മാസംതോറുമുള്ള ഓണറേറിയം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന ഉപരോധ സമരം, സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യമന്ത്രിയുടെയും മറ്റും തീര്‍ത്തും പ്രതികൂലമായ സമീപനത്തില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടന്നിരിക്കുകയാണ്. സമരസമിതി നേതാക്കള്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സമരം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുകയും പരിഹസിക്കുകയുമാണുണ്ടായത്. ആശമാര്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും കൂട്ടാക്കാതെ ഏകപക്ഷീയമായി സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയാണ് മന്ത്രി ചെയ്തത്. ഒരുതരത്തിലുള്ള ഉറപ്പും നല്കാന് അവര്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് നിവൃത്തിയില്ലാതെയാണ് ആശമാര്‍ നിരാഹാര സമരത്തിലേക്ക് കടന്നിരിക്കുന്നത്. സമരത്തെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്താനുള്ള സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ശ്രമം നിരന്തരം പരാജയപ്പെടുകയാണുണ്ടായത്. തൊഴിലാളികള്‍ക്കുവേണ്ടി നിലകൊള്ളുന്നു എന്നു പറയുന്നവരുടെ തനിനിറം ഇതിലൂടെ പുറത്തുവന്നിരിക്കുന്നു.
ഓണറേറിയം നാമമാത്രമായി വര്‍ദ്ധിപ്പിച്ചു നല്കാന് പോലും സര്‍ക്കാരിന് പണമില്ലെന്നാണ് ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്ക് എത്തിയവരോട് പറഞ്ഞതത്രേ. സാമാന്യബുദ്ധിയുള്ള ആരും ഇത് അംഗീകരിക്കില്ല. ആശമാര്‍ക്ക് ഓണറേറിയം വര്‍ദ്ധിപ്പിച്ചു നല്‍കാമെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഇടതുമുന്നണി വാഗ്ദാനം ചെയ്തതാണ്. ഇത് പാലിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. മന്ത്രിമാര്‍ക്ക് ആഡംബര വാഹനങ്ങള്‍ വാങ്ങാന്‍ 100 കോടിയോളം രൂപയാണ് കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ വകയിരുത്തിയത്. നിലവില്‍ സഞ്ചരിക്കാന്‍ വാഹനങ്ങളുള്ളപ്പോള്‍ തീര്‍ത്തും അനാവശ്യമായാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഡംബര വാഹനങ്ങള്‍ വാങ്ങുന്നത്. പാര്‍ട്ടി കൊലയാളികളെ നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടുത്താന്‍ കോടികളുടെ നികുതിപ്പണം ഒഴുക്കുന്ന സര്‍ക്കാരാണ് ആശാ വര്‍ക്കര്‍മാര്‍ക്ക് നേരെ ദുര്‍മുഖം കാണിക്കുന്നത്. ജനങ്ങളുടെ നികുതിപ്പണം എടുത്ത് ഇപ്രകാരം ധൂര്‍ത്തടിക്കുന്നവര്‍ക്ക് സമൂഹത്തിന് അങ്ങേയറ്റം ഗുണകരമായ സേവനം നടത്തുന്ന ആശമാര്‍ക്കു നല്കാന് പണമില്ലെന്നു പറയുന്നത് വിചിത്രമാണ്. ജനാധിപത്യപരമായി പ്രവര്‍ത്തിക്കേണ്ട സര്‍ക്കാരില്‍ നിന്ന് ഇത്തരം ജനവിരുദ്ധമായ സമീപനം ഉണ്ടാകുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. അസംഘടിത ജനവിഭാഗങ്ങളെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നയം വിലപ്പോവില്ല. വലിയ തിരിച്ചടിയാവുകയും ചെയ്യും.
ആശമാരുടെ വിരമിക്കല്‍ ആനുകൂല്യം സംബന്ധിച്ച് മറ്റ് സംസ്ഥാനങ്ങളിലെ ഉത്തരവുകള്‍ ചര്‍ച്ചയില്‍ ആശമാരുടെ പ്രതിനിധികള്‍ ആരോഗ്യ മന്ത്രിയെ കാണിച്ചെങ്കിലും അത് വാങ്ങി നോക്കാന്‍ പോലും തയ്യാറായില്ലത്രേ. സാരിയുടുത്ത പിണറായിയെ പോലെയാണ് മന്ത്രി വീണാ ജോര്‍ജ് പെരുമാറുന്നത്. ജനാധിപത്യ സംവിധാനത്തില്‍ അവകാശങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും വേണ്ടി സമരം ചെയ്യാനുള്ള അവകാശം ആര്‍ക്കുമുണ്ട്. എന്നാല്‍ ഇത് സിപിഎം അംഗീകരിക്കുന്നില്ല. അതുകൊണ്ടാണ് സിപിഎം നേതാക്കള്‍, സമരം ചെയ്യുന്ന ആശമാരെ പരിഹസിക്കുകയും അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്. സര്‍ക്കാരും ഈ നയം പിന്തുടരുന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. സംസ്ഥാനത്തിന്റെ ഖജനാവും സര്‍ക്കാര്‍ സംവിധാനവും സിപിഎമ്മിന്റെ കുത്തകയല്ല. അങ്ങനെയാണെന്ന് കരുതി പെരുമാറുന്നത് ആശമാര്ക്കെന്നല്ല ജനാധിപത്യ ബോധമുള്ള ആര്‍ക്കും അംഗീകരിക്കാനാവില്ല. ഇത് മനസ്സിലാക്കി അനിശ്ചിതകാല നിരാഹാരത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന ആശമാരുടെ ജീവന് രക്ഷിക്കാനും, രമ്യമായി ചര്‍ച്ച നടത്തി അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനും സര്‍ക്കാര്‍ തയ്യാറാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: