കൊട്ടാരക്കര: സാംസ്‌കാരിക ഭാരതത്തെ ബാലികാബാലന്മാരിലൂടെ ഉണര്‍ത്തി കേരളത്തിന് സമ്മാനിച്ച ബാലഗോകുലത്തിന് രൂപവും ഭാവവും നല്‍കിയ മറവുതോട്ടത്തില്‍ അയ്യപ്പന്‍ കൃഷ്ണന്‍ എന്ന എം.എ. കൃഷ്ണനെ (എംഎ സാര്‍) കാണാനും അനുഗ്രഹം തേടാനുമായി ബാലഗോകുലാംഗങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി.
എറണാകുളത്ത് ആര്‍എസ്എസ് പ്രാന്തകാര്യാലയത്തില്‍ വിശ്രമജീവിതം നയിക്കുന്ന എംഎ സാര്‍ കഴിഞ്ഞ ദിവസമാണ് ജന്മനാടായ കൊല്ലം ഐവര്‍കാല പുത്തനമ്പലത്തിലെ വസതിയില്‍ രണ്ട് ദിവസത്തേക്ക് എത്തിയത്. എംഎ സാര്‍ വന്നത് അറിഞ്ഞ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ മകന്‍ രാധാകൃഷ്ണന്റെ വീടായ വള്ളിവിളയിലേക്ക് എത്തി. ബന്ധുക്കളും അയല്‍പക്കക്കാരും നാട്ടിലെ ബാലഗോകുലം പ്രവര്‍ത്തകരും ആര്‍എസ്എസ് പ്രവര്‍ത്തകരുമൊക്കെ എംഎ സാറിന്റെ ആശീര്‍വാദവും അനുഗ്രഹവും ഏറ്റുവാങ്ങാനെത്തിയിരുന്നു.
96-ാമത്തെ വയസിലും ബാലഗോകുലത്തിന്റെ വ്യാപനത്തെക്കുറിച്ച് പഴയ ഗോകുലം പ്രവര്‍ത്തകന്റെ ഊര്‍ജ്ജസ്വലതയോടെ അദ്ദേഹം സംസാരിച്ചു. നമ്മുടെ സംസ്‌കാരപൈതൃകത്തിന് വേണ്ടി ബാലികാബാലന്മാര്‍ ഒരുമിച്ചുകൂടി ശക്തരായി മാറുന്നത് നാടിന് ഐശ്വര്യമാണെന്ന് എം.എ സാര്‍ പറഞ്ഞു. ബാലഗോകുലം വഴി ഈ പ്രവര്‍ത്തനമാണ് ചെയ്തുവരുന്നത്. ഇവര്‍ക്കൊപ്പം നാട്ടുകാര്‍ കൂട്ടുകാരായി മാറുമ്പോള്‍ ഉണ്ടാകുന്നത് മനുഷ്യശക്തിയാണ്. അതാണ് ഭഗവാന്‍ കൃഷ്ണന്‍ നമ്മളോട് പറഞ്ഞു തരുന്നത്.
കുരുന്നുകളോടൊപ്പം കഥകള്‍ പറഞ്ഞും പാട്ടുപാടിയും മധുരം പങ്കുവച്ചും അദ്ദേഹം അവരില്‍ ഒരാളായി മാറി. പുത്തനമ്പലം എന്‍എസ്എസ് കരയോഗം പ്രസിഡന്റ് സുരേഷ്, കുന്നത്തൂര്‍ പഞ്ചായത്ത് അംഗം അനീഷ്യ തുടങ്ങിയവര്‍ എംഎ സാറിന് ആദരവ് നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: