കഴിഞ്ഞ കുറേ ദിവസങ്ങളായി ലോകത്തിന്റെ മനസ്സുനിറയെ രണ്ട് ബഹിരാകാശ സഞ്ചാരികള് ആയിരുന്നു-സുനിതാ വില്യംസും ബുച്ച് വില്മോറും. ഐഎസ് എസ് എന്ന അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില് അധികമായി ഒന്പത് മാസം തങ്ങേണ്ടി വന്ന ഇരുവരും തിരിച്ചു ഭൂമിയില് വന്നിറങ്ങിയത് പുതിയൊരു ചരിത്രത്തിലേക്കാണ്. അമേരിക്കന് ബഹിരാകാശ സ്ഥാപനമായ നാസ, ഇലോണ് മസ്കിന്റെ സ്ഥാപനമായ സ്പേസ് എക്സുമായി ചേര്ന്ന് നടത്തിയ ദൗത്യമാണ് പ്രതീക്ഷകള്ക്കും ആശങ്കകള്ക്കുമൊടുവില് വിജയകരമായി പൂര്ത്തിയാക്കിയത്. സ്പേസ് എക്സിന്റെ ഡ്രാഗണ് സ്പേസ് ക്രാഫ്റ്റാണ് സുനിതയെയും വില് മോറിനെയും അവരെ കൂട്ടിക്കൊണ്ടു വരാന് പോയവര്ക്കൊപ്പം ഭൂമിയിലെത്തിച്ചത്. ഇങ്ങനെയൊരു ദൗത്യം നിറവേറ്റാന് കഴിഞ്ഞതില് ഇലോണ് മസ്ക്, നാസയുടെയും സ്പേസക്സിന്റെയും സംഘങ്ങള്ക്കു പുറമേ അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിനും പ്രത്യേകം നന്ദി പറഞ്ഞിരിക്കുന്നതില് കാര്യമുണ്ട്. ട്രംപ് അധികാരത്തില് തിരിച്ചെത്തിയില്ലായിരുന്നുവെങ്കില് സുനിതയുടെയും മറ്റും തിരിച്ചുവരവ് ഇതുപോലെ സംഭവിക്കും എന്നതിന് യാതൊരു ഉറപ്പുമില്ലായിരുന്നു. സുനിതയെയും മറ്റും തിരിച്ചെത്തിക്കുന്നതില് തന്റെ മുന്ഗാമിയായ ജോ ബൈഡന് ഭരണകൂടം അനാസ്ഥ കാണിച്ചുവെന്നു കുറ്റപ്പെടുത്തിയ ട്രംപ്, താന് അവരെ തിരിച്ചെത്തിക്കുമെന്നു ഉറപ്പു നല്കുകയും ചെയ്തിരുന്നു. ഇലോണ് മസ്കിന്റെ സഹായത്തോടെ അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു.
സുനിതാ വില്യംസ് കഴിഞ്ഞ വര്ഷം ജൂണ് അഞ്ചിനാണ് എട്ട് ദിവസം ബഹിരാകാശ നിലയത്തില് തങ്ങുന്നതിനു വേണ്ടി യാത്രതിരിച്ചത്. അടുത്തദിവസം ഇവരെ തിരിച്ചുകൊണ്ടുവരാന് പോയ സ്പെയ്സ് ക്രാഫ്റ്റിന്, ബഹിരാകാശ നിലയത്തില് എത്തുന്നതിനു മുന്പ് ഹീലിയം ചോര്ച്ചയും മറ്റു ചില പ്രശ്നങ്ങളും കണ്ടെത്തി. ഇതിന്റെ ഫലമായി നാസയുടെ വിമാനം ബഹിരാകാശ യാത്രികരെ കൂടാതെ ഭൂമിയില് തിരിച്ചെത്തുകയായിരുന്നു. ഈ ദൗത്യത്തിന്റെ ഭാഗമായിരുന്ന നാസയുടെ സെന കാര്ഡ്മാന്, സ്റ്റെഫാനി വില്സണ് എന്നിവരെ പുതിയ ദൗത്യത്തില് നിന്ന് ഒഴിവാക്കുകയും ചെയ്തു. സുനിതയും വില്മോറും അനിശ്ചിതമായി ബഹിരാകാശ നിലയത്തില് തങ്ങേണ്ടിവരുന്നതില് ലോകത്തിന്റെ പല കോണുകളില് നിന്നും പ്രതിഷേധമുയര്ന്നിരുന്നു. ഇവര്ക്ക് ഇനി ഭൂമിയില് മടങ്ങിയെത്താന് കഴിയുമോയെന്ന ആശങ്കയും ഉയരുകയുണ്ടായി. പ്രതീക്ഷകള്ക്ക് മങ്ങലേല്പ്പിക്കുന്ന വിധം പരസ്പര വിരുദ്ധവും അവ്യക്തവുമായ വിശദീകരണമാണ് അമേരിക്കന് ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇതാണ് ജോ ബൈഡന് ഭരണകൂടത്തെയും സംശയത്തിന്റെ നിഴലില് നിര്ത്തിയത്. പിന്നീടാണ് നാസയും സ്പേസ് എക്സും ചേര്ന്ന് ദൗത്യം ഏറ്റെടുത്തതും, വിജയകരമായി പൂര്ത്തിയാക്കിയതും. 17 മണിക്കൂര് എടുത്താണ് സുനിതയും സംഘവും ബഹിരാകാശത്തു നിന്ന് സുരക്ഷിതമായി ഭൂമിയില് എത്തിയത്. ഒരു ഘട്ടത്തിലും പ്രശ്നങ്ങള് ഉണ്ടാവാതെ കൃത്യമായി ആസൂത്രണം ചെയ്തതുപോലെ ഫ്ലോറിഡയുടെ തീരത്തിനടുത്ത് വന്നിറങ്ങുകയായിരുന്നു. പാരച്യൂട്ടുകളില് തൂങ്ങി പേടകം കടലില് ഇറങ്ങുകയും, അതില് നിന്ന് ബഹിരാകാശ യാത്രികരെ സുരക്ഷിതമായി കരയിലേക്ക് എത്തിക്കുകയും ചെയ്തു.
സുനിതാ വില്യംസ് നാസയുടെ ശാസ്ത്രജ്ഞയാണെങ്കിലും ഭാരത വംശതയാണെന്നതില് ഓരോ ഭാരതീയനും അഭിമാനിക്കുന്നു. കടലില് വീണ പേടകത്തില് നിന്ന് പുറത്തിറങ്ങിയ സുനിത ആഹ്ലാദത്തോടെ ലോകത്തെ നോക്കി കൈവീശിയപ്പോള് അതില് അഭിമാനിക്കാത്ത ഭാരതീയര് ഉണ്ടാവില്ല. ബഹിരാകാശ ശാസ്ത്രജ്ഞ എന്നതിനുപരി ഇതിന് മറ്റു ചില കാരണങ്ങളുമുണ്ട്. ഹൈന്ദവമായ ഭാരതീയ സംസ്കാരത്തില് പൂര്ണമായി വിശ്വസിക്കുന്ന ഒരു വനിതയാണ് സുനിത വില്യംസ്. ഗണപതി ഭഗവാനെ ആരാധിക്കുന്ന ഇവര് ഭഗവദ്ഗീതയും ഉപനിഷത്തുകളും ബഹിരാകാശത്തേക്ക് കൊണ്ടുപോയ ആളുമാണ്. ഭൂഗോളം ചെറിയൊരു ഇടമാണെന്ന് തന്നെ ബോധ്യപ്പെടുത്തിയത് ഭഗവദ് ഗീതയാണെന്ന് പറയാനും സുനിത മടിച്ചിട്ടില്ല. ഗണപതി മിത്താണെന്നും മറ്റും വാദിക്കുന്നവര്ക്ക് ഇതൊന്നും അംഗീകരിക്കാന് കഴിയില്ലെങ്കിലും, ഹൈന്ദവമായ ആത്മീയതയെ ശാസ്ത്രത്തിന് വിരുദ്ധമായി പ്രതിഷ്ഠിക്കുന്നവര്ക്കുള്ള മറുപടിയാണ് സുനിതയുടെ വാക്കുകള്. സുനിതാ വില്യംസിനെ അഭിനന്ദിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത് അവര് ബഹിരാകാശത്തു നിന്ന് യാത്ര തിരിച്ചതോടെ പരസ്യപ്പെടുത്തുകയുണ്ടായി. അമേരിക്കന് സന്ദര്ശന വേളയില് പ്രസിഡന്റ് ജോ ബൈഡനുമായും ഡൊണാള്ഡ് ട്രംപുമായും താന് സുനിതയുടെ കാര്യം ചര്ച്ച ചെയ്തതായി പ്രധാനമന്ത്രി കത്തില് പറയുന്നു. സുനിത കൈവരിച്ച നേട്ടത്തില് 140 കോടി ഭാരതീയരും അഭിമാനിക്കുന്നതായി മോദി പറയുകയുണ്ടായി. ശാസ്ത്രത്തിന്റെ ഈ അതുല്യമായ വിജയത്തോടൊപ്പം സ്ത്രീ ശാക്തീകരണത്തിന്റെ മഹത്തായ അധ്യായവുമാണ് സുനിതയിലൂടെ ലോകം രേഖപ്പെടുത്തിയിട്ടുള്ളത്. ബഹിരാകാശ രംഗത്ത് കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങള് കൈവരിച്ചു കൊണ്ടിരിക്കുന്ന ഭാരതത്തിനും പുതിയ ഔദ്യത്യങ്ങള് എത്തിപ്പിടിക്കാന് ഈ വിജയം പ്രേരണ നല്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: