സംസ്ഥാനത്തെ ഗുണ്ടാ – ലഹരി മാഫിയ ആക്രമത്തിൽ ബിജെപി സംസ്ഥാന നേതൃയോഗം ആശങ്ക അറിയിക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആശവർക്കർമാരുടെ സമരത്തെ തകർക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും തിരുവനന്തപുരത്ത് നേതൃയോഗം വിശദീകരിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ആശ വർക്കർമാരുടെ സമരത്തെ അട്ടിമറിക്കാൻ സിപിഎം നീക്കം നടത്തുകയാണ്. എല്ലാം കേന്ദ്രത്തിന്റെ തലയിലിടാനുള്ള സംസ്ഥാനത്തിന്റെ ശ്രമം പാളി. പാർലമെൻ്റിൽ ആരോഗ്യമന്ത്രി ജെപി നദ്ദ എല്ലാം വ്യക്തമാക്കിയതോടെ കേരളത്തിന് കുടിശ്ശിക ഒന്നും ഇല്ലെന്ന സത്യം ബോധ്യമായി. കേരളം കേന്ദ്രഫണ്ടിന്റെ ഒരു കണക്കും കൊടുക്കുന്നില്ലെന്ന് എല്ലാവർക്കും മനസിലായി. കേന്ദ്ര ധനമന്ത്രിയുമായി നടത്തിയ ദില്ലിയിലെ കൂടിക്കാഴ്ച്ചയിൽ കേരളത്തിൽ കേന്ദ്രത്തിനെതിരെ പറയുന്ന കാര്യങ്ങൾ മുഖ്യമന്ത്രി പറഞ്ഞില്ല. കേരളത്തിൽ അവർ നടത്തുന്ന പ്രചാരണം പച്ച നുണയാണെന്നതിന്റെ തെളിവാണിത്. കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെങ്കിൽ അത് കേന്ദ്ര ധനമന്ത്രിയോട് പറയണമായിരുന്നു. വയനാട് പുനരധിവാസത്തിലും സർക്കാരിന്റെ കള്ളത്തരം വെളിച്ചത്തായി. ദുരിതബാധിതർക്ക് സർക്കാരിനെ മനസിലായി. ആയിരക്കണക്കിന് കോടി രൂപ സർക്കാരിന്റെ കയ്യിൽ ഉണ്ടായിട്ടും പുനരധിവാസത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല.
ഇടതു സർക്കാരിന്റെ കേന്ദ്ര വിരുദ്ധ പ്രചരണത്തിന്റെ പൊള്ളത്തരം തുറന്നു കാണിക്കുന്ന ക്യാമ്പയിൻ ബിജെപി നടത്തുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു. മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനം ജനങ്ങളെ കബളിപ്പിക്കാനായിരുന്നു. സിപിഎമ്മും കോൺഗ്രസും ദില്ലിയിൽ വഖഫ് നിയമത്തിനെതിരെ സമരത്തിലാണ്. മുനമ്പത്ത് നേരെ തിരിച്ചും അവർ പറയുന്നു. ഇടത്-വലത് മുന്നണികളുടെ ഇരട്ടത്താപ്പിനെതിരെ ബിജെപി പ്രചരണം നടത്തും.
ആശാവർക്കർമാർക്ക് പിന്തുണയുമായി 27,28 തിയ്യതികളിൽ സെക്രട്ടറിയേറ്റ് നടയിൽ സ്ത്രീകളുടെ രാപ്പകൽ സമരം സംഘടിപ്പിക്കും. ആയിരക്കണക്കിന് സ്ത്രീകൾ സമരത്തിൽ പങ്കെടുക്കും.
ലഹരിമാഫിയക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തും. സംസ്ഥാനത്ത് സിപിഎം സഹായത്തോടെ ലഹരിമാഫിയകൾ അഴിഞ്ഞാടുകയാണ്. സർക്കാരിന്റെ സഹായത്തോടെയാണിത്. മാർച്ച് 23 മുതൽ 30 വരെ 280 മണ്ഡലങ്ങളിലും ജാഗ്രതാ സദസുകൾ സംഘടിപ്പിക്കും. കടൽമണൽ സമരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മാത്രമാണെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു. കൊല്ലത്ത് മാത്രമാണ് മണൽക്കൂന നീക്കാൻ തീരുമാനിച്ചത്. ഇത് ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ ആലപ്പുഴയിലും കോഴിക്കോടുമാണ് യുഡിഎഫും എൽഡിഎഫും സമരം ചെയ്യുന്നത്. കടൽമണൽ ഖനനം അല്ല മണൽത്തിട്ടകൾ നീക്കുകയാണ് ചെയ്യുന്നത്. വ്യാജപ്രചരണത്തിനെതിരെ ഏപ്രിൽ 5 ന് കൊല്ലത്ത് ബഹുജന സമ്മേളനം നടത്തും. തിരുവനന്തപുരത്ത് ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും വിളിച്ച് സെമിനാർ നടത്തും. തദ്ദേശ സ്ഥാപനങ്ങളെ ഞെക്കി കൊല്ലുന്നതിനെതിരെ തദ്ദേശ സ്ഥാപനങ്ങളിൽ പ്രക്ഷോഭം നടത്താനും നേതൃയോഗം തീരുമാനിച്ചു. പദയാത്രകളും ഗൃഹസമ്പർക്കവും സംഘടിപ്പിക്കും. പാർലമെൻ്റ് തിരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിലാണ് സിപിഎം ക്ഷേത്രങ്ങളിൽ ഇത്തരം പേക്കൂത്തുകൾ നടത്തുന്നത്. ആയിരം തവണ ഗംഗയിൽ മുങ്ങിക്കുളിച്ചാലും സിപിഎമ്മിന്റെ പാപം തീരില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ, ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ എന്നിവർ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: