Kerala

പോലീസ് ഉദ്യോഗസ്ഥരുടെ ബന്ധങ്ങളിൽ ശ്രദ്ധവേണം ; ലഹരി മാഫിയ നാടിനെ പിടികൂടാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി

മുൻകാലങ്ങളിൽ എസ്ഐ ആയാൽ ആളുകളോട് അധികാരം കാണിക്കുന്നവർ ഉണ്ടായിരുന്നു. അധികാരത്തിൻ്റെ ശേഷി കാണിക്കലോ സാധാരണക്കാരെ ഉപദ്രവിക്കലോ അല്ല പോലീസിൻ്റെ കടമ. സേവനമാണ് പ്രധാനമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

Published by

തൃശൂർ : പോലീസ് ഉദ്യോഗസ്ഥരുടെ ബന്ധങ്ങളിൽ ശ്രദ്ധവേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂരിൽ നടന്ന സബ് ഇന്‍സ്‌പെക്ടര്‍ കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില സേനാംഗങ്ങൾ അത്യപൂർവമായി തെറ്റായ രീതിയിൽ പെരുമാറുന്നുവെന്നും അനാശാസ്യ വ്യക്തികളുമായി ബന്ധം സ്ഥാപിക്കാൻ ഇടവരരുതെന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. സമൂഹത്തിൽ ക്രിമിനൽ സ്വഭാവമുള്ളവരുമായി ചങ്ങാത്തം കൂടലോ അത്തരത്തിലുള്ളവരുമായി ബന്ധമുണ്ടെന്ന് പ്രതീതി സൃഷ്ടിക്കലോ പോലീസ് സേനക്ക് ചേർന്നതല്ല.

അനാശാസ്യ വ്യക്തികളുമായി ബന്ധം സ്ഥാപിക്കാൻ ഇടവരരുത്. മുൻകാലങ്ങളിൽ എസ്ഐ ആയാൽ ആളുകളോട് അധികാരം കാണിക്കുന്നവർ ഉണ്ടായിരുന്നു. അധികാരത്തിന്റെ ശേഷി കാണിക്കലോ സാധാരണക്കാരെ ഉപദ്രവിക്കലോ അല്ല പോലീസിന്റെ കടമ. സേവനമാണ് പ്രധാനമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സേനയ്‌ക്ക് കോട്ടമുണ്ടാക്കില്ലെന്ന ധാരണ നിങ്ങൾക്കുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇതിനു പുറമെ ലഹരി മാഫിയ നാടിനെ പിടികൂടാൻ ശ്രമിക്കുന്നുവെന്നും സിന്തറ്റിക് ലഹരികൾ മനുഷ്യനെ മനുഷ്യനല്ലാതാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിൽനിന്നും ആളുകളെ മുക്തരാക്കേണ്ടത് അനിവാര്യമാണ്. ലഹരിക്കടിപ്പെട്ടവരെ തിരികെ കൊണ്ടുവരികയാണ് ലക്ഷ്യമാകേണ്ടത്. എക്സൈസും പോലീസും ലഹരിക്കെതിരെ നല്ല നിലയിൽ പ്രവർത്തിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക