കൊച്ചി: അദ്ധ്യാപകന് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുന്‍കാല പ്രാബല്യത്തോടെ നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് പാലിക്കാത്തതിന്റെ പേരില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് തടഞ്ഞുവെച്ച കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയ്ക്കുള്ള 2024-25 വര്‍ഷത്തെ പ്ലാന്‍ ഗ്രാന്റ് അനുവദിച്ച് ഉത്തരവായി. പ്ലാന്‍ ഗ്രാന്റ് തടഞ്ഞതോടെ ഗവേഷക ഫെലോഷിപ്പുകള്‍ അടക്കം കോടിക്കണക്കിനു രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനും പൂര്‍ത്തിയാക്കാനുമാകാതെ സര്‍വകലാശാല വലയുന്നതായി 2025 മാര്‍ച്ച് 11 ന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാമ്പത്തികമായി തകര്‍ന്ന നിലയിലുള്ള സര്‍വകലാശാലയ്ക്ക് മറ്റൊരു രീതിയിലും ഇതൊന്നും പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് ഉത്തമ ബോധ്യമുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പു തന്നെയാണ് വഴിവിട്ട നടപടിക്കായി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയെ കടുത്ത സമ്മര്‍ദത്തിലാക്കിയത്.
സര്‍വകലാശാലയ്ക്കുള്ള പ്ലാന്‍ ഗ്രാന്റ് ഇനത്തില്‍ ആദ്യ ഗഡുവായി 2.6 കോടി രൂപ അനുവദിക്കാന്‍ സര്‍ക്കാരിന്റെ ധനകാര്യ വിഭാഗം നേരത്തെ അനുമതി നല്‍കിയെങ്കിലും ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ഉത്തരവ് ഇറങ്ങാന്‍ വൈകിയത് സ്ഥാപനത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ ഉത്തരവിലൂടെ മാത്രമേ സര്‍വകലാശാലയ്ക്ക് പണം കിട്ടുകയുള്ളൂ. ബന്ധപ്പെട്ട ഫയല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ ഓഫീസ് തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. വാര്‍ത്ത പുറത്തുവരികയും സംസ്ഥാന സര്‍ക്കാരിനുമേല്‍ സമ്മര്‍ദം കനക്കുകയും ചെയ്തതോടെ ഉന്നത വിദ്യാഭ്യാസ (ബി) വകുപ്പ് 2,62,56,000 രൂപ പ്ലാന്‍ ഗ്രാന്റ് അനുവദിച്ച് ഉത്തരവിറക്കുകയായിരുന്നു (G.O.(Rt) No.346/2025 HEDN 17.03.2025). ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീ. സെക്രട്ടറി അനില്‍കുമാര്‍ വി.എസ്. ആണ് ഉത്തരവിറക്കിയിരിക്കുന്നത്.
2016 ല്‍ സര്‍വകലാശാലയിലെ മലയാളം വിഭാഗത്തില്‍ നിയമിതനായ ഒരു അദ്ധ്യാപകന് 2011 മുതല്‍ സര്‍വീസ് കണക്കാക്കി മുന്‍കാല പ്രാബല്യത്തോടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്കാന് 2024 മെയ് 31 ന് അഡീ. സെക്രട്ടറി അനില്‍കുമാര്‍ വി.എസ്. തന്നെ പുറത്തിറക്കിയ ഉത്തരവില്‍ ആവശ്യപ്പെട്ടതാണ് വിവാദമായത്. സര്‍വകലാശാലയ്ക്ക് വന്‍ സാമ്പത്തികബാധ്യത വരുത്തുന്നതും ചട്ടവിരുദ്ധവുമായ ഈ നിര്‍ദേശം നടപ്പാക്കാത്തതാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിനെ പ്രകോപിപ്പിച്ചത്.
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല മലയാള വിഭാഗത്തിലെ അസി. പ്രൊഫസര്‍ തസ്തികയില്‍ ഡോ. ടോണി കെ. റാഫേലിനെ 2016 ഡിസംബര്‍ 1 മുതല്‍ സര്‍വീസില്‍ സ്ഥിരപ്പെടുത്തിയിരുന്നു. ഇദ്ദേഹത്തിന് 2011 മാര്‍ച്ച് 1 കണക്കാക്കി മുന്‍കാല പ്രാബല്യത്തോടെ എല്ലാ സര്‍വീസ് ആനുകൂല്യങ്ങളും അടിയന്തരമായി നല്കാന് സര്‍വകലാശാലയ്ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു. അതേസമയം 2011 നും 2016 നുമിടയ്ക്ക് ഈ അധ്യാപകന് സര്‍വകലാശാലയ്ക്ക് പുറത്ത് മറ്റ് ചില കോളജുകളില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. സര്‍വകലാശാലയ്ക്ക് വന്‍ സാമ്പത്തിക ബാധ്യത വരുത്തുന്നതും അനാവശ്യ കീഴ്വഴക്കങ്ങള് ഉണ്ടാക്കുന്നതുമായ ഈ നീക്കത്തിനെതിരെ രാഷ്ട്രീയത്തിനതീതമായി പ്രതിഷേധമുയരുകയും സര്‍വകലാശാല രജിസ്ട്രാറുടെ നേതൃത്വത്തില്‍ സിന്‍ഡിക്കേറ്റംഗങ്ങളടങ്ങിയ സംഘം കഴിഞ്ഞ ദിവസം മന്ത്രി ഡോ. ആര്. ബിന്ദുവിനെ കണ്ട് പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്തതോടെ ഗ്രാന്റ് അനുവദിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: