Education

പ്ലസ്ടുകാര്‍ക്ക് ഐസറുകളില്‍ 5 വര്‍ഷ ബിഎസ്-എംഎസ്, 4 വര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍; ഏപ്രില്‍ 15 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

Published by
  • പ്രവേശനം മെയ് 25 ന് നടത്തുന്ന ഐസര്‍ അഭിരുചി പരീക്ഷ വഴി
  • തിരുവനന്തപുരം ഉള്‍പ്പെടെ ഇന്ത്യയില്‍ 7 ഐസറുകള്‍, സീറ്റുകള്‍-2333

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസറുകള്‍) 2025-26 വര്‍ഷം നടത്തുന്ന 5 വര്‍ഷത്തെ ബിഎസ്-എംഎസ് (ബാച്ചിലര്‍ ഓഫ് സയന്‍സ്-മാസ്റ്റര്‍ ഓഫ് സയന്‍സ്) ഡ്യുവല്‍ ഡിഗ്രി, നാല് വര്‍ഷത്തെ ബിഎസ് (ബാച്ചിലര്‍ ഓഫ് സയന്‍സ്), നാലു വര്‍ഷത്തെ ബിടെക് (ബാച്ചിലര്‍ ഓഫ് ടെക്‌നോളജി) പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് ഏപ്രില്‍15 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.iiseradmission.in ലഭിക്കും.

ദേശീയതലത്തില്‍ മെയ് 25ന് രാവിലെ 9 മണിക്ക് നടത്തുന്ന ഐസര്‍ ആപ്ടിട്യൂഡ് ടെസ്റ്റില്‍ (ഐഎടി-2025)യോഗ്യത നേടുന്നവര്‍ക്കാണ് പ്രവേശനത്തിന് അര്‍ഹത. അഡ്മിഷന്‍ ലഭിക്കുന്നവര്‍ ഐസര്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കണം.

യോഗ്യത: ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്/ഫിസിക്‌സ് വിഷയങ്ങളടങ്ങിയ സയന്‍സ് സ്ട്രീമില്‍ ഹയര്‍ സെക്കന്ററി പ്ലസ്ടു/തത്തുല്യ പരീക്ഷ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ 2023, 2024 വര്‍ഷം വിജയിച്ചിരിക്കണം. 2025 ല്‍ പ്ലസ്ടു പരീക്ഷയെഴുതുന്നവര്‍ക്കും ഐസര്‍ അഭിരുചി പരീക്ഷക്ക് അപേക്ഷിക്കാവുന്നതാണ്. 2000 ഒക്‌ടോബര്‍ ഒന്നിനോ അതിന് ശേഷമോ ജനിച്ചവരാകണം. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 5 വര്‍ഷത്തെ ഇളവുണ്ട്.

അപേക്ഷാ ഫീസ് 2000 രൂപ. പട്ടികജാതി/വര്‍ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 1000 രൂപമതി. വെബ്‌സൈറ്റിലെ നിര്‍ദേശങ്ങള്‍ പാലിച്ച് വേണം അപേക്ഷിക്കേണ്ടത്.
അഭിരുചി പരീക്ഷ: കംപ്യൂട്ടര്‍ അധിഷ്ഠിത ആപ്ടിട്യൂഡ് ടെസ്റ്റില്‍ ബയോളജി കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് വിഷയങ്ങളിലായി 60 മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങളുണ്ടാവും(ഓരോ വിഷയത്തിലും 15 ചോദ്യങ്ങള്‍ വീതം). മൂന്ന് മണിക്കൂര്‍ സമയം അനുവദിക്കും. ശരി ഉത്തരത്തിന് 4 മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ ഓരോ മാര്‍ക്ക് വീതം കുറയ്‌ക്കും. ആകെ 240 മാര്‍ക്കിനാണ് പരീക്ഷ. നിശ്ചിത കട്ട് ഓഫ് മാര്‍ക്ക് നേടുന്നവരെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും.

അഡ്മിഷന്‍ : റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് ഓണ്‍ലൈന്‍ കൗണ്‍സലിംഗ് സമയത്ത് പ്രവേശനമാഗ്രഹിക്കുന്ന ഐസറുകള്‍ മുന്‍ഗണനാ ക്രമത്തില്‍ ആവശ്യപ്പെടാം. അഭിരുചി പരീക്ഷയിലെ റാങ്കും ഐസര്‍ പ്രിഫറന്‍സും പരിഗണിച്ചാണ് സീറ്റ് അലോട്ട്‌മെന്റ്. പ്രവേശന നടപടികള്‍ അഡ്മിഷന്‍ പോര്‍ട്ടലില്‍ ലഭിക്കും.

ഐസറുകളും സീറ്റുകളും: തിരുവനന്തപുരം (വിതുര)-320, തിരുപ്പതി-350+ ബിഎസ്-50, പൂനെ-288, മൊഹാളി-270, കൊല്‍ക്കത്ത-280, ഭോപാല്‍ 300 + ബിടെക്-140 + ബിഎസ്-35, ബെര്‍ഹാംപൂര്‍-300, ആകെ 2333 സീറ്റുകള്‍. 5 വര്‍ഷത്തെ ബിഎസ്-എംഎസ് ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാം എല്ലാം ഐസറുകളിലുമുണ്ട്. നാലുവര്‍ഷ ബിഎസ് പ്രോഗ്രാമില്‍ ഇക്കണോമിക്‌സ് സയന്‍സും ഇക്കണോമിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്കല്‍ സയന്‍സും പഠിക്കാം.

ഐസര്‍ തിരുപ്പതിയുടെ ആഭിമുഖ്യത്തിലുള്ള ജോയിന്റ് അഡ്മിഷന്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് അഡ്മിഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും അഡ്മിഷന്‍ പോര്‍ട്ടല്‍ സന്ദര്‍ശിക്കേണ്ടതാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക