ന്യൂദല്‍ഹി: കുംഭമേളയുടെ വിജയകരമായ നടത്തിപ്പിന് സംഘാടകര്‍ക്ക് നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കഠിനമായ പ്രയത്നമാണ് സംഘാടനത്തിലുണ്ടായത്. ഉത്തര്‍പ്രദേശിലെയും പ്രയാഗ് രാജിലെയും ജനങ്ങള്‍ക്ക് നന്ദി. 66 കോടി ജനങ്ങളാണ് കുംഭമേളയ്ക്കായി എത്തിയതെന്നും ലോക്സഭയില്‍ നടത്തിയ പ്രത്യേക പ്രസ്താവനയില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ കഴിവുകളെപ്പറ്റി സംശയമുയര്ത്തിയവര്ക്കുള്ള മറുപടിയാണ് കുംഭമേളയില്‍ കണ്ടത്. വരും തലമുറയ്ക്ക് ഉദാഹരണമായി കുംഭമേള നടത്തിപ്പ് മാറി. ഞാന്‍ മൗറീഷ്യസിലേക്ക് പോയപ്പോള്‍ ത്രിവേണിസംഗമത്തിലെ പുണ്യതീര്ത്ഥവുമായാണ് പോയത്.
വിവിധ ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങള്‍ ത്രിവേണി സംഗമത്തിലെത്തി സ്നാനം ചെയ്തു. യാതൊരു ഭേദഭാവനകളുമില്ലാതെ ജനങ്ങള്‍ ഒരുമിച്ചു പുണ്യസ്നാനത്തിനെത്തി. ഐക്യത്തിന്റെ സന്ദേശമാണ് കുംഭമേള നല്‍കിയത്. ഏകതയുടെ സന്ദേശം ഭാരതം ലോകത്തിന് നല്കി. വൈവിധ്യങ്ങളിലെ ഏകത ഭാരതത്തിന്റെ പ്രത്യേകതയാണെന്ന് നാം എപ്പോഴും പറയാറുണ്ട്. അതാണ് പ്രയാഗ് രാജില്‍ നാം കണ്ടത്. രാജ്യത്തെ വിവിധ നദികളുടെ അവസ്ഥ നമുക്കറിയാവുന്നതാണ്. കുംഭമേളയില്‍ നിന്നുള്ള പ്രേരണ ഉള്‍ക്കൊണ്ട് നദി ഉത്സവങ്ങള്‍ ആരംഭിക്കും. നദികളുടെ സംരക്ഷണമാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: