ന്യൂദല്‍ഹി: ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഇന്നലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ്‌കുമാര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 326, 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 23(4), 23(5), 23(6) എന്നിവയിലെ വ്യവസ്ഥകള്‍ അനുസരിച്ചും ഇതു സംബന്ധിച്ച സുപ്രീംകോടതി വിധി അനുസരിച്ചും ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡി കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് നടപടിയെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആധാര്‍ പദ്ധതി നടപ്പാക്കുന്ന യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയിലെയും തെരഞ്ഞെടുപ്പ് കമ്മിഷന്റെയും സാങ്കേതികവിദഗ്ധരുടെ കൂടിയാലോചനകള്‍ ഉടന്‍ ആരംഭിക്കുമെന്നും കമ്മിഷന്‍ അറിയിച്ചു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 326 പ്രകാരം ഭാരത പൗരന് മാത്രമേ വോട്ടവകാശം നല്‍കാന്‍ കഴിയൂ. ആധാര്‍ കാര്‍ഡ് ഒരു വ്യക്തിയുടെ ഐഡന്റിറ്റി സ്ഥാപിക്കുന്നത് മാത്രമാണെന്നും കമ്മിഷന്‍ കുറിപ്പില്‍ വ്യക്തമാക്കി.
ഗ്യാനേഷ് കുമാറിനു പുറമെ തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ ഡോ. സുഖ്ബീര്‍ സിങ് സന്ധു, ഡോ. വിവേക് ജോഷി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍, നിയമ നിര്‍മാണ വകുപ്പ് സെക്രട്ടറി ഡോ. രാജീവ് മണി, യുഐഡിഎഐ സിഇഒ ഭുവനേഷ് കുമാര്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പ് കമ്മിഷനിലെ സാങ്കേതികവിദഗ്ധരും യോഗത്തില്‍ പങ്കെടുത്തു.
യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ), നിയമ മന്ത്രാലയം എന്നിവരുമായുള്ള വിപുലമായ കൂടിയാലോചനയ്‌ക്ക് ശേഷമാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ യോഗം വിളിച്ചത്.
മാര്‍ച്ച് നാല്, അഞ്ച് തീയതികളില്‍ ദല്‍ഹിയില്‍ ചേര്‍ന്ന എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വോട്ടര്‍പട്ടിക ആധാറുമായി ബന്ധിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും ഉണ്ടാകണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നിര്‍ദേശിച്ചിരുന്നു.
ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍ ഐഡികള്‍ ഇല്ലാതാക്കുക എന്നതാണ് ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കുന്നതിന്റെ പ്രാഥമിക ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: