ജന്മഭൂമി കഴിഞ്ഞ ദിവസം നല്കിയ റിപ്പോര്‍ട്ട്
കോഴിക്കോട്: വയനാട് കേന്ദ്രീകരിച്ച് നടപ്പാക്കുന്ന ചന്ദനത്തോപ്പ് പദ്ധതിയെപ്പറ്റി കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. വയനാട്ടില്‍ 1500 ഏക്കര്‍ ഭൂമിയില്‍ ചന്ദനത്തൈ നട്ട് അഞ്ച് സെന്റ് പ്ലോട്ടുകളായി തിരിച്ച് ഗുണഭോക്താക്കള്‍ക്ക് ചന്ദനത്തോപ്പ് സമ്മാനിക്കുന്നതാണ് പദ്ധതി. 28,000 പ്ലോട്ടുകളിലൂടെ 28,000 കോടീശ്വരന്മാരെ സംസ്ഥാനത്ത് സൃഷ്ടിക്കുമെന്ന് വാഗ്ദാനം നല്കിയാണ് ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. വയനാട് പുല്‍പ്പള്ളി പാടിച്ചിറയില്‍ ഏതാനും ഏക്കര്‍ സ്ഥലം ഇതിനായി ഒരുക്കിയിട്ടുണ്ട്. ചന്ദത്തോപ്പ് പദ്ധതിയെക്കുറിച്ച് ജന്മഭൂമി കഴിഞ്ഞ ദിവസം നല്കിയ വാര്‍ത്തയെ തുടര്‍ന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണം.
പദ്ധതിയുടെ വിശ്വാസ്യതയ്‌ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, നടന്‍ മമ്മൂട്ടി, ജോണ്‍ ബ്രിട്ടാസ് എംപി എന്നിവരുടെ വീഡിയോ ക്ലിപ്പുകള്‍ പ്രൊജക്ടറില്‍ പ്രദര്‍ശിപ്പിച്ചാണ് യോഗത്തില്‍ ഗുണഭോക്താക്കളെ ആകര്‍ഷിക്കുന്നത്. കൂടാതെ മറയൂര്‍ ചന്ദനത്തോട്ടം, മൂപ്പെത്തിയ ചന്ദന മരങ്ങള്‍ എന്നിവയും ആധികാരികമെന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയിലാണ് പദ്ധതി നടപ്പാക്കുന്നത് എന്ന രീതിയിലാണ് പ്രചാരണം. ഈ സാഹചര്യത്തിലാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നത്. നേരത്തെ തന്നെ പദ്ധതി സ്‌പെഷല്‍ ബ്രാഞ്ചിന്റെ നിരീക്ഷണത്തിലുണ്ടായിരുന്നു. ചന്ദനത്തോപ്പ് പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കും. ഭൂമി സ്വന്തമാക്കാന്‍ തവണകളായി പണം നേരിട്ട് സ്വീകരിക്കുന്നത് സംശയാസ്പദമാണ്. പണം മറ്റെന്തെങ്കിലും രീതിയില്‍ ഉപയോഗിക്കുന്നുണ്ടോയെന്ന കാര്യവും അന്വേഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക