India

ഛത്തീസ്ഗഡ് : ഇരട്ട എഞ്ചിൻ സർക്കാരിന്റെ പദ്ധതി ഫലം കണ്ടു, തലയ്‌ക്ക് 29 ലക്ഷം രൂപ പ്രഖ്യാപിച്ച 19 നക്സലൈറ്റുകൾ കീഴടങ്ങി

സർക്കാരിന്റെ പുനരധിവാസ നയത്തിന് കീഴിൽ ലഭ്യമായ ആനുകൂല്യങ്ങൾ നിരവധി നക്സലൈറ്റുകളെ ആകർഷിച്ചിട്ടുണ്ടെന്ന് ബിജാപൂർ പോലീസ് സൂപ്രണ്ട് ഡോ. ജിതേന്ദ്ര കുമാർ യാദവ് പറഞ്ഞു.  പുറത്തുനിന്നുള്ളവരുടെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസംഗങ്ങളിൽ നിന്നും വ്യാജ നക്സലൈറ്റ് പ്രത്യയശാസ്ത്രത്തിൽ നിന്നും അവർ പുറത്തുവന്ന് സമൂഹത്തിന്റെ മുഖ്യധാരയിൽ ചേരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

Published by

ബിജാപൂർ : കേന്ദ്ര സർക്കാരിന്റെ പിൻബലത്തിൽ ഛത്തീസ്ഗഢ് സർക്കാരിന്റെ പുനരധിവാസ, കീഴടങ്ങൽ നയവും സർക്കാർ നടത്തുന്ന “നിയാദ നെല്ല നാർ” പദ്ധതിയും നക്സലുകളെ ആകർഷിക്കുന്നു. തിങ്കളാഴ്ച ബിജാപൂരിൽ എഒബി ഡിവിഷനിലും പാമെഡ് ഏരിയ കമ്മിറ്റിയിലും സജീവമായി പ്രവർത്തിക്കുന്ന 19 നക്സലൈറ്റുകൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങി.

സർക്കാർ ഇവരുടെ തലയ്‌ക്ക് ആകമാനം 29 ലക്ഷം രൂപയോളം പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഇത്രയും കുപ്രസിദ്ധിയാർജിച്ച ഇടത് ഭീകരരാണ് സർക്കാരിന് മുന്നിൽ ആയുധം വെച്ച് കീഴടങ്ങിയത്. ബിജാപൂർ പോലീസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ കെരിപു ദേവേന്ദ്ര സിംഗ് നേഗി, ബിജാപൂർ പോലീസ് സൂപ്രണ്ട് ഡോ. ജിതേന്ദ്ര കുമാർ യാദവ് എന്നിവരുടെ മുമ്പാകെയാണ് ഇവർ കീഴടങ്ങിയത്.

ഈ നക്സലൈറ്റുകളിൽ പി‌എൽ‌ജി‌എ ബറ്റാലിയൻ, പി‌പി‌സി‌എം, എ‌സി‌എം, എ‌ഒ‌ബി ഡിവിഷനുകളിലെ അംഗങ്ങളും തീവ്രവാദ കേഡറിലെ നക്സലൈറ്റുകളും ഉൾപ്പെടുന്നുണ്ട്. കീഴടങ്ങിയ എല്ലാ നക്സലൈറ്റുകൾക്കും 25,000 രൂപ വീതം പ്രോത്സാഹന തുകയും നൽകി.

സർക്കാരിന്റെ പുനരധിവാസ നയം പ്രയോജനപ്പെടുത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ചേരാൻ ബിജാപൂർ പോലീസ് സൂപ്രണ്ട് ഡോ. ജിതേന്ദ്ര കുമാർ യാദവ് നക്സലൈറ്റുകളോട് അഭ്യർത്ഥിച്ചു. സർക്കാരിന്റെ പുനരധിവാസ നയത്തിന് കീഴിൽ ലഭ്യമായ ആനുകൂല്യങ്ങൾ നിരവധി നക്സലൈറ്റുകളെ ആകർഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നക്സലൈറ്റുകളുടെ കുടുംബങ്ങളും അവരെ തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ട്. ഇതിനു പുറമെ അധികൃതർ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ചേരാൻ അവരെ പ്രോത്സാഹിപ്പിക്കുന്നു. പുറത്തുനിന്നുള്ളവരുടെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസംഗങ്ങളിൽ നിന്നും വ്യാജ നക്സലൈറ്റ് പ്രത്യയശാസ്ത്രത്തിൽ നിന്നും അവർ പുറത്തുവന്ന് സമൂഹത്തിന്റെ മുഖ്യധാരയിൽ ചേരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അവിടെ അവർക്ക് യാതൊരു ഭയവുമില്ലാതെ സാധാരണ ജീവിതം നയിക്കാൻ കഴിയും. കൂടാതെ ഉൾനാടൻ നക്സൽ ബാധിത പ്രദേശങ്ങളിൽ പുതിയ സുരക്ഷാ ക്യാമ്പുകൾ തുടർച്ചയായി സ്ഥാപിക്കുന്നത് ഗുണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക