News

പാതിവില തട്ടിപ്പ് 231 കോടി രൂപയുടേത്; 1,343 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി

Published by

തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിലായി നടന്ന പാതിവില സ്‌കൂട്ടര്‍ തട്ടിപ്പില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 1,343 കേസുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. സംസ്ഥാനത്തെ അരലക്ഷത്തോളം പേര്‍ തട്ടിപ്പിനിരയായി. ആകെ നടന്നത് 231 കോടി രൂപയുടെ തട്ടിപ്പാണ്. കേസുകളില്‍ 665 എണ്ണം ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാതിവില തട്ടിപ്പിന് ആകെ ഇരയായവരുടെ എണ്ണം 48,384 ആണ്. കേസിലെ മുഖ്യപ്രതികളെല്ലാം തന്നെ പോലീസ് പിടിയിലായിട്ടുണ്ട്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ അടക്കം മരവിപ്പിച്ചു. സീഡ് വഴിയും എന്‍ജിഒ കോണ്‍ഫെഡറേഷന്‍ വഴിയുമാണ് പ്രതികള്‍ തട്ടിപ്പു നടത്തിയത്. കമ്മീഷന്‍ നല്‍കി കോര്‍ഡിനേറ്റര്‍മാരെ നിയമിച്ച് തട്ടിപ്പ് വ്യാപിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. രാഷ്‌ട്രീയ നേതാക്കള്‍ പാതിവില തട്ടിപ്പിന് പിന്നിലുണ്ടോ എന്ന ചോദ്യത്തിന് കേസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. നിരവധി വിവരങ്ങള്‍ ഇനിയും ലഭിക്കാനുണ്ട്. പ്രമുഖര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാണ് വിശ്വാസ്യത ആര്‍ജ്ജിച്ച് തട്ടിപ്പ് വ്യാപിപ്പിച്ചത്. ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് പാതിവിലയ്‌ക്ക് സ്‌കൂട്ടര്‍ നല്‍കി. പിന്നീട് പാതിവിലയ്‌ക്ക് ആര്‍ക്കും തന്നെ സ്‌കൂട്ടറുകള്‍ നല്‍കിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by