Vicharam

കാവ്യജീവിതത്തിന്റെ അമൃതഘടിക; ഇന്ന് അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ നൂറാം ജന്മദിനം

Published by

ജീവിതത്തിലെ ചേറില്‍നിന്ന് ‘വെണ്ണക്കല്ലിന്റെ കഥ’യും ‘അനശ്വരന്റെ ഗാന’വും കടഞ്ഞെടുത്ത കവി. ചോരയുടെ ചൂരടിക്കുന്ന ക്രൂരപ്രത്യയശാസ്ത്രത്തിന്റെ ചവിട്ടുവഴികളില്‍നിന്ന് ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ വിരിയിച്ച കവി. ‘ഇദം നഃ മമഃ’ എന്ന മന്ത്രത്താല്‍ ആയുസ്സിനെ ‘അമൃതഘടിക’-യാക്കിയ കവി.

മലയാളത്തിന്റെ ഋഷികവി അക്കിത്തം അച്യുതന്‍നമ്പൂതിരിയുടെ നൂറാം ജന്മദിനമാണിന്ന്. 1926 മാര്‍ച്ച് 18ന് അര്‍ധരാത്രിയോടടുത്ത് മീനത്തിലെ കാര്‍ത്തിക നക്ഷത്രത്തിനും ഭരണി നക്ഷത്രത്തിനുമിടയിലുള്ള ഏതോ സമയത്ത് ആയിരുന്നു ആ ജനനം. മീനത്തിലെ കാര്‍ത്തിക എന്നാണ് ജാതകത്തില്‍ നാള്‍ കുറിച്ചത്. എന്നാല്‍ പിറന്നാളാഘോഷിക്കാറ് മീനഭരണിയില്‍. കൊടുങ്ങല്ലൂരമ്മയുടെ ഉത്സവദിവസം. വേദപണ്ഡിതനായ അക്കിത്തം വാസുദേവന്‍ നമ്പൂതിരിയുടെയും പട്ടാമ്പി കൊടുമുണ്ടയിലെ ചേക്കൂര്‍ ഇല്ലത്തെ പാര്‍വതി അന്തര്‍ജനത്തിന്റെയും രണ്ടാമത്തെ കുട്ടി. അച്യുതനുണ്ണി. ഉണ്ണിയെ ഒരു ‘ഓതിക്കന്‍’- ആക്കണം എന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. വെറും ഓതിക്കനായാല്‍പ്പോരാ. ശാസ്ത്രങ്ങളിലും ബ്രാഹ്മണങ്ങളിലും പാണ്ഡിത്യമുള്ള കേമനായ ഓതിക്കന്‍.

പത്തു തലമുറകള്‍ തുടര്‍ച്ചയായി അതിരാത്രം (അഗ്നി) ചെയ്ത പാരമ്പര്യമുള്ള കുടുംബം. അഗ്നിപത്ത്. അത് പറഞ്ഞു പറഞ്ഞ് ‘അക്കിത്തത്ത്’ എന്നായി. വാമൊഴിവഴക്കത്തില്‍ അത് പി
ന്നെയും പരിണമിച്ച് ‘അക്കിത്തം’ എന്നു ചുരുങ്ങി ആ കുടുംബത്തില്‍ പിറക്കുന്നവരുടെ പേരിന്റെ പുരോഭാഗമായി തീര്‍ന്നു.

അച്യുതനുണ്ണി ഓതിക്കനായില്ല. ആയിത്തീര്‍ന്നത് കവിയായിട്ട്. എട്ടാം വയസ്സില്‍ത്തുടങ്ങിയ കാവ്യോപാസന അവസാനിച്ചത് 94-ാം വയസ്സിലും. വരയിലാണ് ആ സര്‍ഗജീവിതം ആരംഭിച്ചത്. നന്നേ ചെറുപ്പത്തില്‍ത്തന്നെ നിലത്തും ചുമരിലും വടിവൊത്ത രൂപങ്ങള്‍ വരച്ചു തുടങ്ങി. പക്ഷെ ആ സര്‍ഗവ്യാപാരം പെട്ടെന്ന് വരയില്‍നിന്ന് വരിയിലേക്ക് വികസിച്ചു. അരമംഗലത്തമ്പലത്തിന്റെ ചുവരില്‍ ഏതൊക്കെയോ കുട്ടികള്‍ കോലംകെട്ട് വരച്ചിട്ട വികൃതരേഖകള്‍ കണ്ട് പ്രകോപിതനായി നാലുവരി പ്രതിഷേധക്കുറിപ്പ് എഴുതിയിടുകയായിരുന്നു ആ ബാലന്‍.
”അമ്പലങ്ങളിലീവണ്ണം
തുമ്പില്ലാതെ വരയ്‌ക്കുകില്‍
വമ്പനാമീശ്വരന്‍ വന്നി-
ട്ടെമ്പാടും നാശമാക്കിടും.”
ഒമ്പതാം വയസ്സു കഴിഞ്ഞു പത്താം വയസ്സ് ആയിട്ടുമില്ല. അച്യുതനുണ്ണി എന്ന പേരില്‍ ആദ്യമായി അച്ചടി മഷി പുരളുന്നു. തൃശൂര്‍ കിഴക്കുമ്പാട്ടുകരയില്‍നിന്നു പ്രസിദ്ധപ്പെടുത്തിയ ‘രാജര്‍ഷി’ മാസികയില്‍ ആദ്യകവിത അച്ചടിച്ചു വന്നു. ഗുരുവായൂരപ്പനെ വര്‍ണിച്ചുകൊണ്ടുള്ള മംഗളശ്ലോകമായിരുന്നു
അത്. അതോടെ ആ തൂലികത്തുമ്പില്‍നിന്ന് തടുക്കാനാവാത്ത പ്രവാഹമായിരുന്നു. ദിവസവും കവിതകള്‍. എഴുതിയാലും എഴുതിയാലും തീരാത്ത കാവ്യഗംഗാപ്രവാഹം.

പ്രായം പന്ത്രണ്ട്. നാടെങ്ങും മഹാകവി വള്ളത്തോളിന്റെ ഷഷ്ടിപൂര്‍ത്തി ആഘോഷം നടക്കുന്നു. കവിക്കൊരു മോഹം. വള്ളത്തോളിനെപ്പോലെ മഹാകവി ആവണം. അത് പ്രാര്‍ഥനയായി. രാവിലെ കുളിച്ചുതൊഴുമ്പോള്‍ മൂകാംബിക ദേവിയെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ഒരു കടലാസില്‍ ഇങ്ങനെയെഴുതി സമര്‍പ്പിച്ചു: ”വള്ളത്തോളിനെപ്പോലെ ഒരു കവിയാകാന്‍ കഴിഞ്ഞാല്‍ മൂകാംബികയ്‌ക്ക് വെള്ളിനാണയങ്ങള്‍ സമര്‍പ്പിക്കാം.” കുറച്ചു കഴിഞ്ഞപ്പോള്‍ ആ ആഗ്രഹത്തിന് ചെറിയൊരു മാറ്റം വരുത്തി അക്കിത്തം. ‘വള്ളത്തോളിനെപ്പോലെ’ എന്ന നിബന്ധന എടുത്തുകളഞ്ഞു. ‘വലിയ കവിയായാല്‍ മതി’ എന്നു മാത്രമാക്കി.

തീരാത്ത കാവ്യഗംഗാപ്രവാഹം
ജീവിതത്തിന്റെ പരിണാമങ്ങള്‍ക്കിടയില്‍ എത്രയെത്ര കവിതകള്‍ ആ പ്രതിഭയില്‍ നിന്ന് പിറവികൊണ്ടു. സമ്പൂര്‍ണസമാഹാരത്തില്‍ അറുന്നൂറിലേറെ കവിതകളുണ്ട്. അതില്‍പ്പെടാത്തവ, നഷ്ടപ്പെട്ടുപോയവ എത്രയെത്രയുണ്ടാവാം. കവിക്കു തന്നെ നിശ്ചയമുണ്ടായിരുന്നില്ല. നിരവധി ലേഖനങ്ങളും. എല്ലാം കൈരളിക്ക് നിവേദിച്ച് സഫലമായിത്തീര്‍ന്ന പുണ്യജന്മം. മലയാളത്തിലെ മഹാകവിപരമ്പരയുടെ അവസാന കണ്ണി.
ഇംഗ്ലീഷധ്യാപകനായ തൃക്കണ്ടിയൂര്‍ കളത്തില്‍ ഉണ്ണിക്കൃഷ്ണമേനോന്‍ അക്കിത്തത്തെ ഇടശ്ശേരിക്ക് പരിചയപ്പെടുത്തിക്കൊടുക്കുമ്പോള്‍ ഇടശ്ശേരി പറഞ്ഞ ഒരു വാക്കുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ ഈ ഉണ്ണിയെ തന്നെപ്പോലെ പ്രശസ്ത കവിയാക്കിത്തരാം എന്ന്. ഇടശ്ശേരിയില്‍നിന്നുള്ള കാവ്യശിക്ഷണം ആ പ്രതിഭയെ തിളക്കമുറ്റതാക്കി. പതിനാറാം വയസ്സില്‍ ആദ്യ കവിതാപുസ്തകം പ്രസിദ്ധീകരിച്ചു. ‘വീരവാദം’. ‘മംഗളോദയ’-മാണ് പ്രസാധകര്‍.

കടന്നുവന്ന ജീവിതവഴികളും അനവധിയായ സാഹിത്യനായകരുമൊത്തുള്ള സഹവര്‍ത്തിത്വവും സാമൂഹ്യവും സാംസ്‌കാരികവുമായ ഇടപെടലുകളും രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന പാരമ്പര്യത്തിന്റെ സത്തയും എല്ലാം അക്കിത്തത്തിന്റെ സര്‍ഗവൈഭവത്തെ മികവുറ്റതാക്കി. മൂകാംബികയുടെ അനുഗ്രഹം തന്നെ. പതിറ്റാണ്ടുകള്‍ കൊണ്ട് മലയാള സാഹിത്യലോകത്തെ തിളങ്ങുന്ന നക്ഷത്രമായി ആ ത്രൈയക്ഷരി. പുരസ്
കാരകീര്‍ത്തിയും നിരൂപകപ്രശംസകളും സഹൃദയപ്രീതിയുമെല്ലാം ആ ശിരസ്സില്‍ പതിക്കുകയായിരുന്നു. 1982 ല്‍ മൂകാംബികയില്‍ പോയപ്പോള്‍ ചെറുപ്പത്തില്‍ മനസ്സില്‍ ചെയ്ത ആ നേര്‍ച്ച ചെയ്തു. ഒരുകുടന്ന വെള്ളിനാണയങ്ങള്‍ ദേവിക്ക് സമര്‍പ്പിച്ച് ചരിതാര്‍ഥനായി അക്കിത്തം.

തന്റെ ജാതകത്തില്‍ അറുപതു വയസ്സുവരെയെ ആയുസ്സുള്ളൂ എന്നാണ് അക്കിത്തം പറഞ്ഞത്. പക്ഷെ പിന്നെയും മുപ്പത്തിനാല് വര്‍ഷം അദ്ദേഹം പൂര്‍ണകാമനായി ഈ ഭൂമിയില്‍ ജീവിച്ചു. ദൈവം നീട്ടിക്കൊടുത്ത ആയുസ്സ് കാവ്യസപര്യ തുടരുന്നതിനൊപ്പം ഭാരതീയ സംസ്
കാരത്തിന്റെ സംരക്ഷണത്തിനുമാണ് അദ്ദേഹം വിനിയോഗിച്ചത്. പതിനാലാം വയസ്സു മുതല്‍ വി.ടി ഭട്ടതിരിപ്പാടിന്റെ അനുയായി എന്നനിലയില്‍ സാമൂഹ്യമായ അനാചാരങ്ങള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കുമെതിരെ കൈമെയ് മറന്ന് പരിശ്രമിക്കുന്നതിനിടില്‍ കമ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് സഞ്ചരിച്ച അക്കിത്തം 25-ാം വയസ്സിനുള്ളില്‍ത്തന്നെ ആ പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗവഴികളുടെ പൊള്ളത്തരങ്ങള്‍ തിരിച്ചറിഞ്ഞു.

പ്രത്യയശാസ്ത്ര പ്രതിസന്ധിയാല്‍ വേവുന്ന മനസ്സില്‍നിന്നാണ് മലയാളത്തിന്റെ കാവ്യഭാവുകത്വത്തില്‍ പരിവര്‍ത്തനങ്ങളുണ്ടാക്കിക്കൊണ്ട് എക്കാലത്തെയും മനുഷ്യചേതനയെ കമ്പനം ചെയ്യിക്കുന്ന കവിത പിറവി കൊണ്ടത്. ‘ഇതുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’. മലയാള കവിതയില്‍ ആധുനികതയുടെ വരവറിയിച്ച കവിത. അതുവരെ മലയാളി അറിഞ്ഞിട്ടില്ലാത്ത പുതിയൊരു കാവ്യവഴിയിലൂടെ സഹൃദയലോകത്തെ സഞ്ചരിപ്പിച്ചു, അക്കിത്തം. അതിന്റെ രചനാശില്പത്തിലൂടെ, ധ്വനിയിലൂടെ, ഭാഷയിലൂടെ പുതിയൊരു അനുഭൂതിതലം ആസ്വാദകമനസ്സില്‍ രൂപപ്പെടുകയായിരുന്നു. ഒരു മനഃസാക്ഷിയുടെ അനുദിനവികാസമായിരുന്നു ആ കവിത എന്നാണ് അക്കിത്തം പറഞ്ഞത്.

നിഷ്‌കളങ്കവും നിസ്സംഗവുമായ സ്‌നേഹത്തിന്റെ അതിരില്ലാത്ത വിശാലതകളേയും വിസ്തൃതികളെയും ഉപവസിക്കാനുള്ള സഹജാവബോധത്തിന്റെ പ്രത്യക്ഷീഭാവമാണ് പ്രവചനസ്വഭാവമുള്ള ആ ഭാവിവിസ്‌ഫോടനത്തിന്റെ മഹാശാന്തിയില്‍ നാം കണ്ടത് എന്നാണ് പ്രഫ. തുറവൂര്‍ വിശ്വംഭരന്‍ ആ കവിതയെ നിരീക്ഷിച്ചത്. അക്കിത്തത്തിന്റെ പ്രതിഭയ്‌ക്ക് ഇടതു പക്ഷരാഷ്‌ട്രീയത്തിന്റെ ഇടുങ്ങിയ കോട്ടമതിലുകള്‍ക്കുള്ളില്‍ മുനിഞ്ഞുകത്തിയിരുന്ന ഇത്തിരിവെട്ടത്തിന്റെ സങ്കുചിതമണ്ഡലത്തില്‍ ഒതുങ്ങിക്കഴിയാനായില്ല.

മന്ത്രമായി പരിണമിച്ച കവിതകള്‍
വളരെ ചെറുപ്പത്തില്‍ത്തന്നെ മാര്‍ക്‌സിയന്‍ തത്വശാസ്ത്രങ്ങള്‍ മുഴുവന്‍ പലവുരു വായിച്ചു ഗ്രഹിച്ച അക്കിത്തം പില്‍ക്കാലത്ത് പറഞ്ഞതിങ്ങനെയാണ് ”എന്റെയുള്ളിലുള്ള കമ്മ്യൂണിസവും സോഷ്യലിസവും മാര്‍ക്‌സില്‍നിന്നല്ല, വേദങ്ങളില്‍നിന്ന് ലഭിച്ചതാണ്. ‘സമാനോ മന്ത്രഃ സമിതിഃ സമാനീ’ (ഋഗ്വേദത്തിലെ സമ്പാദസൂക്തത്തിലെ ഋക്ക്.) എന്ന മന്ത്രം എട്ടാമത്തെ വയസ്സുമുതല്‍ ചൊല്ലാന്‍ തുടങ്ങിയവനാണ് ഞാന്‍.” ”വര്‍ഗസമരക്കാരുടെ കൂടെ നടന്നപ്പോഴും ഞാനവരോട് പൂര്‍ണയോജിപ്പിലായിരുന്നില്ല. ലക്ഷ്യവും മാര്‍ഗവും ശുദ്ധമായിരിക്കണം എന്നാണ് എന്റെ വിശ്വാസം. കാരണം മാര്‍ഗം ശുദ്ധമായാല്‍ അത്രത്തോളം ലക്ഷ്യത്തോടടുത്തുവെന്നു പറയാം. ഭൗതികവാദികള്‍ ജീവിതത്തെ ഭൗതികമെന്നും ആത്മീയമെന്നും വേര്‍തിരിക്കുന്നതിനോടും എനിക്ക് യോജിക്കാന്‍ കഴിയില്ല” എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ജീവിതം തന്നിലേക്ക് സംക്രമിപ്പിച്ച ചിന്തകളാണ് അക്കിത്തം തന്റെ കവിതകള്‍ക്ക് വിഷയങ്ങളാക്കിയത്. അക്കിത്തത്തിന്റെ എല്ലാ കവിതകളും ഉപരിതലത്തില്‍ ശാന്തമായ തെളിഞ്ഞ നദിയാണ്. എന്നാല്‍ ഇറങ്ങി നനയുമ്പോഴാണ് അതിന്റെ ആഴങ്ങള്‍ അറിയുക. മാനവചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ദര്‍ശനങ്ങളുടെയും നിധികുംഭങ്ങള്‍ നിറഞ്ഞ പയോഗര്‍ഭങ്ങളിലേക്കായിരിക്കും നാം ആണ്ടിറങ്ങിപ്പോവുക. പൊങ്ങിവരുന്നത് ജീവിതസത്യങ്ങളില്‍ നിറയുന്ന ആനന്ദാനുഭൂതിയുടെ നവരത്‌നങ്ങളുമായിട്ടായിരിക്കുകയും ചെയ്യും.

ആ കവിതകളില്‍ നാം കാണുന്നത് സാധാരണമനുഷ്യന്റെ മനസ്സിലുദിക്കുന്ന സ്വാഭാവികചിന്തകളുടെ അലകളാണെന്ന് പ്രത്യക്ഷത്തില്‍ തോന്നാം. ജീവിതത്തിലൂടെ നടന്നുനീങ്ങുമ്പോള്‍ ഒരാള്‍ക്കുണ്ടാവുന്ന സന്ദേഹങ്ങള്‍. അതിനുത്തരം തേടിക്കൊണ്ടിരിക്കവേ മനസ്സില്‍ തെളിഞ്ഞുവരുന്ന തത്വചിന്തകള്‍. പൗരാണികമായ ഭാരതീയസംസ്‌കൃതിയുടെ അടിസ്ഥാനമായ വേദങ്ങളിലും ഉപനിഷത്തുകളിലും ഋഷിവര്യന്മാര്‍ പറഞ്ഞുവച്ച അത്യുദാത്തമായ ദര്‍ശനങ്ങളിലേക്ക് അത് പതുക്കെപ്പതുക്കെ വളര്‍ന്നുപൊയ്‌ക്കൊണ്ടിരിക്കും. വേദാന്തചിന്തയുടെ ആ ഗഹനതയില്‍ നിന്നിറങ്ങി കവി വീണ്ടും ഭൂമി തൊടുകയും ജീവിതത്തിന്റെ നൈര്‍മ്മല്യത്തിലേക്കും പ്രസാദാത്മകതയിലേക്കും പച്ചയായ അനുഭവങ്ങളിലേക്കും നമ്മെ കൈപിടിച്ചെത്തിക്കയും ചെയ്യും.

ശ്രീഅരബിന്ദോയുടെ കാവ്യദര്‍ശനഗ്രന്ഥമായ ‘ഫ്യൂച്ചര്‍ പോയട്രി’യില്‍ ”കവിത മന്ത്രമായി പരിണമിക്കും” എന്നു പറഞ്ഞതിന് നിദര്‍ശനമാവുകയാണ് അക്കിത്തത്തിന്റെ കാവ്യപ്രപഞ്ചം. കാവ്യപാരമ്പര്യത്തിന്റെ എല്ലാ ഊര്‍ജവും സ്വീകരിച്ചുകൊണ്ട് പുതിയ കവനശീലങ്ങളിലൂടെ ആസ്വാദകനുമായി തന്മയീഭാവത്തിലെത്തുക എന്നതാണ് അക്കിത്തം കവിതകളുടെ സവിശേഷത.

കാലത്തിന്റെ, ദൈവത്തിന്റെ നിയോഗമായാണ് അക്കിത്തം കാവ്യകര്‍മ്മം ഏറ്റെടുത്തത്. ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനിടയില്‍ മനസ്സിലുണ്ടാവുന്ന തീപ്പൊരികള്‍ വരികളായി കുറിക്കവേ ഏതോ ഒരു ചൈതന്യം തന്നില്‍ പ്രവേശിക്കുന്നതായി തോന്നാറുണ്ട് എന്നദ്ദേഹം പറയുമായിരുന്നു.

വി.ടി ഭട്ടതിരിപ്പാട് തന്റെ വ്യക്തിത്വത്തില്‍ വലിയ സ്വാധീനം ചെലുത്തിയതായി അക്കിത്തം നിരന്തരം പറയുമായിരുന്നു. ”വി.ടി ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്നത്തെ ഞാനാവുമായിരുന്നില്ല” എന്നാണ് അക്കിത്തം പറയാറ്. 1949 ല്‍ പാലിയത്തെ റോഡിലൂടെ ജാതിവ്യത്യാസം കൂടാതെ എല്ലാവര്‍ക്കും യാത്രാനുവാദം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് വി.ടി യുടെ നേതൃത്വത്തില്‍ നടത്തിയ സത്യഗ്രഹത്തില്‍ അക്കിത്തവും പങ്കെടുത്തു.

സ്വന്തം വിവാഹവേളതന്നെ പരിവര്‍ത്തന വേദിയാക്കിയിരുന്നു അക്കിത്തം. അക്കിത്തംമനയിലെ സ്ത്രീകളാരും അക്കാലംവരെ മാറുമറക്കുന്ന വസ്ത്രം ധരിച്ചിരുന്നില്ല. എന്നാല്‍ തന്റെ വധു ബ്ലൗസ് ധരിച്ചാവണം വീട്ടിലേക്ക് വരേണ്ടത് എന്ന് അക്കിത്തത്തിന് നിര്‍ബന്ധമായിരുന്നു. അക്കിത്തംമനയില്‍ ആദ്യമായി മാറുമറച്ച വസ്ത്രം ധരിച്ച സ്ത്രീയായി മാറി അദ്ദേഹത്തിന്റെ ഭാര്യ ശ്രീദേവി അന്തര്‍ജനം.

തങ്ങളുടെ പാരമ്പര്യം നിലനിര്‍ത്താന്‍ അതിരാത്രം നടത്താനൊരുങ്ങിയ പിതാവിനെ യുവാവായ അക്കിത്തം അതില്‍നിന്ന് തടഞ്ഞു. അതു നടത്തിക്കഴിയുമ്പോഴേക്കും കുടുംബം കടക്കെണിയില്‍ പെട്ടുപോകുമെന്ന ഭീതിയാലായിരുന്നു അത്. എന്നാല്‍ പില്‍ക്കാലത്ത് യാഗങ്ങള്‍ നടത്തുന്നതിനു മുന്‍കൈ എടുക്കുകയും അതിന്റെ പ്രചാരണം നയിക്കുകയും ചെയ്തത് അക്കിത്തമായിരുന്നു. അവിടെയും കാലത്തിനു നിരക്കാത്ത ആചാരങ്ങള്‍ തടയാന്‍ അദ്ദേഹം മുന്‍കൈയെടുത്തു. പാഞ്ഞാളില്‍ നടന്ന അതിരാത്രത്തില്‍ ‘പശ്വാലംഭം’ പാടില്ല എന്ന് അതിന്റെ യജ്ഞാചാര്യനായ ഏര്‍ക്കര രാമന്‍ നമ്പൂതിരിയെ ബോധ്യപ്പെടുത്തി. പകരം അരിമാവുകൊണ്ടുള്ള ചടങ്ങ് മതി എന്നു തീരുമാനിക്കുന്നതിന് പ്രേരിപ്പിക്കുകയും ചെയ്തത് കേസരി പത്രാധിപരായിരുന്ന എം.എ.കൃഷ്ണനോടൊപ്പം അക്കിത്തവും കൂടിയാണ്.

കവി എന്നതിനു സമാന്തരമായി ഒരുപാട് കര്‍മ്മമേഖലയിലൂടെ അക്കിത്തം സഞ്ചരിച്ചു. കാവ്യദേവതയെയും ധര്‍മ്മദേവതയെയും ഒരുപോലെ മനസ്സില്‍വച്ചാരാധിച്ചു. കാവ്യവൃത്തിയും സാംസ്‌കാരികപ്രവര്‍ത്തനവും അദ്ദേഹത്തിന് സമാന്തരരേഖകളായിരുന്നില്ല, പരസ്പരപൂരകങ്ങളായിരുന്നു.

തപസ്യ കലാസാഹിത്യ വേദിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ ഒന്നര പതിറ്റാണ്ടുകാലം അതിനെ നയിക്കുകയും കേരളത്തിലെ സാംസ്‌കാരികരംഗത്ത് ഗുണപരമായ നിരവധി പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. 1991 ല്‍ ഗോകര്‍ണം മുതല്‍ കന്യാകുമാരി വരെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തപസ്യ നടത്തിയ സാംസ്‌കാരിക തീര്‍ഥയാത്രയുടെ സന്ദേശം ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്നായിരുന്നു. ഭാരതത്തിന്റെ ദേശീയതയിലും സാംസ്‌കാരിക പാരമ്പര്യത്തിലും അടിയുറച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ പ്രസ്ഥാനങ്ങളുമായും അദ്ദേഹം സഹകരിച്ചു.

മഹാകവി അക്കിത്തത്തിന് കൊടുക്കേണ്ട എല്ലാ ആദരവുകളും ജീവിതകാലത്തുതന്നെ നാം
അദ്ദേഹത്തിന് നല്‍കി. കാവ്യവ്യാപാരത്തിന്റെ സാഫല്യം എന്ന നിലയിലിലാണ് അക്കിത്തം ഭാഗവതം തര്‍ജമ ചെയ്തത്. ഏഴുവര്‍ഷം നീണ്ടുനിന്ന ആ വിവര്‍ത്തനവേളയിലൂടെ ജീവിതത്തെ ഏറ്റവും നിര്‍മമതയോടെ കാണാനും നിസ്വനായി ലോകത്തെ അഭിവീക്ഷിക്കാനും തനിക്കു കഴിഞ്ഞു എന്നാണ് അക്കിത്തം പറഞ്ഞത്. ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച വേളയില്‍ ഒരു അഭിമുഖത്തിനിടയില്‍ തന്റെ അവസാനത്തെ വരികള്‍ അക്കിത്തം കുറിച്ചത് മൂകാംബിക ദേവിയെ മനസ്സില്‍ ധ്യാനിച്ചായിരുന്നു.

”മൂകരേ മൂകരല്ലാതെ-
യാക്കും മൂകാംബികയ്‌ക്കു ഞാന്‍
നമസ്‌കരിക്കുന്നു നിത്യം
ഉഷസ്സിലുണരും വിധൗ.”
ജീവിതം മുഴുവന്‍ സമഷ്ടിപ്രേരണയാല്‍ ധര്‍മ്മത്തിനായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ വരികള്‍ മുഴുവന്‍ കാവ്യാകാശത്തെ ഉജ്വലതാരങ്ങളായി ദീര്‍ഘകാലം പ്രകാശം ചൊരിയട്ടെ. അദ്ദേഹമെടുത്ത നിലപാടുകളും ദൗത്യങ്ങളും കര്‍മ്മവും തലമുറകള്‍ ഏറ്റെടുത്ത് ഭാരതീയസംസ്‌കൃതിയുടെ പുണ്യങ്ങള്‍ക്കൊപ്പം ചേര്‍ത്ത് വിശ്വസംസ്‌കാരത്തെ പൊലിപ്പിക്കട്ടെ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by