനാചാരണത്തിന്റെ 28 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഓര്‍ക്കാപ്പുറത്തേറ്റ അടിപോലെ ഇത്തരം ഒരശ്വനിപാതം വക വച്ചുകൊടുക്കാന്‍ കഴിയുമായിരുന്നില്ല. ഗാന്ധിജിയോടൊപ്പം അഹിംസയിലുറച്ച് സത്യാഗ്രഹം ചെയ്ത സര്‍വ്വോദയ നേതാവ് ലോകമാന്യ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ലക്ഷക്കണക്കിന് ദേശ സ്‌നേഹികള്‍ സമ്പൂര്‍ണ്ണ വിപ്ലവ മുദ്രാവാക്യങ്ങളുയര്‍ത്തി സഹന സമരത്തിന് ഇറങ്ങി. ആയിരങ്ങള്‍ തുറുങ്കിലടക്കപ്പെട്ടു. ജയിലിനകത്തും പുറത്തും ഒട്ടേറെ പേര്‍ ബ്രിട്ടീഷുകാരെപോലും നാണിപ്പിക്കുന്ന മര്‍ദ്ദനമുറകള്‍ക്കു വശംവദരായി. നിരവധിപേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു. പലരും ഇന്നും ദുരിതം സഹിച്ചു ജീവഛവമായി കഴിയുന്നു. ഒടുവില്‍ ജനങ്ങളുടെ പോരാട്ട ശക്തിക്കു മുന്നില്‍ സ്വേഛാധിപത്യത്തിനു കീഴടങ്ങേണ്ടി വന്നു. 1977 മാര്‍ച്ച് 21 ന് അടിയന്തിരാവസ്ഥ പിന്‍വലിക്കപ്പെട്ടു. ജനനേതാക്കള്‍ മോചിതരായി. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരയും കോണ്‍ഗ്രസ്സും പരാജയം ഏറ്റുവാങ്ങി. അടിയന്തിരാവസ്ഥയോടു പൊരുതി ജനങ്ങളെ നയിച്ച നേതാക്കള്‍ അണിനിരന്ന ജനതാ പാര്‍ട്ടി അധികാരത്തിലേറി. അങ്ങനെ സ്വേഛാധിപത്യത്തിനെതിരെ ജനാധിപത്യത്തിന്റെ വിജയം കുറിച്ച ദിനം പിറന്നു. ആ ദിനം വടക്കന്‍ സംസ്ഥാനങ്ങളില്‍ വിജയ സങ്കല്‍പ ദിനമായി ആചരിച്ചു വരുന്നുണ്ട്.
അടിയന്തിരാവസ്ഥയ്‌ക്കെതിരായ പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരമായിരുന്നെന്നും ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സ്വാതന്ത്ര്യ സമരഭടന്മാര്‍ നടത്തിയ ഗാന്ധിയന്‍ സഹന സമരമായിരുന്നുവെന്നും അന്ന് മരണം വരിച്ചവരുടെ കുടുംബാംഗങ്ങളും മര്‍ദ്ദനം സഹിച്ചു രോഗികളായിത്തീര്‍ന്നു തൊഴില്‍ നഷ്ടപ്പെട്ടതിനാല്‍ ഇന്നും ജീവിതം ദുഷ്‌ക്കരമായി തള്ളി നീക്കേണ്ടി വരുന്നവരും സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തിന് അര്‍ഹതപ്പെട്ടവരാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള നിവേദനങ്ങള്‍ സമര്‍പ്പിക്കപ്പെട്ടു. പക്ഷേ, അവയെല്ലാം നടപടി കാത്തു കഴിയുന്നതേയുള്ളു. 2024 ജൂലൈ 12 ന് ഇന്ത്യന്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ലമെന്റില്‍ ജൂണ്‍ 25 ഭരണഘടനാ ഹത്യാ ദിവസമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 50-ാം വര്‍ഷം ആചരിക്കുന്ന ഈ വര്‍ഷം ജൂണ്‍ 25ന് വിപുലമായ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്
(അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് രക്ഷാധികാരിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: