Varadyam

തലമുറകള്‍ക്ക് ഊര്‍ജം പകര്‍ന്ന ഉണ്ണ്യേട്ടന്‍

Published by

ടി. സതീശന്‍
(കൊച്ചി ജില്ല മുന്‍ ജില്ല സഹകാര്യവഹ്)
9388609488

സിവില്‍ സ്റ്റേഷന്‍ ഇരിക്കുന്ന അയ്യന്തോളിന് സമീപം തൃശ്ശൂര്‍ ടൗണിലെ, തൃക്കുമാരന്‍കുടം ക്ഷേത്തിന് സമീപമായിരുന്നു എന്റെ ബാല്യകാലത്ത് ഞങ്ങള്‍ താസിച്ചിരുന്നത്. കാലം 1961. എനിക്ക് പ്രായം കഷ്ട്ടിച്ചു ആറ് കഴിഞ്ഞതേയുള്ളൂ. ആ കാലത്ത് നാട്ടിലെ ചെറുപ്പക്കാര്‍ വൈകുന്നേരം ക്ഷേത്ര പരിസരത്ത് ഒത്തുകൂടാന്‍ പോകുന്നത് കാണാമായിരുന്നു. ”ആര്‍എസ്എസ് കളിയ്‌ക്കാന്‍” പോകുന്നു എന്നാണ് എല്ലാവരും പറഞ്ഞിരുന്നത്. ഇതെന്തു കളി എന്നു എനിക്ക് മാത്രമല്ല, അമ്മക്കും സഹോദരീ-സഹോദരന്മാര്‍ക്കും പിടികിട്ടിയില്ല. അച്ഛന് ജോലി അകലെ. വീട്ടില്‍ വരാന്‍ സാധിക്കുന്നത് മാസത്തില്‍ ഒരിക്കല്‍. അതുകൊണ്ട് അച്ഛനോട് ചോദിക്കാന്‍ നിവൃത്തിയില്ല.

താടിയും മുടിയും വളര്‍ത്തിയ ഒരു ആര്‍എസ്എസുകാരനാണ് കളിപ്പിക്കാന്‍ വരുന്നത് എന്ന് ഒരിക്കല്‍ കേട്ടു. ചേച്ചി ക്ഷേത്രത്തില്‍ പോയപ്പോള്‍ ”ആര്‍എസ്എസ് കളിക്കാര”നെ കണ്ടു. അദ്ദേഹം ‘ആര്‍എസ്എസ് കളിപ്പിക്കുക”യായിരുന്നു. അപ്പോഴാണ് അറിയുന്നത് അദ്ദേഹം ചേച്ചി പഠിക്കുന്ന കേരള വര്‍മ്മ കോളജിലെ വിദ്യാര്‍ത്ഥിയായ മാധവന്‍ ഉണ്ണി ആണെന്ന്. പിന്നീട് അച്ഛന്റെ അന്വേഷണത്തില്‍ നിന്നു മനസ്സിലായി ഈ ”ആര്‍എസ്സ്എസ്സ്‌കാരന്‍” തൃശ്ശൂരിലെ ഏറ്റവും പ്രഗത്ഭനായ അഭിഭാഷകന്‍ കെ.കെ. ഉണ്ണിയുടെ മകനാണെന്ന്. ദീക്ഷ വളര്‍ത്തിയ ആര്‍എസ്എസുകാരന്‍ വേറെ എവിടെയോ പോയി എന്നു ആയിടക്ക് കേട്ടു.

ആ കാലത്ത് മുഖ്യശിക്ഷകന്‍ എന്ന പദമൊന്നും ഞങ്ങള്‍ക്ക് അറിയില്ലല്ലോ. പകരം വന്നത് ഏ.എസ്. ഷണ്‍മുഖന്‍ എന്ന ”ആര്‍എസ്എസ്‌കാരന്‍”. അദ്ദേഹം എന്റെ വീട്ടില്‍ വന്നു. അമ്മയോട് സംസാരിച്ച് ജ്യേഷ്ഠനെ ”ആര്‍എസ്എസ്സില്‍ ചേര്‍ക്കാന്‍” കൊണ്ട് പോയി. അപ്പോഴാണ് അറിയുന്നതു ദീക്ഷക്കാരന്‍ പ്രചാരകായി പോയി എന്ന്. പ്രചാരക് എന്നാല്‍ എന്ത് എന്നൊക്കെ എട്ടാം ക്ലാസുകാരനും പുതിയ ആര്‍എസ്എസ് കാരനുമായ എന്റെ ജ്യേഷ്ഠനും അറിയും പോലെ പറഞ്ഞു തന്നു. സംഭവം 1962ല്‍.

രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഉണ്ണ്യേട്ടന്‍ ഒരിക്കല്‍ ഞങ്ങളുടെ വീട്ടില്‍ വരികയും ചെയ്തു. അദ്ദേഹം പ്രചാരക് ആയി പോയത് കോട്ടയം നഗരത്തിലേക്ക് ആണെന്ന് പിന്നീട് മനസ്സിലായി. അതിനുശേഷം അദ്ദേഹം കോട്ടയം ജില്ലാ പ്രചാരകനായും പ്രവര്‍ത്തിച്ചു. ആ കാലത്ത് വൈക്കം ഗോപകുമാറിനെ പോലുള്ളവരെ വളര്‍ത്തിയെടുക്കുന്നതില്‍ ഉണ്ണ്യേട്ടന്‍ നല്ല പങ്ക് വഹിച്ചു, പിന്നീട് അദ്ദേഹം കോഴിക്കോടു ജില്ലയിലും പ്രവര്‍ത്തിച്ചു.

ആ കാലത്ത് ഉണ്ണ്യേട്ടന്റെ ഇളയ സഹോദരനും പ്രൊഫഷണല്‍ കോളജ് വിദ്യാര്‍ഥിയുമായിരുന്ന ധീരന്‍ സംന്യാസം സ്വീകരിച്ചു വീട് വിട്ടിറങ്ങിയതും ഈ അവസരത്തില്‍ ഓര്‍ക്കുന്നു.

സംസ്ഥാനത്ത് പല പ്രദേശങ്ങളിലും പ്രചാരക് ആയി പ്രവര്‍ത്തിച്ച അദ്ദേഹം ഒരു നല്ല ഗായകനായിരുന്ന ഉണ്ണ്യേട്ടന്‍ പല ബൈഠക്കുകളിലും സംഘഗീതങ്ങള്‍ മധുരമായി പാടുമായിരുന്നു.

പൂജനീയ ഗുരുജിയുടെ തൃശ്ശൂര്‍ സന്ദര്‍ശന കാലത്ത് അദ്ദേഹം സ്ഥിരമായി താമസിച്ചിരുന്ന വീടുകളില്‍ ഒന്നായിരുന്നു കെ.കെ ഉണ്ണി വക്കീലിന്റേത്. നേരെ എതിര്‍വശത്തുള്ള പുത്തേഴത്തു രാമന്‍ മേനോന്റെ വീടായിരുന്നു മറ്റൊന്ന്. മേനോന്‍ തൃശ്ശൂര്‍ ജില്ല സംഘചാലക് ആയിരുന്നു.

1973 ല്‍ ഉണ്ണിയേട്ടനെ എറണാകുളം നഗരത്തിലേക്ക് നിയോഗിച്ചു. അന്ന് ടി.ഡി. റോഡില്‍ വാടകക്കെട്ടിടത്തില്‍ പ്രാന്തകാര്യാലയം പ്രവര്‍ത്തിച്ചിരുന്ന കാലമായിരുന്നു. പ്രത്യേകിച്ചു ചുമതലകള്‍ ഒന്നും പ്രഖ്യാപിച്ചില്ല. ഏത് ശാഖയിലും പോകാം, ആരെയും സമ്പര്‍ക്കം ചെയ്യാം. അന്ന് അദ്ദേഹത്തോടൊപ്പം നിരവധി വീടുകളില്‍ പോകാന്‍ അവസരം ലഭിച്ചു, സമ്പര്‍ക്കത്തിന്റെ മര്‍മ്മം മനസ്സിലാക്കാന്‍ സുവര്‍ണ്ണ അവസരങ്ങള്‍ ആയിരുന്നു അതെല്ലാം. 1970 മുതല്‍ ഞാന്‍ എറണാകുളത്തെ സംഘപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്.

1974 ല്‍ സംഘ വര്‍ഷത്തിന്റെ തുടക്കത്തില്‍ (അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനു ഒരു വര്‍ഷം മുന്‍പ്) അദ്ദേഹം 12 വര്‍ഷത്തെ പ്രചാരക ജീവിതത്തില്‍ നിന്നു പിരിഞ്ഞു. തുടര്‍ന്നു മധ്യപ്രദേശില്‍ നിയമപഠനത്തിന് ചേര്‍ന്നു. അവിടെയും സംഘ പ്രവര്‍ത്തത്തില്‍ സജീവ പങ്കാളിയായിരുന്നു. അതുകൊണ്ടു തന്നെ അടിയന്തിരവസ്ഥ കാലത്ത് അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടു. പഠനത്തിന് ശേഷം തൃശ്ശൂരില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചു.

അഭിഭാഷകവൃത്തിയോടൊപ്പം സംഘപ്രവര്‍ത്തനത്തിലും സജീവമായി. തൃശ്ശൂര്‍ ജില്ല കാര്യവാഹായും തൃശ്ശൂര്‍ ഉള്‍പ്പെട്ട എറണാകുളം വിഭാഗ് കാര്യവഹായും പ്രവര്‍ത്തിച്ചു. 1996 ഡിസംബര്‍ 2നു നടന്ന തൃശ്ശൂര്‍ ജില്ലയുടെ ”സംപൂര്‍ണ്ണ സമാഗമ”ത്തില്‍ സര്‍സംഘചാലക് സ്വര്‍ഗീയ പ്രൊഫ. രാജേന്ദ്ര സിങ് (രജ്ജു ഭൈയ്യ) പങ്കെടുത്ത മഹനീയ പരിപാടിയില്‍ (ജില്ലയില്‍ സംഘ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ അറുപതാം വാര്‍ഷികം) വ്യക്തിഗീതം ആലപിച്ചതു നല്ലൊരു ഗായികയായ ഉണ്ണ്യേട്ടന്റെ സഹധര്‍മ്മിണി നര്‍മ്മദചേച്ചിയായിരുന്നു. അവര്‍ പ്രസിദ്ധ സംഗീതജ്ഞന്‍ മണ്ണൂര്‍ രാജകുമാരന്‍ ഉണ്ണിയുടെ സഹോദരിയാണ്.

സംഘത്തിലെ നിരവധി തലമുറകള്‍ക്കു അനുഭവത്തിന്റെ ഊഷ്മാവും ഊര്‍ജവും പകര്‍ന്നു കൊണ്ട് പ്രചോദനം നല്‍കിയ ഉണ്ണ്യേട്ടന് ആദരാഞ്ജലികള്‍.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by