India

ആനകളുടെ എഴുന്നള്ളിപ്പ് ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ

Published by

ന്യൂദൽഹി: ഉത്സവത്തിനുള്ള ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ. ആനകളുടെ എഴുന്നള്ളിപ്പ് ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണെന്നും ഇത് പൂർണമായും തടയാനുള്ള നീക്കമാണെന്ന് തോന്നുന്നതായും സുപ്രീംകോടതി വ്യക്തമാക്കി. നായകൾക്കെതിരായ ക്രൂരതയിലെടുത്ത കേസ് എങ്ങനെ ആനയിലേക്ക് എത്തിയെന്നും കോടതി ചോദിച്ചു.

ആനകളുടെ സർവ്വേ നടത്തണം എന്നത് ഉൾപ്പെടെയുള്ള നിർദേശമാണ് സ്റ്റേ ചെയ്തത്. ഹൈക്കോടതി ഉത്തരവിനെതിരെ വിശ്വ ഗജ സേവാ സമിതി നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്. നാട്ടാന പരിപാലന നിയമം നടപ്പാക്കണമെന്ന് സ്വമേധയായാണ് ഹൈക്കോടതി കേസെടുത്തിരുന്നത്. ഈ ഹർജി പരിഗണിച്ച രണ്ടു പേരും നേരത്തെ മൃഗസ്നേഹികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകരായിരുന്നു. അതിനാൽ ഈ കേസ് സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നായിരുന്നു പ്രധാന ആവശ്യം. എന്നാലിത് പൂർണമായും അംഗീകരിക്കാൻ സുപ്രീംകോടതി തയാറായില്ല.

പാറമേക്കാവ്, തിരുമ്പമ്പാടി ദേവസ്വങ്ങൾ നൽകിയ ഹർജിയിലും നിലവിൽ ഇടപെടാനില്ലെന്ന് ജസ്റ്റിസ് നാഗരത്ന അറിയിച്ചു. ഹർജി പിൻവലിക്കാൻ സുപ്രീം കോടതി അനുമതി നൽകി. നേരത്തെ ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും മാർ​ഗനിർദേശങ്ങളും സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. നിലവിലുള്ള നിബന്ധനകൾക്ക് പുറമെയുള്ള ഹൈക്കോടതിയുടെ നിർദേശത്തിനായിരുന്നു സ്റ്റേ ഏർപ്പെടുത്തിയിരുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by