കേരളത്തിലെ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്ക് എല്ലാം കൂടി 5000 ത്തോളം ശാഖകളും ഓഫീസുകളും ഉണ്ട്. (അര്‍ബന്‍ കോ-ഓപ് ബാങ്ക് ഓഫീസ്/ ശാഖകള്‍ ഒഴികെ). ഇതില്‍ 95 ശതമാനവും പ്രവര്‍ത്തിക്കുന്നത് വാടകക്കെട്ടിടങ്ങളിലാണ്. ഈ ബാങ്കുകള്‍ക്കെല്ലാമായി ആയിരക്കണക്കിന് വാഹനങ്ങള്‍ ഓടുന്നുണ്ട്. ബഹുഭൂരിപക്ഷവും കരാറിന് എടുത്തവയാണ്. അവര്‍ക്ക് ഡസണ്‍ കണക്കിന് ഗസ്റ്റ് ഹൗസുകളും ഹോളിഡേ ഹോമുകളുമുണ്ട്. ഇതും കരാര്‍ സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് ഈ സ്ഥാപനങ്ങള്‍ക്കെല്ലാം എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ? ഉള്ളതായി അറിവില്ല. അവരുടെ കൈയില്‍ പണമില്ലാത്തതുകൊണ്ടാണോ അതോ അവര്‍ക്കു ബുദ്ധിയില്ലാത്തതുകൊണ്ടാണോ സ്വന്തം കെട്ടിടം വാങ്ങാനും വണ്ടി വാങ്ങാനും അവര്‍ തുനിഞ്ഞിറങ്ങാത്തത്? അല്ല, അതിന്റെ ആവശ്യം ഇല്ലെന്നതുകൊണ്ടാണ്. ഇപ്പോഴുള്ള സംവിധാനമാണ് സൗകര്യപ്രദവും ലാഭകരവും എന്നതുകൊണ്ടാണ്.
ഈ കാര്യമിപ്പോള്‍ മനസ്സില്‍ തോന്നാന്‍ കാരണം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സംസ്ഥാന സര്‍ക്കാര്‍ പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ 100 കോടി രൂപ ബജറ്റില്‍ വകയിരുത്തിയ വാര്‍ത്ത വായിച്ചതാണ്. കടമെടുത്ത പണം കൊണ്ട് വാഹനം വാങ്ങാന്‍ ഇറങ്ങുന്നതിനുപകരം സര്‍ക്കാരിനും സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമൊക്കെ ഈ മാര്‍ഗം സ്വീകരിച്ചുകൂടേ?
ഈ രീതിയില്‍ പൊതുധനകാര്യ ഇടപാടിനെ യുക്തിസഹമാക്കുന്ന വിവിധ നടപടികളെയാണ് ഉദാരവത്കരണത്തില്‍ എസ്എപി (സാപ്) അഥവാ സ്ട്രക്ചറല്‍ അഡ്ജസ്റ്റ്മെന്റ് പ്രോഗ്രാം എന്ന് പറയുന്നത്. (അല്ലാതെ ‘സാപ്’ എന്ന് പറഞ്ഞാല്‍ കോഴിക്കോട് സര്‍വകലാശാലയുടെ പാഠ പുസ്തകത്തില്‍ പഠിപ്പിച്ചതുപോലെ ‘സ്റ്റേറ്റ് അഡ്വൈസ്ഡ് പ്രൈസ്’ അല്ല).
ഇടുക്കിയില്‍ പിഎസ്സിക്ക് സ്വന്തം കെട്ടിടമുണ്ടാക്കാന്‍ 10 കോടി വകയിരുത്തിയിട്ടുണ്ടെന്നു മന്ത്രി റോഷി അഗസ്റ്റിന് അഭിമാനപൂര്‍വം നാട്ടുകാരെ അറിയിക്കുന്നു. എല്ലാം ഓണ്‍ലൈനായി നടക്കുന്ന ഇക്കാലത്ത് പിഎസ്സിക്ക് എന്തിനാണ് ജില്ലാ ഓഫീസ് എന്ന് ചോദിച്ചില്ലെങ്കിലും ഓഫീസിനു സ്വന്തമായി കെട്ടിടമെന്തിനാണ് എന്ന് ചോദിക്കാനെങ്കിലും ഇതിനൊക്കെ ധനം അനുവദിക്കുന്ന വോട്ട് ഓണ്‍ അക്കൗണ്ട് വോട്ടുചെയ്ത് പാസ്സാക്കുന്ന ജനപ്രതിനിധികള്‍ എന്ന് തയ്യാറാവും? കടം വാങ്ങിയ പണം ഇതിനെല്ലാം ഉപയോഗിച്ച് അവസാനം വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചക്കഞ്ഞി കൊടുത്തതിന്റെ സാമ്പത്തിക ബാധ്യത പാവം അദ്ധ്യാപകരുടെ ചുമലിലും കൂടുതല്‍ കടമെടുക്കാന്‍ അനുവദിക്കാത്തതിന്റെ പഴി കേന്ദ്ര സര്‍ക്കാരിന്റെ തലയിലും കെട്ടിവയ്ക്കുന്നതിനെയാണോ ധനകാര്യ മാനേജ്മെന്റെന്ന് പറയുന്നത്?
നമ്മുടെ പൊതുമരാമത്ത്- ടൂറിസം വകുപ്പു മന്ത്രി കൂടുതല്‍ ഗസ്റ്റ് ഹൗസുകള്‍ നിര്‍മിക്കുന്ന തിരക്കിലാണ്. കോഴിക്കോട് ഫറോക്കില്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട്ട് നഗരത്തില്‍ നവീകരിച്ചു. തലസ്ഥാനത്തു നിന്ന് 40 മിനിട്ട് വാഹന യാത്രചെയ്്താല് എത്തുന്ന നെടുമങ്ങാട്ട പോലും ദശകോടികള്‍ ചെലവാക്കി ഗസ്റ്റ് ഹൗസുകള്‍ പണിതിട്ടുണ്ട്. ഇങ്ങനെ അതിഥിമന്ദിരങ്ങള്‍ നിര്‍മ്മിച്ച് നടത്തിക്കൊണ്ടു പോകുന്നതാണോ അതോ ഹോട്ടല്‍ ബില്‍ സമര്‍പ്പിച്ചാല്‍ പണം കൊടുക്കുന്ന ‘റീ ഇംബേഴ്സ്മെന്റ്’ സംവിധാനമാണോ സര്‍ക്കാരിന് നല്ലത്? 60-70 കൊല്ലം മുമ്പത്തെ പോലെയല്ല, ഇന്ന് എല്ലാ സ്ഥലത്തും നല്ല ഹോട്ടലുകളും ഭക്ഷണ ശാലകളും ഉണ്ട്. ഇനി ഗസ്റ്റ് ഹൗസ് വേണമെങ്കില്‍ത്തന്നെ കരാറിന് എടുത്തുകൂടെ? സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകള്‍ പൊതുജനങ്ങള്‍ക്കുകൂടി ചുരുങ്ങിയ നിരക്കില്‍ ലഭ്യമാക്കി ‘അണ്ണാറക്കണ്ണനും തന്നാലായത്’ എന്നപോലെ വരുമാനമുണ്ടാക്കാമെന്നാണ് വകുപ്പുമന്ത്രി മുഹമ്മദ് റിയാസ് കരുതുന്നത്. ഈ വരുമാനം അവയുടെ നിശ്ചിതവും മാറ്റത്തിന് വിധേയവുമായ ചെലവിന്റെ എത്ര ശുഷ്കമായ ശതമാനമായിരിക്കുമെന്ന് അദ്ദേഹം കണക്കായിട്ടുണ്ടോ ആവോ?
യഥാര്‍ത്ഥത്തില്‍ പിഡബ്ല്യുഡി മന്ത്രി കൂടിയായ അദ്ദേഹം ചെയ്യേണ്ടത് എന്താണ്? ഈ ആസ്തികളിലെല്ലാം കുടുങ്ങിക്കിടക്കുന്ന സ്വത്ത് കണ്ടെത്തി, അവയുടെ കുരുക്കഴിച്ച് അതിലൂടെ പണം കണ്ടെത്തി ഗതാഗതക്കുരുക്ക് കൊണ്ട് വീര്‍പ്പുമുട്ടുന്ന നമ്മുടെ നഗരങ്ങളിലെ റോഡുകള്‍ വീതി കൂട്ടുകയും കുപ്പിക്കഴുത്തുകള്‍ ഒഴിവാക്കുകയും ബസ് ബേകള്‍ നിര്‍മ്മിക്കുകയും മറ്റുമല്ലേ?
ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നത് ഒന്നുകില്‍ നമ്മുടെ സംസ്ഥാന ഭരണാധികാരികളുടെ ധനകാര്യ അവബോധം വളരെ പരിതാപകരമാണ് എന്നാണ്. അതല്ലെങ്കില്‍, സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി പുതിയ വാഹനങ്ങളും മറ്റും വാങ്ങുമ്പോഴും അറ്റകുറ്റപ്പണികള്‍ ചെയ്യുമ്പോഴും തേയും മുമ്പേ ടയര്‍ മാറ്റുമ്പോഴും അത് ഓടിയ്ക്കാന്‍ ആളെ വയ്ക്കുമ്പോഴുമൊക്കെ അഴിമതിക്കും സ്വജന പക്ഷപാതത്തിനുമുള്ള അവസരങ്ങള്‍ അവര്‍ക്കു ഉപേക്ഷിക്കാനാവുന്നില്ല എന്നാണ്്. സംസ്ഥാനം പ്രതിസന്ധിയില്‍ മുങ്ങിത്താഴുമ്പോഴും ഇതായിരിക്കാം അവരുടെ ചിന്ത.
( സ്റ്റേറ്റ് ബാങ്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലേണിങ് ആന്‍ഡ് ഡെവലപ്മെന്റ് (കൊച്ചി) മുന്‍ ഡയറക്ടറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: