പത്തനംതിട്ട: രാജ്യത്ത് മൂന്നു വര്‍ഷമായി ഏറ്റവുമധികം രാസ ലഹരി, മദ്യ-മയക്കുമരുന്നു കേസുകള്‍ കേരളത്തില്‍. മൂന്നു വര്‍ഷമായി കേരളം ഒന്നാം സ്ഥാനത്താണെന്ന് കേന്ദ്ര നര്‍കോട്ടിക് ബ്യൂറോ. രണ്ടാം സ്ഥാനത്തെ പഞ്ചാബിനെക്കാള്‍ ഇരട്ടി കേസാണ് കേരളത്തില്‍. 2021ല്‍ 6032 കേസും, 22ല്‍ 9527 കേസും, 23ല്‍ 33191 കേസുമാണ് കേരളത്തില്‍. 2024ലെ കണക്ക് പുറത്തുവിട്ടിട്ടില്ല.
രണ്ടു മാസത്തിനുള്ളില്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രം ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട 300 കേസാണുണ്ടായത്. 25-35 പ്രായത്തിലുള്ളവരാണ് ഈ കേസുകളിലെ ഭൂരിഭാഗവും. കളമശേരിയില്‍ പിടിയിലായ മെഹന്തി 1000 രൂപ ദിവസക്കൂലിക്ക് ആളെവച്ചായിരുന്നു കച്ചവടം കൊഴുപ്പിച്ചത്. എന്‍ഡിപിഎസ് (നര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ്) കച്ചവടവുമായി ബന്ധപ്പെട്ട് അഞ്ചു വര്‍ഷത്തിനിടെ കേരളത്തില്‍ ഒരു ലക്ഷത്തിലേറെ കേസുണ്ടായി. എന്നാല്‍ 2021-22ലെ പതിനായിരത്തോളം കേസില്‍ ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടില്ലെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ മദ്യ-മയക്കുമരുന്നു വിപത്തിനെതിരേ കാടിളക്കിയുള്ള പ്രചാരണത്തിന്റെ പൊള്ളത്തരമാണ് ഇതു തുറന്നുകാട്ടുന്നത്. 22-23ല്‍ വെറും രണ്ടു പേരാണ് ശിക്ഷിക്കപ്പെട്ടത്. മദ്യ-മയക്കുമരുന്ന് മാഫിയകളുടെ ഭരണ, രാഷ്ട്രീയ സ്വാധീനം മൂലമാണ് പിടിക്കപ്പെടുന്ന കേസ് തെളിയിക്കാനോ ശിക്ഷിക്കാനോ കഴിയാതെ പോകുന്നതെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: