തിരുവനന്തപുരം: കേരള സംസ്ഥാന വയോജന കമ്മീഷന്‍ ബില്‍ സംസ്ഥാന നിയമസഭ പാസാക്കി. 60 വയസ്സിന് മുകളിലുള്ളവരുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കാനും അവരുടെ ഉത്പാദനക്ഷമതയും, മൗലികവും നൂതനവുമായ ആശയങ്ങളോ പരിഹാരങ്ങളോ ഉണ്ടാക്കാനുള്ള കഴിവും, സമൂഹത്തിന് ഉപയോഗപ്പെടുത്താനുമായാണ് കമ്മീഷന്‍ നിലവില്‍ വരുന്നതെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു.
അര്‍ദ്ധ ജുഡീഷ്യല്‍ അധികാരങ്ങളോടെയാണ് കമ്മീഷന്‍ രൂപീകരിക്കപ്പെടുക. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കമ്മീഷന് ചുമതലയുണ്ടാവും. വയോജനങ്ങളുടെ പുനരധിവാസത്തിന് ആവശ്യമുള്ള സഹായങ്ങളും, നിയമസഹായം ലഭ്യമാക്കുന്നതിനും കമ്മീഷന്‍ പ്രവര്‍ത്തിക്കും. കമ്മീഷനില്‍ സര്‍ക്കാര്‍ വിജ്ഞാപനം വഴി നിയമിക്കുന്ന ഒരു ചെയര്‍പേഴ്സണും നാലില്‍ കവിയാത്ത എണ്ണം അംഗങ്ങളും ഉണ്ടായിരിക്കും. ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെ കമ്മീഷനില്‍ നിയമിക്കപ്പെടുന്ന എല്ലാ അംഗങ്ങളും വയോജനങ്ങള്‍ ആയിരിക്കും. അവരില്‍ ഒരാള്‍ പട്ടികജാതികളിലോ പട്ടികഗോത്ര വര്‍ഗ്ഗങ്ങളിലോ പെട്ടയാളും മറ്റൊരാള്‍ വനിതയും ആയിരിക്കും. ചെയര്‍പേഴ്സണ് ഗവണ്‍മെന്റ് സെക്രട്ടറിയുടെ പദവിയുണ്ടാകും.
സര്‍ക്കാര്‍ അഡീഷണല്‍ സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥരാവും കമ്മീഷന്‍ സെക്രട്ടറി. നിയമ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരാളെ കമ്മീഷന്‍ രജിസ്ട്രാറായും സര്‍ക്കാര്‍ ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരാളെ കമ്മീഷന്‍ ഫിനാന്‍സ് ഓഫീസറായും നിയമിക്കും.
കമ്മീഷന്റെ ആസ്ഥാനം തിരുവനന്തപുരത്ത് ആയിരിക്കും. ചെയര്‍പേഴ്സന്റെയും അംഗങ്ങളുടെയും ഔദ്യോഗിക കാലാവധി അവര്‍ സ്ഥാനം ഏറ്റെടുത്ത തീയതി മുതല്‍ മൂന്നു വര്‍ഷം വരെ ആയിരിക്കും.
കമ്മീഷന്, അതിന്റെ മുമ്പാകെയുള്ള ഏതെങ്കിലും കാര്യങ്ങളുടെ നിര്‍വ്വഹണത്തിന്റെ ആവശ്യത്തിലേക്കായോ ഏതെങ്കിലും പ്രത്യേക വിഷയം പരിഗണിക്കുന്നതിലേക്കായോ വിഷയത്തില്‍ പ്രത്യേകമായ അറിവുള്ള രണ്ടില്‍ കൂടാത്ത എണ്ണം വ്യക്തികളെ പ്രത്യേക ക്ഷണിതാക്കളായി യോഗങ്ങളില്‍ പങ്കെടുപ്പിക്കാം. കമ്മീഷന്‍ യോഗങ്ങളില്‍ ക്ഷണിതാക്കള്‍ക്ക് വോട്ടവകാശം ഉണ്ടാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: