Vicharam

ജന്മാന്തര ബന്ധം പോലെ

Published by

മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എന്ന കവിയെ, ഗാനരചയിതാവിനെ ഞാന്‍ എന്നായിരിക്കും അറിഞ്ഞിരിക്കുക?! ഒരുപക്ഷേ സിനിമാഗാനങ്ങള്‍ കേള്‍ക്കാനായി റേഡിയോ തുറന്ന കാലത്തായിരിക്കാം. 1975 ലോ മറ്റോ ‘ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍’ എന്ന ഗാനം
കേട്ടപ്പോള്‍, അല്ലെങ്കില്‍ ‘ കാളിദാസന്റെ കാവ്യ ഭാവനയെ കാല്‍ച്ചിലമ്പണിയിച്ച സൗന്ദര്യം’ വരികളില്‍ അറിയാന്‍ ഞാന്‍ കെല്‍പ്പുള്ളവനായപ്പോഴാകാം. ഏതായാലും മൂന്നര പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഒരു സായാഹ്നം ചിറകടിച്ച് പായാന്‍ തുടങ്ങുന്ന വേളയിലാണ് ഞാന്‍ മങ്കൊമ്പ് ഗോപാലകൃഷ്ണനെ കണ്ടത്, പരിചയപ്പെട്ടത്.

ആ പരിചയം എന്നെ എത്തിച്ചത് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എന്ന ദൂരപരിധി വച്ചല്ല. പകരം മങ്കൊമ്പ് ചേട്ടനായി മാറിക്കൊണ്ടുള്ള ചേര്‍ത്തുപിടിക്കലിലൂടെ ദൂരപരിധി ഇല്ലാതാക്കിയാണ്. മൂന്നര പതിറ്റാണ്ട് മുന്നേ കാണാന്‍ ഒരു പ്രത്യേക കാര്യം കൂടി ഉണ്ടായിരുന്നു. ഞാനന്ന് ഒരു കോട്ടയം വാരികയില്‍ പത്രാധിപരംഗത്ത് ജോലി ചെയ്യുന്നു. ‘കിനാവും കണ്ണീരും’ പോലെ സ്ത്രീകള്‍ അവരുടെ അനുഭവങ്ങള്‍ തുറന്നു പറയാന്‍ മടിക്കുന്ന ചില കണ്ണീര്‍ക്കഥകളുടെ പംക്തി. ഏറെ വായനക്കാരുള്ളതാണ്. വായനക്കാരുടെ നെടുവീര്‍പ്പുകളും നിശ്വാസങ്ങളുമൊക്കെ പംക്തിയെ മുന്നോട്ടു നയിക്കുന്നു.

എന്നാല്‍ സ്ത്രീകളെ കൊണ്ട് തകര്‍ന്നുപോയ പുരുഷന്മാരുടെ ജീവിതം പറയുന്ന ഒരു പക്തി, അങ്ങനെ ഒരു പംക്തിയായിരുന്നു ‘വിളക്ക് കെടുത്തുന്ന ശലഭങ്ങള്‍.’ തങ്കം എന്നാണ് എഴുത്തുകാരിയുടെ പേര്. യഥാര്‍ത്ഥത്തില്‍ ഇത്തരം പംക്തികള്‍ പലപ്പോഴും കൈകാര്യം ചെയ്തിരുന്നത് സ്ത്രീ തൂലികാനാമത്തില്‍ എഴുതിയിരുന്ന പുരുഷന്മാര്‍ തന്നെയായിരുന്നു. പലതും കെട്ടുകഥകളും ആയിരുന്നു. അക്ഷരങ്ങളിലൂടെ കണ്ണുപായുമ്പോള്‍ മനസ്സില്‍ ദുഃഖത്തിന്റെ അലയൊലികള്‍ ഉണ്ടാകണം. അത്രതന്നെ! എന്തായാലും തങ്കത്തിന്റെ ‘വിളക്ക് കെടുത്തുന്ന ശലഭങ്ങള്‍’ എന്ന പംക്തി ഏറെ ജനപ്രിയമായി മാറി. ശോഭ എന്നപേരില്‍ മറ്റൊരു വാരികയില്‍ സ്ത്രീ ദുഃഖ സ്വഭാവമുള്ള പംക്തിയും അക്കാലത്ത് ആരംഭിച്ച കഴിഞ്ഞിരുന്നു.

ഞാന്‍ പത്രാധിപ സ്ഥാനത്ത് എത്തിയ വാരികയിലും ഇങ്ങനെ ഒരു പംക്തി ആവശ്യമായി. അതെഴുതാന്‍ എന്നെയാണ് നിയോഗിച്ചത്. എസ്. കൃഷ്ണവേണി എന്ന പേരില്‍ ഞാന്‍ പംക്തി എഴുതാന്‍ തുടങ്ങി. ‘താളം തെറ്റിയ താരുണ്യങ്ങള്‍’ എന്നായിരുന്നു പംക്തിയുടെ പേര്. അത് ജനപ്രിയമായി. കുറച്ച് ഇടവേളയ്‌ക്കു ശേഷം തുടരേണ്ടി വന്നപ്പോള്‍ ‘കണ്ണീര്‍ തോരാത്ത കാമിനിമാര്‍, എന്ന പേരിലും അത് തുടര്‍ന്നു. റെസ്‌ക്യൂ ഷെര്‍ട്ടറില്‍ പോയി ഇന്റര്‍വ്യൂ ചെയ്തു ഫോട്ടോ അടക്കമാണ് പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. (ഇന്നാണെങ്കില്‍ ഫോട്ടോയെടുക്കുക എന്നതും അത് പ്രസിദ്ധീകരിക്കുക എന്നതും നിയമവിരുദ്ധമാണ്) അതുകൊണ്ടുതന്നെ പംക്തിക്ക് വിശ്വാസ്യത കൈവന്നു.

ആ സമയം ഞാന്‍ എനിക്കു മുന്നേ ഇത്തരം പംക്തി എഴുതിയ ആളെ കാണാന്‍ ആഗ്രഹിച്ചു. അങ്ങനെ ‘തങ്ക’ത്തെ കണ്ടു .അത് മങ്കൊമ്പ് ഗോപാലകൃഷ്ണനായിരുന്നു ! പരിചയപ്പെട്ടപ്പോഴേക്കും തൊട്ടു മുന്നെ എപ്പോഴോ പറഞ്ഞുവച്ച കാര്യത്തിന്റെ തുടര്‍ച്ച പോലെ, ഒരു അപരിചിതത്വവും ഇല്ലാതെയാണ് സംസാരം തുടങ്ങിയത്. അവസാനിപ്പിച്ചതോ ഇനിയും പറയാന്‍ ബാക്കിയുണ്ടെന്ന മട്ടിലും!

ആ കുട്ടനാട്ടുകാരന്‍ ഇന്നും അങ്ങനെയാണല്ലോ! ബുദ്ധികൊണ്ടല്ല, മനസ്സുകൊണ്ട് സംസാരിക്കുന്ന കവിക്കും കലാകാരനും അപ്പുറമുള്ള മനുഷ്യന്‍! ആ ബന്ധം സായാഹ്നത്തില്‍ നിന്ന് സന്ധ്യയിലേക്കും പിന്നെ ഇരുളിലേക്കും കൊഴിയുക ആയിരുന്നില്ല, പകരം ഒരു ഭൂപാള രാഗം പോലെ പ്രഭാതത്തിന്റെ ഉണര്‍വിലേക്ക്, സന്തോഷത്തിന്റെയും ആത്മാര്‍ത്ഥതയുടെയും സരള ലളിത കോമള യാത്രയായിരുന്നു. വീണ്ടും പലനാള്‍ കോട്ടയത്തെ പല സ്ഥലങ്ങളില്‍ വച്ചും ഞങ്ങള്‍ കണ്ടു. എഴുതാന്‍ വന്നിരുന്ന ലോഡ്ജിലും പോകാന്‍ തുടങ്ങി. ഏറെ അടുത്തു. മനസ്സ് തുറന്നു.

ഞാന്‍ ഇപ്പോള്‍ എന്നോടുതന്നെ ചോദിക്കുകയാണ്, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എനിക്ക് ആരാണ്? എന്താണ് വൈകാരികമായും അല്ലാതെയും ഈ ബന്ധത്തെ സ്വാധീനിച്ചത്? കവി, ഗാനരചയിതാവ്, പത്രപ്രവര്‍ത്തകന്‍, തിരക്കഥാകൃത്ത്, ഗിന്നസ് പുരസ്കാരത്തിന് അര്‍ഹനാകേണ്ട മൊഴിമാറ്റ സിനിമകളുടെ കര്‍ത്താവ് എന്ന നിലയിലുള്ള അഭിമാന ബന്ധം ആണോ ഞാനും ഇദ്ദേഹവും ആയിട്ടുള്ളത്? തീര്‍ച്ചയായും. ആദരണീയമായ ആ ബന്ധം എനിക്ക് അദ്ദേഹത്തോടുണ്ട്. എന്റെ വളര്‍ച്ചയില്‍ താല്പര്യമുള്ള, കഴിയുന്ന സഹായങ്ങള്‍ ചെയ്യാന്‍ സന്നദ്ധത കാണിച്ചിട്ടുള്ള എന്തിനധികം ബാഹുബലി – രണ്ടില്‍ പോലും ഡബ്ബിങ് ആര്‍ട്ടിസ്റ്റായ എനിക്ക് അവസരം തന്ന സ്‌നേഹനിധിയായ സഹോദരസ്ഥാനത്താണോ അദ്ദേഹമുള്ളത്.! തീര്‍ച്ചയായും. സഹോദര സ്ഥാനമുണ്ട് .

പല ഉപദേശങ്ങളും എനിക്കു നല്‍കിയ അദ്ദേഹം എന്റ ഗുരുസ്ഥാനത്താണോ? തീര്‍ച്ചയായും ഗുരുസ്ഥാനീയനാണ്.

പലതും ഉള്ളു തുറന്നു പറയാനും പങ്കുവെക്കാനും കഴിയുന്ന ആളാണ് എനിക്കദ്ദേഹം. അപ്പോള്‍ വിശ്വസ്തനും വിവേകമതിയുമായ ഒരു സ്‌നേഹിതന്റെ സ്ഥാനമാണോ എനിക്ക് അദ്ദേഹത്തിനോടുള്ളത് ? തീര്‍ച്ചയായും അങ്ങനേയും ഉണ്ട്. എന്നാല്‍ ഞാന്‍ അറിയുന്നു, ഞങ്ങള്‍ തമ്മില്‍ ആദരവിന്റെ, സാഹോദര്യ – സ്‌നേഹത്തിന്റെ, ഗുരുവിന്റെ എന്നൊക്കെയുള്ള കള്ളികളില്‍ മാത്രം ഒതുക്കാന്‍ കഴിയാത്ത, വ്യവച്ഛേദിക്കാന്‍ ആകാത്ത ബന്ധമാണുള്ളതെന്ന്! ഏതാണ്ട് പൂര്‍വ്വജന്മാര്‍ജ്ജിതം പോലെ…

എന്റെ കോട്ടയം പ്രവര്‍ത്തന മണ്ഡലം മാറി. എഴുത്തു തുടര്‍ന്നു. പത്രപ്രവര്‍ത്തന കേന്ദ്രം ലക്ഷദ്വീപും എറണാകുളവും ആയി. പിന്നീട്, സീരിയലിലും സിനിമകളിലും പ്രവര്‍ത്തിക്കാന്‍ തുടങ്ങി. കൂടെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും. അങ്ങനെയിരിക്കെയാണ് തപസ്യ കലാസാഹിത്യ വേദിയുടെ സമ്മേളനത്തില്‍ വച്ച് വീണ്ടും കണ്ടുമുട്ടുന്നത്. അപ്പോഴേക്കും മങ്കൊമ്പ് ചേട്ടന്‍ താമസം എറണാകുളത്തേക്ക് മാറ്റിയിരുന്നു. വീണ്ടും കണ്ടുമുട്ടുമ്പോള്‍ മറ്റൊരു കവിയുടെ സാന്നിദ്ധ്യവും അവിടെ ഉണ്ടായിരുന്നു. എസ്. രമേശന്‍ നായര്‍ എന്ന കവിയുടെ. ഒരു ദീര്‍ഘകാല ബന്ധം അദ്ദേഹമായും എനിക്കുണ്ടായിരുന്നു. പിന്നീട് ആ സംഘടനയുടെ തന്നെ എറണാകുളം ജില്ല രക്ഷാധികാരികളായി ഞങ്ങള്‍ ഇരുവരും
ഒരു വര്‍ഷക്കാലം’! എന്റെ മൊബൈല്‍ നമ്പര്‍ വാങ്ങിപ്പോകുന്നു. ഒരുനാള്‍ എനിക്ക് മങ്കൊമ്പ് ചേട്ടന്റെ വിളി വന്നു . ‘ഒന്ന് കടവന്ത്ര വിസ്മയ സ്റ്റുഡിയോയില്‍ വരണം.’ വിളിച്ചത് മങ്കൊമ്പു ചേട്ടനല്ലേ. കാര്യം അറിയാതെ തന്നെ ചെല്ലുന്നു. അവിടെ അദ്ദേഹം ചെയ്യുന്ന മൊഴിമാറ്റ സിനിമയില്‍ ഒരു കഥാപാത്രത്തിന് ഡബ്ബ് ചെയ്യാനാണ് വിളിച്ചത്. നോക്കൂ, അറിഞ്ഞുവെച്ച് ഓര്‍ത്തുവച്ച് ചേര്‍ത്തുപിടിക്കുന്ന രീതി!

പിന്നീട് പലവട്ടവും പല സിനിമകളിലും ഡബ്ബ് ചെയ്യാന്‍ അവസരം നല്‍കി. അദ്ദേഹം ഇതിനിടെ ഒട്ടേറെ കാര്യങ്ങള്‍ സംഘടനാപരമായി, എഴുത്ത് സംബന്ധമായി, കുടുംബപരമായി, വ്യക്തിപരമായി പങ്കുവെച്ചിരുന്നു. പലരുടേയും പല പകര്‍ന്നാട്ടങ്ങളും ഞങ്ങള്‍ അറിഞ്ഞു. ഇന്നും ബന്ധം ദൃഢമായി തുടരുമ്പോള്‍ … ഞാന്‍ ചോദിക്കുന്നു, എനിക്ക് മങ്കൊമ്പ് ചേട്ടന്‍ ആരാണ് ?ആരാധ്യനായ കലാകാരനോ കവിയോ സഹോദരനോ അതോ ഗുരുവോ സുഹൃത്തോ! ഇതെല്ലാം ആകുമ്പോഴും, ഒരു കള്ളിയിലും ഒതുക്കാന്‍ ആകാത്ത ഒരു ബന്ധം പൂര്‍വ്വജന്മാര്‍ജിതമാകാം. വരും ജന്മങ്ങളിലും ഇത് ഉണ്ടാകുമോ?

(തപസ്യ എറണാകുളം ജില്ലാ അധ്യക്ഷനും മാധ്യമ പ്രവര്‍ത്തകനും നോവലിസ്റ്റുമാണ് ലേഖകന്‍)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by