വര്‍ഷങ്ങളോളം സംഘപ്രചാരകനായിരുന്ന കെ. മാധവനുണ്ണി അന്തരിച്ച വിവരം തൃശ്ശിവപേരൂരിലെ അനന്തന്‍ ഫോണില്‍ വിളിച്ചറിയിച്ചപ്പോഴാണറിഞ്ഞത്. അതുപോലെ ഒറ്റപ്പാലത്തിനടുത്ത് പാലപ്പുറത്തു ഉദയനന്റെ ദേഹവിയോഗ വിവരവും അറിഞ്ഞു. കേരളത്തിലെ സംഘപ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ ഒട്ടേറെ പങ്കാളിത്തമുള്ളവരായിരുന്നു ഇരുവരും. 1957 ല്‍ ഗുരുവായൂരില്‍ സംഘപ്രചാരകനായിരുന്നു അവസരത്തിലാണിവരെ പരിചയപ്പെടാന്‍ എനിക്കവസരമുണ്ടായത്. മാധവനുണ്ണിയോടായിരുന്നു കൂടുതല്‍ അടുക്കാന്‍ സാധിച്ചത്.
എന്റെ ഗുരുവായൂര്‍ക്കാലത്തു ആദ്യം പരമേശ്വര്‍ജിയുടെയും പിന്നീട് ഹരിയേട്ടന്റെയും മാര്‍ഗദര്‍ശനത്തിലാണ് സംഘത്തെപ്പറ്റി ആഴത്തില്‍ അറിയാന്‍ അവസരമുണ്ടായത്. നേരത്തെ മലബാറിന്റെ ഭാഗമായിരുന്നതിനാല്‍ ഗുരുവായൂര്‍ ചാവക്കാട്ടു ഭാഗങ്ങളിലെ സംഘപ്രവര്‍ത്തനത്തിനു കോഴിക്കോടുമായിട്ടായിരുന്നു ബന്ധം. കേരള സംസ്ഥാന രൂപീകരണത്തോടെ ഗുരുവായൂര്‍ ഉള്‍പ്പെട്ട ചാവക്കാട് താലൂക്ക് തൃശ്ശിവപേരൂരിനോടു ചേര്‍ക്കപ്പെട്ടു-അതിനാല്‍ എനിക്കു അടിയ്‌ക്കടി അവിടെ പോകേണ്ടി വന്നു. ക്രമേണ അവിടെത്തെ സ്വയംസേവകരുമായി അടുപ്പം വന്നു. അതിനിടയിലാണ് മാധവനുണ്ണിയുമായി പരിചയമായത്.
പെരുമാറ്റത്തിലും സംസാരത്തിലുമൊക്കെ വ്യത്യസ്തത പുലര്‍ത്തിയ കുട്ടിയായിരുന്നു ഉണ്ണി. ഹരിയേട്ടന്റെ കൂടെ അവരുടെ വസതിയിലും പോയി. അച്ഛന്‍ അഡ്വ.കെ.കെ. ഉണ്ണിയും അമ്മയും ചിരപരിചിതരെപ്പോലെയാണു പെരുമാറിയത്. അവരുടെ വീടിന്റെ തൊട്ടുമുന്നില്‍ റോഡിന്റെ എതിര്‍വശത്തു പുത്തേഴത്ത് രാമന്‍ മേനോന്‍ താമസിച്ചിരുന്നു. ഒരിക്കല്‍ പരമേശ്വര്‍ജിയോടൊപ്പവും പിന്നൊരിക്കല്‍ ഹരിയേട്ടനൊപ്പവും ആ വീട്ടിലും പോകാന്‍ സാധിച്ചു. പുത്തേഴന്റെ ലേഖനങ്ങള്‍ നേരത്തെ തന്നെ വായിച്ചിരുന്നു. അദ്ദേഹം കൊച്ചി രാജ്യത്തെ ചീഫ് കോടതിയിലെ പ്രധാന ന്യായാധിപനായിരുന്നു. മാധവനുണ്ണിയുടെയും പുത്തേഴന്റെയും പരിചയത്തില്‍നിന്ന് മനസ്സിലായ ഒരു പ്രധാന കാര്യം കൊച്ചി രാജ്യത്ത് എത്ര വലിയ ആളെയും സര്‍ എന്നല്ല പേര്‍ മാത്രം പറഞ്ഞ് വിളിക്കാമെന്നാണ്. സംസ്ഥാന പുനസ്സംഘടനയോടെ തിരുവിതാംകൂറില്‍നിന്നാണ് കൊച്ചി-മലബാര്‍ മേഖലയിലേക്കു സംക്രമിച്ചതാണ് സാര്‍ വിളി. കൊച്ചിയില്‍ ബഹുമാനം ഒട്ടും കുറയാതെ മിസ്റ്റര്‍ ചേര്‍ത്തു വിളിച്ചാല്‍ നന്നാവും എന്നു മാത്രം.
ഉണ്ണി വിദ്യാഭ്യാസം കഴിഞ്ഞു പ്രചാരകനായി. അതദ്ദേഹത്തിന്റെ എത്രയും പുഷ്‌കലമായ ജീവിതഘട്ടമായി ഞാന്‍ കരുതുന്നു. ഉത്തരകേരളത്തില്‍ നിന്ന് ഞാന്‍ കോട്ടയത്തെത്തിയപ്പോള്‍ അവിടെ നഗരപ്രചാരകന്‍ മാധവനുണ്ണിയായിരുന്നു. എപ്പോഴും ഒരു സംഘം കിശോരന്മാര്‍ ഉണ്ണിയോടൊപ്പം ഉണ്ടാവും. വളരെ വേഗത്തില്‍ അവരുടെ ഭാവനകളെ കൈയിലൊതുക്കുവാന്‍ ഉണ്ണിക്കു സാധിച്ചു. കോട്ടയത്തെ അഭിഭാഷകരുടെ നേതൃസ്ഥാനത്ത് എന്‍. ഗോവിന്ദ മേനോനായിരുന്നു. പില്‍ക്കാലത്ത് അദ്ദേഹം പ്രാന്തസംഘചാലകനായി. ഉണ്ണിയുടെ അച്ഛനുമായി നല്ല അടുപ്പമായിരുന്നതിനാല്‍ മേനോന്‍ സാറിന്റെ വീട്ടിലെ മുഴുവന്‍ അംഗങ്ങളുമായി സ്വതസിദ്ധമായി യോജിച്ചു. മേനോന്‍ സാറിന്റെ വീട്ടില്‍ ആര്‍ക്കും ഏതു സമയത്തും കയറി ചെല്ലാമായിരുന്നു. ഗേറ്റ് കുറ്റിയിടുമായിരുന്നില്ല, നായയെ വളര്‍ത്തിയുമില്ല. പൂട്ടാത്ത ഒരു മുറി ഏതു സമയത്തുമെത്തുന്ന അതിഥിക്കു താമസിക്കാമായിരുന്നു. ക്ഷണിക്കപ്പെടാതെയും തിഥി നോക്കാതെയും വരുന്ന ആളാണ് അതിഥി എന്നായിരുന്നു മേനോന്‍ സാറിന്റെ ന്യായം.
കോട്ടയം പട്ടണത്തിന്റെയും പരിസരത്തെയും ധാരാളം ചെറുപ്പക്കാരെ സംഘവുമായി അടുപ്പിക്കുന്നതിനാല്‍ ഉണ്ണി തികച്ചും വിജയിച്ചു. ഭാസ്‌കര്‍ജി എന്ന ജില്ലാ പ്രചാരകന്‍ അദ്ദേഹത്തിനു അക്കാര്യത്തില്‍ ഉറച്ച താങ്ങായി. മട്ടാഞ്ചേരിക്കാരായ ദിവാകര്‍ മല്ലയ്യ, ദാമോദര്‍ മല്ലയ്യ എന്ന സഹോദരന്മാര്‍ക്കു യാദൃച്ഛികമായി കോട്ടയത്തേക്കു മാറ്റം വന്നു. അവര്‍ കോടിമതയിലെ ഒരു വീട് വാടകയ്‌ക്കെടുത്തു താമസമായി. തിരുനക്കരയിലെ കാര്യാലയം ഒഴിയേണ്ടിവന്നപ്പോള്‍ അത് തല്‍ക്കാല കാര്യാലയമാക്കി. കോട്ടയത്തെ കോളജ് വിദ്യാര്‍ത്ഥികളുമായി മാധവനുണ്ണി സൃഷ്ടിച്ച സമ്പര്‍ക്കവും, സൗഹാര്‍ദ്ദവും അതിവിപുലവും ആഴമേറിയതുമായിരുന്നു. അക്കൂട്ടത്തില്‍ കുമ്മനം രാജശേഖരനും, ഏറ്റുമാനൂര്‍ രാധാകൃഷ്ണനും പെടുന്നു. മാധവനുണ്ണിയോടൊപ്പം ഇവരുടെ വീടുകളില്‍ പോകാന്‍ എനിക്കുമവസരം ലഭിച്ചിട്ടുണ്ട്.
കേരളത്തില്‍ മാത്രമല്ല പുറമേയും പന്തല്‍ പണിയില്‍ അതിപ്രസിദ്ധനായിരുന്ന ശിവരാമന്‍ നായരുടെ മക്കളെ സ്വയംസേവകരായി സംസ്‌കരിച്ചെടുത്തതിലും ഉണ്ണിയുടെ പങ്ക് നിര്‍ണായകമായിരുന്നു. ചങ്ങനാശ്ശേരി, കൊല്ലം, ശിവഗിരി തുടങ്ങിയ സ്ഥലങ്ങളിലെ ഹൈന്ദവ മഹാസമ്മേളനങ്ങളിലെ വലിയ ആകര്‍ഷണം അലങ്കാരപ്പന്തലുകളായിരുന്നു. എറണാകുളത്ത് ചേര്‍ന്ന വിശാല ഹിന്ദു സമ്മേളനത്തിന്റെ വേദി ഒരു ദൃശ്യവിസ്മയമായിരുന്നല്ലോ. എളമക്കര പ്രാന്തകാര്യാലയത്തിലെ വീരശിവാജിയുടെ ജീവന്‍ തുടിക്കുന്ന ചിത്രം ശിവരാമന്‍ നായരുടെ മകന്‍ വരച്ചതാണ്.
സംഘചുമതലയില്‍നിന്ന് ജനസംഘത്തിലേക്കു നിയോഗിക്കപ്പെട്ടശേഷം ഞങ്ങള്‍ക്കിടയില്‍ അടുപ്പം കുറഞ്ഞുവന്നു. പിന്നീട് കാണാനുള്ള അവസരങ്ങള്‍ കുറവായി. ഉണ്ണി നിയമപഠനത്തിനായി ഉത്തരഭാരതത്തില്‍ പോയി. മടങ്ങിവന്ന് അച്ഛന്റെ അഭിഭാഷക വൃത്തിയില്‍ സഹായിയായി. ഞങ്ങള്‍ക്കു സമ്പര്‍ക്കാവസരങ്ങള്‍ വിരളമായി. ജന്മഭൂമിയുടെ അടിയന്തരാവസ്ഥയ്‌ക്കുശേഷമുള്ള പുനര്‍ജന്മത്തിനു മുമ്പ് ഷെയര്‍ ചേര്‍ക്കാന്‍ ചെന്നപ്പോള്‍ അച്ഛന്‍ കെ.കെ. ഉണ്ണിയാണ് തൃശ്ശിവപേരൂരില്‍ ആദ്യമെടുത്തയാള്‍. ആ ഗണപതിക്കൈ ഐശ്വര്യമുള്ളതായി. ഇന്ന് ജന്മഭൂമിക്കു അവിടെ ഒരു എഡിഷന്‍ തന്നെയുണ്ടല്ലൊ.
കേസരി വാരികയുടെ ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റിലെ ട്രസ്റ്റിമാരില്‍ ഒരാളായി ഉണ്ണി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നുവെന്നാണോര്‍മ. ഒരിക്കല്‍ ഞങ്ങളൊരുമിച്ച് കോഴിക്കോട്ടേക്ക് ട്രെയിനില്‍ പോയപ്പോള്‍ അദ്ദേഹം പറഞ്ഞറിഞ്ഞതാണത്. വര്‍ഷങ്ങള്‍ക്കു മുമ്പ് നിലമ്പൂരില്‍ ടി.എന്‍. ഭരതേട്ടന്റെ അന്തിമദര്‍ശനത്തിനുപോയി മടങ്ങിയതു ഹരിയേട്ടന്റെയും മറ്റുമൊപ്പമായിരുന്നു. ആ വഴിയില്‍ ഉണ്ണിയുടെ തൃശ്ശിവപേരൂരിലെ വസതിയില്‍ കയറിയിരുന്നു. പ്രായത്തില്‍ കവിഞ്ഞ അവശത അന്നദ്ദേഹത്തിനുള്ളതുപോലെ തോന്നിച്ചു.
ഉണ്ണി കോട്ടയത്ത് പ്രചാരകനായിരുന്നപ്പോള്‍ പാകിസ്ഥാനുമായി യുദ്ധമുണ്ടായി. അയൂബ് ഖാനായിരുന്നു പാക് പട്ടാള ഭരണമേധാവി. സിവില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നാട്ടില്‍ എന്തു ചെയ്യണമെന്ന് ആലോചിക്കാന്‍ കോട്ടയം കളക്ടര്‍ ഒരുയോഗം വിളിച്ചു. സംഘത്തെ പ്രതിനിധീകരിച്ച് മാധവനുണ്ണി പങ്കെടുത്തു. സിവില്‍ ഡിഫന്‍സിനു പരിശീലനം നല്‍കാന്‍ യുവാക്കളെ നല്‍കിയത് സംഘം മാത്രമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സഹകരിക്കുമെന്നു പറഞ്ഞുവെങ്കിലും അവര്‍ക്കതിനു കഴിഞ്ഞില്ല. 20 സ്വയംസേവകരെ ഉണ്ണി ഹാജരാക്കി. ശാഖയിലെ പരിശീലനം അവര്‍ക്ക് ആ കൃത്യം എളുപ്പമാക്കി. പ്രഥമ ശുശ്രൂഷയായിരുന്നു മുഖ്യം. ദേശഭക്തി ഗാനാലാപനം സഞ്ചലന ഗീതം മുതലായവയും ഉണ്ടായിരുന്നു. ദേശഭക്തിഗാനങ്ങള്‍ ആകാശവാണി ചെറുപുസ്തകമായി പ്രസിദ്ധീകരിച്ചിരുന്നു. അവയുടെ കാസറ്റ് ഉണ്ടായിരുന്നെങ്കിലും മാധവന്‍ ഉണ്ണി പാടിയതാണ് കൂടുതല്‍ ഉചിതവും ആവേശകരവുമായി കളക്ടര്‍ക്കു അനുഭവപ്പെട്ടത്.
പിന്നീട് ഹരിയേട്ടന്റെ വരവും സമയത്തു അവ സംഘത്തില്‍ ഉപയോഗിക്കാന്‍ത്തക്കവിധം ചിട്ടപ്പെടുത്തി. അവ ഗാനാഞ്ജലിയില്‍ ചേര്‍ക്കാന്‍ ഒഎന്‍വിയുടെ അനുമതിയും തലസ്ഥാനത്തെ ആ സ്വയംസേവരെക്കൊണ്ടു സമ്പാദിപ്പിച്ചു. രേഖാമൂലം അനുമതി നേടിയാണ് അവ സംഘശിക്ഷാവര്‍ഗില്‍ പാടിത്തുടങ്ങിയത്.
നമ്മെ വിളിപ്പൂ…എന്നാരംഭിക്കുന്ന ഗീതത്തിലെ ”ഇവിടെച്ചതിയുടെ കാഞ്ചിവലിക്കും ചീനപ്പടയുടെ നേരേ എന്ന ഭാഗത്തു ശത്രുപ്പടയുടെ” എന്നും, ”കറുപ്പുതിന്നു മയങ്ങിയ മഞ്ഞക്കാടത്തത്തില്‍ നേരേ” എന്ന സ്ഥാനത്ത് ”മോഹമദത്തില്‍ മങ്ങിമയങ്ങിയ കാടത്തത്തിന്‍ നേരേ” എന്നും തിരുത്താനും ഒഎന്‍വിയുടെ അനുമതി തേടിയിരുന്നു.
പാലപ്പുറത്തെ ഉദയനനെ പരിചയമുണ്ടെന്നു മാത്രം. അടിയന്തരാവസ്ഥയില്‍ ഒരു പ്രചാരക് ബൈഠക്കിന് പോയപ്പോള്‍ ഒറ്റപ്പാലം സ്റ്റേഷനില്‍ വണ്ടിയിറങ്ങി പുഴയോരത്തു കൂടി നടന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നു. ശ്രീരാമകൃഷ്ണമിഷനുമായി ഉറ്റബന്ധമുള്ള തറവാടാണദ്ദേഹത്തിന്റെയെന്നറിയാം. മിഷന്റെ അധ്യക്ഷനായിരുന്ന ശ്രീമദ് ഈശ്വരാനന്ദ സ്വാമിജിയുടെ തറവാടാണത്രേ. ഉദയനന്റെ അച്ഛന്റെ സഹോദരനാണ് സ്വാമിജി എന്നും കേട്ടറിയാം. വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ശ്രീരാമകൃഷ്ണന് 5 കോടി രൂപയുടെ നിധി സമര്‍പ്പണം നടത്തിയിരുന്നു. അതിന്റെ ടിവി പ്രക്ഷേപണം കാണാന്‍ അവസരമുണ്ടായതു ഭാഗ്യമായി കരുതുന്നു. ഉദയനനെ ഉണ്ണിയെന്നാണ് അടുത്തവൃത്തങ്ങളില്‍ അറിഞ്ഞിരുന്നത് കല്ലേക്കാട്ട് വ്യാസവിദ്യാപീഠത്തിന്റെ മുഖ്യസ്ഥാനം ഭാസ്‌കര്‍ജി അദ്ദേഹത്തെ ഏല്‍പ്പിച്ചതായി കേട്ടിട്ടുണ്ട്.
കേരളത്തില്‍ ഹിന്ദുസമാജത്തിന്റെ ജാഗരണത്തിനായി തങ്ങളുടെതായ രീതിയില്‍ ജീവിതം ഉഴിഞ്ഞുവെച്ച രണ്ടു അവിസ്മരണീയ വ്യക്തിത്വങ്ങളായിരുന്നു മാധവനുണ്ണിയും ഉദയനനും. അവരുടെ ജീവിതങ്ങള്‍ തലമുറകള്‍ക്കു പ്രചോദനമാകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: