Cricket

ഐപിഎല്‍ ഉദ്ഘാടനം പൊടിപാറും; കലാപ്രകടനങ്ങളുമായി ബോളിവുഡ് താരങ്ങള്‍

Published by

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ പതിനെട്ടാം പതിപ്പിന് മൂന്നു ദിനങ്ങള്‍ മാത്രം അവശേഷിക്കേ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ 22ന് നടക്കുന്ന ഉദ്ഘാടന പരിപാടികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഐപിഎല്‍ തുടങ്ങുന്നതിനു മുന്നോടിയായി നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ബോളിവുഡില്‍ നിന്ന് വന്‍താരനിരതന്നെ അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗായിക ശ്രേയാ ഘോഷാല്‍, ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപൂര്‍, വരുണ്‍ ധവാന്‍, ദിഷ പാറ്റാണി, പഞ്ചാബി ഗായകന്‍ കരണ്‍ ഔജ്ല, അര്‍ജിത് സിംഗ് തുടങ്ങിയവര്‍ കലാപരിപാടികളുമായെത്തും.

22 ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തോടെയാണ് ഐപിഎല്‍ 18-ാം സീസണ് തുടക്കമാകുന്നത്. 10 ടീമുകളുടെ നായകന്മാരും ചടങ്ങില്‍ പങ്കെടുക്കും. ബിസിസി അധ്യക്ഷന്‍ റോജര്‍ ബിന്നി, സെക്രട്ടറി ജയ് ഷാ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.

ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തിന് മുമ്പ് വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുണ്ടാകുമെന്ന് മുന്‍ ബിസിസിഐ പ്രസിഡന്റും ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിന്റെ മെന്ററുമായ സൗരവ് ഗാംഗുലിയും വ്യക്തമാക്കിയിരുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലും ജിയോ ഹോട് സ്റ്റാറിലുമാണ് ഐപിഎല്‍ മത്സരങ്ങള്‍ ഇത്തവണയും കാണാനാകുക.

ടീമുകളുടെ പരിശീലനം ഊര്‍ജിതം

ഐപില്ലില്‍ പങ്കെടുക്കുന്ന ടീമുകളുടെ പരിശീലനം തകൃതിയായി നടക്കുന്നു. മുന്‍ വര്‍ഷങ്ങളേക്കാള്‍ വര്‍ണാഭമായ രീതിയില്‍ നടക്കുന്ന മത്സരങ്ങളില്‍ നിരവധി റെക്കോര്‍ഡുകള്‍ പിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ ടീമുകളും അവരവരുടെ ഹോം ഗ്രൗണ്ടുകളിലാണ് പരിശീലനം നടത്തുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക