തിരുവനന്തപുരം: തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം കടുപ്പിച്ച് ആശ വര്‍ക്കര്‍മാര്‍. അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ഉന്നയിച്ച ആവശ്യങ്ങളില്‍ കൃത്യമായ നടപടിയുണ്ടാകാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ആശമാരുടെ നിലപാട്.
ഓണറേറിയം കൂട്ടുന്നത് കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവയ്ക്കേണ്ടതില്ലെന്നും സംസ്ഥാനത്തിന് തീരുമാനിക്കാവുന്നതേയുള്ളൂവെന്നും സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുന്ന ആശാപ്രവര്‍ത്തകര്‍ പറഞ്ഞു.
സെക്രട്ടേറിയറ്റിനു മുന്നില്‍ ആശാപ്രവര്‍ത്തകര്‍ തുടങ്ങിയ രാപകല്‍ സമരം 39 ദിവസം തികഞ്ഞ ഇന്നലെയാണ് സമരത്തിന്റെ മൂന്നാം ഘട്ടമായ നിരാഹാരത്തിലേക്കു കടന്നത്. കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ. ബിന്ദു, കെ.പി. തങ്കമണി, ആര്. ഷീജ എന്നിവരാണ് നിരാഹാര സമരം ആരംഭിച്ചത്. ഡോ. കെ.ജി. താര സമരം ഉദ്ഘാടനം ചെയ്തു. നിങ്ങളെന്തിനാണ് ഈ പാവപ്പെട്ട സ്ത്രീകളെ മഴയത്തും വെയിലത്തും കിടത്തിയിരിക്കുന്നത് എന്ന ചോദ്യമുയര്‍ത്തി ഈ ഭരണകൂടത്തിനെതിരേ നൂറുകണക്കിനു ചൂണ്ടുവിരലുകള്‍ ഉയരുമെന്ന് അവര്‍ പറഞ്ഞു. അടിസ്ഥാന വര്‍ഗത്തിന്റെ ന്യായമായ ആവശ്യം ചെവിക്കൊള്ളാന്‍ തയാറാകാത്ത സര്‍ക്കാരിനെ ഇടതുപക്ഷമെന്നു വിളിക്കാന്‍ ലജ്ജിക്കുന്നതായും അവര്‍ തുടര്‍ന്നു. സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദന്, സമര സമിതി കോ ഓര്‍ഡിനേറ്റര്‍ എസ്. മിനി, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കഴിഞ്ഞ ദിവസം മന്ത്രി വീണ ജോര്‍ജുമായും എന്‍എച്ച്എം ഡയറക്ടറുമായുമുള്ള ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയാണ് സമരം ശക്തമാക്കാന്‍ ആശമാര്‍ തീരുമാനിച്ചത്. ഓണറേറിയം വര്‍ധിപ്പിക്കുക, പെന്ഷന് ആനുകൂല്യം നടപ്പാക്കുക എന്നിവ ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചുള്ള സമരത്തിന് ഇന്ന് 40 ദിവസമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: