കേരളത്തിലെ പ്രമുഖ ഗാന്ധിയനായിരുന്ന പി. ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ എത്തിയ തുഷാര്‍ ഗാന്ധിയുടെ നിരുത്തരവാദപരവും നിന്ദാര്‍ഹവുമായ പ്രസ്താവനയ്‌ക്കെതിരെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് കോണ്‍ഗ്രസ്സും സിപിഎമ്മും ചില മാധ്യമങ്ങളും ചേര്‍ന്ന് വലിയ വിവാദമാക്കുകയുണ്ടായല്ലോ. നെയ്യാറ്റിന്‍കരയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആര്‍എസ്എസിനെതിരെയാണ് തുഷാര്‍ ഗാന്ധി വിഷം ചീറ്റിയത്. സംഘപരിവാര്‍ രാജ്യത്തിന്റെ ആത്മാവില്‍ വിഷം കലര്‍ത്തിയിരിക്കുന്നു എന്നാണ് തന്നെ ക്ഷണിച്ചുകൊണ്ടുവന്നവരെ പ്രീതിപ്പെടുത്താന്‍ തുഷാര്‍ ഗാന്ധി പ്രസംഗിച്ചത്. ഒരു നൂറ്റാണ്ടു കാലമായി ഭാരതത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംഘടനയാണ് ആര്‍എസ്എസ്. രാഷ്‌ട്രത്തിന്റെ താല്‍പര്യത്തിന് പരമ പ്രാധാന്യം കൊടുക്കുകയും, ശത്രു രാജ്യങ്ങള്‍ക്കെതിരെ ഭാരതം യുദ്ധം ചെയ്തപ്പോഴും, ചുഴലിക്കാറ്റും പ്രളയവും ഭൂചലനവും ട്രെയിന്‍ അപകടങ്ങളും വിമാന അപകടങ്ങളും മറ്റും സംഭവിച്ചപ്പോഴും സേവനത്തിന്റെ മഹാ മാതൃക കാഴ്ചവച്ച് സമൂഹത്തിന്റെ മുഴുവന്‍ പ്രശംസയും നേടിയെടുത്ത ലോകത്തെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണ് ആര്‍എസ്എസ്. ആധുനിക ഭാരതത്തിന് ദിശാബോധം നല്‍കുകയും, മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെടുകയും, പത്തു വര്‍ഷത്തിലേറെയായി രാജ്യം ഭരിക്കുകയും ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ പാര്‍ട്ടിയാണ് ബിജെപി. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ തുഷാര്‍ ഗാന്ധിയുടെ അഭിപ്രായം അടിസ്ഥാന രഹിതമാണെന്ന് തെളിയുന്നു. കേരളത്തിന്റെ മണ്ണിലും ദേശസ്‌നേഹത്തിന്റെയും സേവനത്തിന്റെയും ഉദാത്ത മാതൃകകള്‍ ആര്‍എസ്എസ് കാഴ്ചവച്ചിട്ടുണ്ട്. തനിക്ക് കയ്യടി കിട്ടുന്നുണ്ടെന്നും, മാധ്യമശ്രദ്ധ നേടുന്നുണ്ടെന്നും മനസ്സിലായതു കൊണ്ടാവാം ആലുവയിലും സമാനമായ അഭിപ്രായങ്ങള്‍ തുഷാര്‍ ഗാന്ധി പ്രകടിപ്പിക്കുകയുണ്ടായി.
പി. ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദനം ചെയ്യാനാണല്ലോ തുഷാര്‍ ഗാന്ധി എത്തിയത്. ആര്‍എസ്എസിനെയും ബിജെപിയെയും അടുത്തറിയാന്‍ കഴിഞ്ഞിരുന്നയാളാണ് ഗാന്ധിയനായ ഗോപിനാഥന്‍ നായര്‍. പല ഘട്ടങ്ങളിലും ഈ പ്രസ്ഥാനങ്ങളുമായി സഹകരിക്കാന്‍ തയ്യാറായിട്ടുമുണ്ട്. ഇസ്ലാമിക തീവ്രവാദികള്‍ മാറാട് കൂട്ടക്കൊല നടത്തിയതിനെ തുടര്‍ന്ന് പ്രക്ഷുബ്ധമായ അന്തരീക്ഷം സമാധാനപൂര്‍ണമാക്കാന്‍ ആര്‍എസ്എസുമായും ബിജെപിയുമായും മറ്റ് ദേശീയ പ്രസ്ഥാനങ്ങളുമായും സഹകരിച്ചയാളാണ് ഗോപിനാഥന്‍ നായരെന്ന് എല്ലാവര്‍ക്കും അറിയാം. തുഷാര്‍ ഗാന്ധിക്ക് ഈ ചരിത്രമൊന്നും അറിയണമെന്നില്ല. ഇങ്ങനെ ഒരാളുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് ക്ഷണം ഉണ്ടായിരുന്നു. അവര്‍ പങ്കെടുക്കുകയും ചെയ്തു. ഇതേ പരിപാടിയിലാണ് സംഘപരിവാര്‍ രാജ്യത്തിന്റെ ആത്മാവില്‍ വിഷം കലര്‍ത്തിയിരിക്കുകയാണെന്നും മറ്റും തുഷാര്‍ ഗാന്ധി വിദ്വേഷ പ്രസംഗം നടത്തിയത്. ഇതിനെതിരെ പ്രതിഷേധിക്കാനുള്ള ജനാധിപത്യപരമായ അവകാശം ഉപയോഗിക്കുക മാത്രമാണ് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ ചെയ്തത്. ഇത് അവരുടെ അവകാശവുമാണ്. ഇതിനെതിരെ കോലാഹലം ഉണ്ടാക്കുന്നവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷ്‌ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവരാണ്. അത് വിലപ്പോവില്ല. പ്രതിഷേധിക്കാനുള്ള അവകാശം തങ്ങള്‍ക്ക് മാത്രമാണുള്ളതെന്ന് ആര്‍എസ്എസ്- ബിജെപി വിരുദ്ധര്‍ കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റി. ഇപ്പോള്‍ തുഷാര്‍ ഗാന്ധിയെ എഴുന്നള്ളിച്ചുകൊണ്ടു നടക്കുന്നവര്‍ ഈ രാജ്യത്ത് അടിയന്തരാവസ്ഥയുടെ രൂപത്തില്‍ സ്വേച്ഛാധിപത്യം അടിച്ചേല്‍പ്പിച്ചപ്പോള്‍ അതിനെതിരെ പോരാടി വിജയം വരിച്ചവരാണ് ആര്‍എസ്എസ്. അങ്ങനെയുള്ള പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒരു തുഷാര്‍ ഗാന്ധിക്കെതിരെ പ്രതിഷേധിക്കില്ലെന്ന് കരുതുന്നവരുടെ കഥയില്ലായ്മയില്‍ സഹതപിക്കുകയേ നിവൃത്തിയുള്ളൂ.
മഹാത്മാഗാന്ധിയുടെ ചെറുമകന്‍ എന്ന ലേബലാണ് തുഷാര്‍ ഗാന്ധി വിറ്റഴിക്കാന്‍ നോക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആരാണ് ഈ അഭിനവ ഗാന്ധി എന്ന് അറിയുന്നവര്‍ക്ക് തുഷാറിന്റെ അഭിപ്രായ പ്രകടനങ്ങളില്‍ യാതൊരു അത്ഭുതവും തോന്നില്ല. വിഘടന വാദികള്‍, അര്‍ബന്‍ നക്‌സലുകള്‍, മാവോയിസ്റ്റുകള്‍, ഇസ്ലാമിക ഭീകരവാദികള്‍, ജോര്‍ജ് സോറോസിനെ പോലുള്ളവരെ പ്രതിനിധീകരിക്കുന്ന രാജ്യാന്തര ശക്തികള്‍ എന്നിവരുമായി കൈകോര്‍ക്കാന്‍ മടിക്കാത്തയാളാണ് തുഷാര്‍ ഗാന്ധി. ഇവരുടെ കയ്യിലെ കളിപ്പാവയായി മാറുന്നയാള്‍ ആര്‍എസ്എസിനെയും ബിജെപിയെയും കുറ്റപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്ന് കാര്യവിവരമുള്ളവര്‍ക്ക് മനസ്സിലാവും. ഗാന്ധിജിയുടെ ചെറുമകനാണ് എന്നതുകൊണ്ടുമാത്രം ഒരാള്‍ മഹാനാകുന്നില്ല. അപഥസഞ്ചാരിയായ സ്വന്തം മകനെ പോലും തള്ളിപ്പറഞ്ഞയാളാണ് ഗാന്ധിജി. അങ്ങനെയുള്ള ഒരാള്‍ പണത്തിനും പ്രശസ്തിക്കും വേണ്ടി രാജ്യവിരുദ്ധര്‍ക്കൊപ്പം നിലകൊള്ളുന്നവരെ ഉള്‍ക്കൊള്ളില്ലല്ലോ. ഗാന്ധിജി ജീവിച്ചിരുന്നെങ്കില്‍ തുഷാറിനെ തള്ളിപ്പറയുന്ന ആദ്യത്തെ ആളായിരിക്കും. ആര്‍എസ്എസിനും ബിജെപിക്കും തുഷാര്‍ ഗാന്ധിയെ പോലുള്ളവരുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ജനഹൃദയങ്ങളില്‍ ജീവിക്കുന്ന ഈ പ്രസ്ഥാനങ്ങള്‍ ആരുടെയെങ്കിലും വിഷലിപ്തമായ വാക്കുകളില്‍ തളരില്ല. തുഷാര്‍ ഗാന്ധിയും, ഈ മനുഷ്യനെ എഴുന്നള്ളിച്ചു കൊണ്ടു നടക്കുന്നവരും ഇക്കാര്യം മനസ്സിലാക്കിയാല്‍ അവര്‍ക്കു കൊള്ളാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക